സ്വയം നടക്കാൻ മടിയുള്ള വഴിയിലേക്ക് തന്നെ
മറ്റുള്ളവനെ തള്ളി വിടണം
എന്നാലേ സ്നേഹം പൂർത്തിയാകു
ഭേഷ്…. ബലേ ഭേഷ്….
-മർത്ത്യൻ-
ന്യായവും ന്യായാധിപനും അപരാധിയും
എല്ലാമൊന്നാകുന്നു..
എന്നിട്ട് ശരിയേയും തെറ്റിനെയും വേർതിരിക്കാനായി
വരക്കുന്ന എല്ലാ വരികളിലും ഒരു ചോദ്യം കെട്ടി വയ്ക്കണം
നാളെ ആ വഴി വരുന്നവന്
ആ ചോദ്യം ഉൾക്കൊള്ളാമല്ലോ
നമ്മൾ നന്നായില്ലെങ്കിലും
മറ്റുള്ളവരെ നന്നാക്കാനുള്ള പുണ്യത്തിന്റെ
ഫലം നാമായിട്ട് വേണ്ടെന്ന് വയ്ക്കണ്ടല്ലോ.
-മർത്ത്യൻ-
നീ കരയുന്നതോ ചിരിക്കുന്നതോ
കാണാൻ കഴിയാതെ പോയത് കൊണ്ടാണ്..
നിന്റെ മുഖംമൂടി നോക്കി പരിചയം നടിക്കാഞ്ഞത്….
കുറ്റം പറയരുത്;
മുഖംമൂടി ധരിക്കുന്നവർക്ക്
കണ്ണീരും ചിരിയും വിളന്പി ശീലമില്ല…..
ക്ഷമിക്കണം
-മർത്ത്യൻ-
ഉറക്കെ കരയാൻ ഏതായാലും
ഒഴിഞ്ഞ ഒരിടം കണ്ടെത്തി
പക്ഷെ…
ഇത്രയും കാലം അടക്കി വച്ചിരുന്ന ശബ്ദം;
അതിപ്പോൾ കൂട്ടിനില്ലെന്നൊരു തോന്നൽ.
വാതുറക്കുന്പോൾ ഉയരാൻ പാകത്തിനായി
കുറച്ച് ശബ്ദമെവിടുന്ന് കിട്ടും?
കടമായിട്ടായാലും മതി
നിങ്ങളുടെ വേദനകൾ അസ്തമിക്കുന്നതിനു
മുൻപേ തിരിച്ചേൽപ്പിക്കാം
നന്ദി…
-മർത്ത്യൻ-
Categories: പലവക
Leave a Reply