ഹങ്കേറിയൻ കവിയും അധ്യാപകനുമായിരുന്ന മിക്‌ളോസ് റാഡ്നോട്ടിന്റെ (Miklós Radnóti 5 May 1909 – November 1944) ഫോമി സ്കൈ (Foamy Sky) എന്ന കവിതയുടെ മലയാളം പരിഭാഷ. 1943ൽ മറ്റനേകം ഹങ്കേറിയൻ ജൂതരുടെ കൂടെ മിക്‌ളോസും തടങ്കലിലടക്കപ്പെട്ടു. Borഇൽ നിന്നും Pančevo-Glogonj വഴി Szentkirályszabadjaലേക്കുള്ള മനുഷ്യത്വമില്ലാത്ത നിര്‍ബന്ധിത മാർച്ചിനു ശേഷം ഒക്ടോബർ 31ന് റാഡ്നോട്ട് തന്റെ അവസാനത്തെ കവിതയെഴുതി. നവംബർ 1944ൽ മറ്റ് ഇരുപത് തടവുകാരുടെ കൂടെ മിക്‌ളോസ് റാഡ്നോട്ടിനെ വെടിവച്ച് കൊല്ലുകയായിരുന്നു. മരിക്കുന്പോൾ റാഡ്നോട്ടിന് വയസ്സ് 36.
2018ലെ ദേശീയ കവിതാ മാസമാഘോഷിക്കാനായി ഏഴാമത്തെ (7/30) പരിഭാഷ.
ഫോമി സ്കൈ
പത നിറഞ്ഞ ആകാശം
-മിക്‌ളോസ് റാഡ്നോട്ട്-
——————-
പത നിറഞ്ഞൊരാകാശത്തിൽ ചന്ദ്രൻ തൂങ്ങിയാടുന്നു
ഞാൻ ജീവിക്കുന്നു എന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു.
അത്യുത്സാഹിയായ മൃത്യു ആയുസ്സന്വേഷിച്ച് നടക്കുന്നു
അത് കണ്ടെത്തുന്നവരെല്ലാം വളരെ മ്ലാനമാണ്.
ചിലപ്പോൾ ചുറ്റും നോക്കി, കൊല്ലവർഷം ഒരാര്‍ത്തനാദം പുറപ്പെടുവിക്കും,
വീണ്ടും ചുറ്റും നോക്കി അത് മറഞ്ഞു പോകും.
ഏത് ശരത്‌കാലമാണിന്നെന്റെ പിന്നിൽ പതുങ്ങി കിടക്കുന്നത്,
ഏത് ഹേമന്തമാണ് വേദനകൊണ്ട് ശോഭയറ്റ് പോകുന്നത്.
വനങ്ങൾ ചോരയൊലിപ്പിക്കുന്നു, സമയം കറങ്ങുന്നേരം
ഓരോ മണിക്കൂറിൽ നിന്നും രക്തമൊഴുകുന്നു.
മഞ്ഞിന്റെ മേലെ കാറ്റ് വലുപ്പത്തിൽ ചില അക്കങ്ങൾ
കുത്തിവരക്കുന്നു.
ഞാൻ ഇങ്ങനെ പലതും കാണാനായി ജീവിച്ചു,
ഇന്നെനിക്ക് ശ്വാസം പോലും വളരെ ഭാരമായി തോന്നിത്തുടങ്ങി.
എന്റെ ജനനത്തിനു മുൻപെന്ന പോലെ ഒരു
യുദ്ധക്കരച്ചിൽ നിറഞ്ഞ നിശബ്ദദ എന്നെ പുണരുന്നു.
ഞാനിവിടെ ഒരു മരത്തിന്റെ കാൽക്കൽ നിൽക്കുന്നു,
അതിന്റെ ഉച്ചി കോപത്തോടെ ആടിയുലയുന്നു.
ഒരു കൊന്പ് താഴേക്ക് വരുന്നു — എന്റെ കഴുത്ത് ഞരിക്കാനെന്നപോലെ..
ഞാനൊരു ഭീരുവല്ല, ദുര്‍ബ്ബലനുമല്ല,
ക്ഷീണം മാത്രം. ഞാൻ ശ്രദ്ധിച്ച് കേൾക്കുന്നു. പേടിച്ചരണ്ടൊരു കൊന്പ്
എന്റെ തലമുടി സ്‌പര്‍ശിച്ചു പരിശോധിക്കുന്നു.
എല്ലാം മറക്കുക എന്നതായിരിക്കും ഉത്തമം, പക്ഷെ
ഞാനിതുവരെ ഒന്നും മറന്നിട്ടില്ലല്ലോ.
ചന്ദ്രനു ചുറ്റും പത മൂടുന്നു, വിഷം ചക്രവാളത്തിൽ
ഒരു കടും പച്ച വര വരക്കുന്നു.
ഞാൻ പതുക്കെ, ശ്രദ്ധയോടുകൂടി,
എനിക്കായി ഒരു സിഗരറ്റ് ചുരുട്ടുന്നു. ഞാൻ ജീവിക്കുന്നു.
-മിക്‌ളോസ് റാഡ്നോട്ടി-
(പരിഭാഷ മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply