എ റേഡിയോ വിത്ത് ഗട്ട്സ് – ചാൾസ് ബാക്കോവിസ്കി (2018 ദേശീയ കവിതാ മാസം 3/30)

ജർമ്മൻ അമേരിക്കൻ കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായ ചാൾസ് ബാക്കോവിസ്കിയുടെ (August 16, 1920 – March 9, 1994) എ റേഡിയോ വിത്ത് ഗട്ട്സ് (A Radio With Guts) എന്ന കവിതയുടെ മലയാളം തർജ്ജമ.

എ റേഡിയോ വിത്ത് ഗട്ട്സ്
(ഒരു ചങ്കൂറ്റമുള്ള റേഡിയോ)
———————————-
കോറൊണാഡോ സ്ട്രീറ്റിന്റെ രണ്ടാം നിലയിലായിരുന്നു അത്,
ഞാൻ കുടിച്ച് ലക്ക് കേടുമായിരുന്നു.
എന്നിട്ട് ജനാലയിലൂടെ റേഡിയോ വലിച്ചെറിയും,
റേഡിയോ പാടിക്കൊടിരിക്കുന്പോൾ തന്നെ.
അത് ജനാലയുടെ ചില്ലും പൊട്ടിച്ച്‌ പുറത്ത് പോകും,
എന്നിട്ട് മേല്‍ക്കൂരയിൽ ചെന്ന് വീണു കിടക്കും,
അപ്പോഴും പാടിക്കൊണ്ട്.
ഞാനെന്റെ പെണ്ണിനോട് പറയും
“ആഹാ! എത്ര അത്ഭുതകരമായ റേഡിയോ!”

അടുത്ത പ്രഭാതത്തിൽ ഞാൻ ജനാല അഴിച്ചെടുക്കും,
എന്നിട്ട് തെരുവും കടന്ന് നടന്ന് ചെന്ന്
ജനാല നന്നാക്കുന്നവന്റെയടുത്ത് കൊടുക്കും.
അയാളതിൽ പുതിയ ചില്ല് പിടിപ്പിച്ചു തരും.

കുടിച്ച് ലക്കില്ലാതാകുന്പോഴെല്ലാം
ഞാൻ റേഡിയോ ജനാലയിൽക്കൂടി എറിഞ്ഞു കൊണ്ടിരുന്നു
അതു പോയി മേൽക്കൂരയിൽ ചെന്ന് കിടക്കും,
പാടിക്കൊണ്ട്,
ആ അത്ഭുത റേഡിയോ.
ഒരു ചങ്കൂറ്റമുള്ള റേഡിയോ.
എന്നിട്ട് അടുത്ത രാവിലെ വീണ്ടും ജനാലയെടുത്ത്
അത് നന്നാക്കുന്നവന്റെ അടുത്ത് കൊണ്ടു പോകും

ഈ പതിവ് എപ്പോഴാണ് അവസാനിച്ചതെന്ന് ഇന്നോർമ്മയില്ല.
പക്ഷെ ഒന്നോർമ്മയുണ്ട്,
ഞങ്ങൾ ആ വീട്ടിൽ നിന്നും പിന്നെപ്പോഴോ മാറിപ്പോയി
ഞങ്ങളുടെ ആ വീടിന്റെ താഴത്തെ നിലയിൽ
ബിക്കിനിയും ധരിച്ച് പൂന്തോട്ടത്തിൽ പണിയെടുക്കുന്ന ഒരു സ്ത്രീയുണ്ടായിരുന്നു,
അവൾ കയ്യിലുള്ള കരണ്ടി കൊണ്ട് നല്ലവണ്ണം കുഴിക്കുമായിരുന്നു.
അവളുടെ പിന്‍ഭാഗം മുകളിലേക്ക് പൊന്തിച്ചു വച്ചു കൊണ്ട്.
ഞാൻ ആ ജനാലയുടെ അടുത്തങ്ങിനെയിരിക്കും.
എന്നിട്ട് അവളുടെ പിൻഭാഗത്ത് സൂര്യപ്രകാശം തട്ടി തിളങ്ങുന്നത് നോക്കിയിരിക്കും
അപ്പോഴും റേഡിയോ പാടിക്കൊണ്ടിരിക്കുന്നുണ്ടാവും.

-ചാൾസ് ബാക്കോവിസ്കി-
(പരിഭാഷ – മർത്ത്യൻ)



Categories: Malayalam translation, X പരിഭാഷ

Tags: ,

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.