പശ്ചാത്താപത്തിന്റെ അസ്വസ്ഥതകളുടെ ഒരു ചെറിയ ഇടവേള.
പിന്നീടതപ്രത്യക്ഷമാകുന്നു.
ഇതു വരെ നിങ്ങൾ ചെയ്തതെല്ലാം നിര്‍ദ്ദോഷവും പൂർണ്ണവുമായിരുന്നെന്ന പോലെ.
എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് ഒരു കുറവുമില്ലാതെ നിറവേറ്റിയ പോലെ;
ജീവിതം നിങ്ങൾ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കുന്ന ഒന്നാണെന്നപോലെ,
അല്പം കഴിഞ്ഞ് നിങ്ങൾ വീണ്ടുമോടുന്നു അടുത്ത ചെറിയ ഇടവേളയെ ലക്ഷ്യമാക്കി
മുകളിൽ ആ പശ്ചാത്താപത്തിന്റെ അസ്വസ്ഥത വീണ്ടും നിഴലിക്കുന്നു.
നമ്മളെല്ലാവരും ഒരിക്കൽ മരങ്ങള്‍ തിങ്ങുന്നിടത്തേക്ക് നടന്ന് പോകും;
കൊഴിഞ്ഞ ഇലകളിൽ നിഴലുകൾ വീഴാത്തൊരിടത്തേക്ക്.
മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഥകൾ പറയേണ്ടാത്ത ഒരിടത്തേക്ക്.
പക്ഷെ ഇന്ന് നമ്മൾ എല്ലാം സമ്മതിച്ചെ തീരു…
കാരണം എല്ലാ പശ്ചാത്താപത്തെയും പിന്തുടർന്ന് കൊണ്ട്
സാഫല്യത്തിന്റെ കെട്ടിച്ചമച്ചൊരു ബോധം നമുക്കൊപ്പമുണ്ട്
അപ്പോൾ ആ അസ്വസ്ഥത?
അല്ല ആരാണ് നിങ്ങളോട് ജീവിതം അത്ര സ്വസ്ഥമാണെന്ന് പറഞ്ഞത്?
ജീവിതം ഒരു തുടർച്ചയല്ലെ?
കയ്യിലൊതുങ്ങാത്തതൊരു തുടർച്ച
നിങ്ങൾ ഇഷ്ടപ്പെടാത്തതെല്ലാം അവസാനിക്കും.
നിങ്ങൾക്ക് ഇഷ്ടമുള്ളതും അവസാനിക്കും
നിങ്ങളും അവസാനിക്കും.
ചിലപ്പോൾ അവസാനത്തിനു മുൻപേ തന്നെ;
അതാണ് തുടർച്ച….
കയ്യിലൊതുങ്ങാത്തതൊരു തുടർച്ച
അതു കൊണ്ടവിടെ തൂങ്ങി കിടക്കണം..
അതിനാൽ
പറക്കാൻ കഴിയുന്പോൾ പറക്കുക
അനങ്ങാതിരിക്കാൻ കഴിയുന്പോൾ അതും ചെയ്യുക
നൃത്തം വയ്കുക, പാടുക, ജീവിക്കുക
പശ്ചാത്താപത്തിന്റെ അസ്വസ്ഥതയുടെ ചെറിയ ഇടവേളകൾക്കിടയിൽ
തിമിർത്ത് പെയ്യുന്ന മഴയിൽ
സങ്കോചമില്ലാതെ ഇറങ്ങി നടക്കുക
ശുഭം
-മർത്ത്യൻ-
Categories: കവിത
Leave a Reply