സെനഗളീസ് കവിയും സെനെഗളിന്റെ ആദ്യത്തെ രാഷ്ട്രപതിയുമായ ലിയോപോഡ് സെഡ് സെങ്ഹോറിന്റെ (9 October 1906 – 20 December 2001) പ്രെയർ റ്റു മാസ്കസ് (prayer to masks) എന്ന കവിതയുടെ മലയാളം പരിഭാഷ. അദ്ദേഹം ഒരു ആഫ്രിക്കൻ സോഷ്യലിസ്റ്റും സെനഗളീസ് ഡെമോക്രാറ്റിക്ക് ബ്ളോക് പാർട്ടിയുടെ സ്ഥാപകനുമായിരുന്നു.
പ്രെയർ റ്റു മാസ്കസ് – ലിയോപോഡ് സെഡ് സെങ്ഹോ
—————————————–
മുഖംമൂടികൾ! മുഖംമൂടികൾ!
കറുത്ത മുഖംമൂടികൾ, ചുവന്ന മുഖംമൂടികൾ, നിങ്ങൾ കറുപ്പും വെളുപ്പും കലർന്ന മുഖംമൂടികൾ,
ആത്മാക്കൾ ശ്വാസം വലിക്കുന്ന ചതുരത്തിലുള്ള മുഖംമൂടികൾ,
ഞാൻ നിങ്ങളെ നിശബ്ദമായി വരവേൽക്കുന്നു.
നിങ്ങളും, എന്റെ കരിംപുലി തലയുള്ള പൂർവ്വികരെ
നിങ്ങൾ ഇവിടത്തിന് കാവൽ നിൽക്കുന്നു,
ഇവിടം ഏതൊരു സ്ത്രീയുടെ പൊട്ടിച്ചിരിക്കും സന്തോഷത്തിനും
ഒരു നശ്വര മന്ദഹാസത്തിനു മുൻപിൽ പോലും
കൊട്ടിയടക്കപ്പെടുന്നു.
മൂടികളില്ലാത്ത മുഖങ്ങൾക്കായുള്ള മുഖംമൂടികൾ;
മുഖകുരുക്കളും ചുളിവുകളുമില്ലാത്തവ,
ഒരു വെള്ള കടലാസിന്റെ അല്ത്താരയുടെ മുകളിൽ കുനിഞ്ഞിരിക്കുന്ന
എന്റെ മുഖത്തിന്റെ ചിത്രം നിങ്ങൾ വിസ്തരിച്ചു മെനഞ്ഞെടുക്കുന്നു.
നിങ്ങളുടെ ആ ചിത്രത്തിന്റെ പേരിൽ എനിക്ക് പറയാനുള്ളത് കേൾക്കു!
സ്വേച്ഛാധിപത്യത്തിന്റെ ആഫ്രിക്ക മരിക്കാൻ കിടക്കുന്നു.
അതൊരു ദയനീയത നിറഞ്ഞ രാജകുമാരിയുടെ യാതന പോലെയാണ്.
യൂറോപ്പ് പോലെ;
അവ പുക്കിൾക്കുഴി വഴി പരസ്പരം ബന്ധപ്പെട്ടിട്ടാണല്ലൊ.
ഇനി നിങ്ങളുടെ ആ അനക്കമില്ലാത്ത കണ്ണുകൾ…
ഒരു പാവം മനുഷ്യൻ അവന്റെ അവസാനത്തെ ഉടുവസ്ത്രം നൽകുന്ന പോലെ നിങ്ങൾക്കായി –
ജീവൻ കുരുതികൊടുക്കാൻ വിളിച്ചു വരുത്തിയ നിങ്ങളുടെ കുട്ടികളുടെ നേരെ തിരിക്കുക.
ഇനി മുതൽ നമുക്കിവിടെ
കുഴച്ചു വച്ച മാവിന് പുളിപ്പ് നൽകുന്ന ഒരു ലോകത്തിന്റെ
പുനർജന്മത്തിൽ ഒരുമിച്ച് കരയാം.
അല്ലെങ്കിലും ആരാണ് യന്ത്രങ്ങളും പീരങ്കികളും കൊണ്ട് മരിച്ച ഈ ലോകത്തിനെ
താളവും ലയവും പഠിപ്പിക്കുക?
അല്ലാതാരാണ് മരിച്ചവരെയും ജ്ഞാനികളെയും ഒരു പുതിയ പ്രഭാതത്തിലേക്ക് ഉണർത്താനായി
സന്തോഷത്തിന്റെ ആര്ത്തനാദം പുറപ്പെടുവിക്കുക.
പറയൂ….,
മറ്റാരാണ് ചീന്തിക്കിടക്കുന്ന പ്രതീക്ഷയുമായുള്ള മർത്ത്യരിലേക്ക്
ജീവിതത്തിന്റെ ഓർമ്മകൾ തിരിച്ചു കൊണ്ടു വരിക?
അവർ നമ്മളെ പഞ്ഞിത്തലയന്മാർ എന്നും കാപ്പി മനുഷ്യരെന്നും
എണ്ണമെഴുക്കുള്ളവരെന്നും വിളിക്കുന്നു.
അവർ നമ്മളെ മരണത്തിന്റെ ആളുകളെന്ന് വിളിക്കുന്നു.
പക്ഷെ നമ്മൾ കട്ടിയുള്ള മണ്ണിൽ ചുവടു വയ്ക്കുന്പോൾ മാത്രം ശക്തിയാർജ്ജിക്കുന്ന
പാദങ്ങളുള്ള നൃത്തത്തിന്റെ മനുഷ്യരാണ്.
-ലിയോപോഡ് സെഡ് സെങ്ഹോ-
പരിഭാഷ – മർത്ത്യൻ
Categories: കവിത, Malayalam translation
Leave a Reply