1990ലെ നോബൽ ജേതാവും മെക്സിക്കൻ കവിയും നയതന്ത്രജ്ഞനായ ഒക്റ്റാവിയോ പാസിന്റെ (Octavio Paz March 31, 1914 – April 19, 1998) ബിറ്റ്വീൻ ഗോയിങ് ആൻഡ് സ്റ്റേയിങ് (Between going and staying) എന്ന കവിതയുടെ മലയാളം പരിഭാഷ. ഒക്റ്റാവിയോ പാസ് 1962ൽ ഭാരതത്തിലേക്കുള്ള മെക്സിക്കൻ അംബാസഡ്ഡറായി നിയമിക്കപ്പെട്ടിരുന്നു.
2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിനായെഴുതുന്ന പത്താമത്തെ (10/30) പരിഭാഷ
ബിറ്റ്വീൻ ഗോയിങ് ആൻഡ് സ്റ്റേയിങ്
(വരവിന്റെയും പോക്കിന്റെയും ഇടയ്ക്കായിട്ട്)
—————
വരവിന്റെയും പോക്കിന്റെയും ഇടയ്ക്കായിട്ട്
അതിന്റെ തന്നെ പ്രസന്നതയോടുള്ള പ്രണയത്താൽ
ഒരു പകൽ ആടിയുലയുന്നു.
ഉരുണ്ടുകിടക്കുന്ന ഈ ഉച്ചതിരിഞ്ഞ സമയം
ഇപ്പോൾ ഒരുള്‍ക്കടല്‍ പോലെയാണ്,
അവിടെ ഈ ലോകം ഒരു സ്‌തബ്‌ധതയിൽ ചാഞ്ചാടുന്നു.
എല്ലാം വ്യക്തവുമാണ് പിടി കിട്ടാത്തതുമാണ്
എല്ലാം അടുത്തുമാണ് തൊടാൻ കഴിയാതെയുമാണ്.
പേപ്പർ, പുസ്തകം, പെൻസിൽ, ഗ്ളാസ്സ്,
എല്ലാം അതാതിന്റെ നിഴലിൽ വിശ്രമിക്കുന്നു.
സമയം ചെകിടത്തടിച്ചു കൊണ്ട്,
രക്തത്തിന്റെ മാറ്റമില്ലാത്തൊരക്ഷരം
ആവർത്തിച്ചു കൊണ്ടേയിരുന്നു.
വെളിച്ചം ഉദാസീനമായൊരു ചുമരിനെ
പ്രതിബിംബങ്ങളുടെ പ്രേതാത്മകമായൊരു അരങ്ങാക്കി മാറ്റുന്നു.
ഒരു കണ്ണിന്റെ ശൂന്യമായ തുറിച്ചുനോട്ടത്തിൽ
എന്നെ തന്നെ നോക്കിക്കൊണ്ട് അതിന്റെ നടുവിലായി
ഞാൻ സ്വയം കണ്ടെത്തപ്പെടുന്നു.
നിമിഷം ചിതറിപ്പോകുന്നു, അനക്കമില്ലാതെ,
ഞാൻ നിർത്തി നിർത്തി പോകുന്നു:
ഞാൻ താല്‍ക്കാലികമായൊരു വിരാമമാണ്
-ഒക്റ്റാവിയോ പാസ്-
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply