എല്ലാം തീർന്നെന്നു കരുതിയിരിക്കുകയായിരുന്നു മയിലണ്ണൻ, അപ്പോഴാണിത്. തന്റെ സ്ഥാനം പിടിച്ചടക്കാൻ വരുന്ന പൈ ഗോഡ്സെയെ അറത്തു വറത്തു തിന്നുന്നതിനെ കുറിച്ച് രാത്രി മുഴുവൻ സ്വപ്നം കണ്ടതാണ്. കൂട്ടാൻ വയ്ക്കാൻ പ്രത്യേക പാത്രം വരെ കണക്കാക്കി വച്ചിരുന്നു.
രാവിലെ പത്ര വാർത്ത കണ്ടപ്പോൾ ആ മയിൽബാല്യം പകച്ചു പോയി. കാവിക്കാരെക്കാൾ ഭീകരതയുടെ വക്താക്കളായി ഖദറുകാർ മറ്റൊരു പൈമോനെ പബ്ലിക്കായി അറത്തിരിക്കുന്നു. എന്തൊരു മഹാപാപം എന്തൊരു റാഹുലീയത; തീർത്തും സോണിസ്റ്റിക്ക് തന്നെ. മയിലണ്ണൻ ചായയുടെ ഗ്ളാസ് താഴെ വച്ചു. പത്രത്തിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല.
മയിലണ്ണൻ പത്രം തിരിച്ചും മറച്ചും നോക്കി. പതാഞ്ചലിയുടെ പരസ്യത്തിൽ രാമദേവന്റെ ചിത്രം. സെന്റർ പേജിൽ മോഡിപിടിപ്പിച്ച സിംഹാസനത്തിൽ കൊസാമി ചെക്കൻ തുറന്ന വായയുമായി ഇരിക്കുന്നു. അങ്ങിനെ ഒരു രാജസ്ഥാൻ ജഡ്ജിന്റെ വാർത്തയിൽ ചെന്ന് കണ്ണ് നിന്നു. “എന്ത്… ഇതെങ്ങിനെ സംഭവിച്ചു… എങ്ങിനെ ഈ തെണ്ടിയിതറിഞ്ഞു… മുരുകാ… നീ ചതിച്ചോ?”
മയിലണ്ണൻ കണ്ണടച്ച് മനസ്സിൽ പറഞ്ഞു “മുരുകാ… കാർത്തികേയാ… നീയിതൊന്നും കാണുന്നില്ലേ? ഇനി നിനക്കെ എന്തെങ്കിലും ചെയ്യാൻ കഴിയൂ… ഈ വിവരദോഷികൾ കാരണം ഇനി ഞങ്ങൾ ഗാന്ധാരിയെ പോലെ കണ്ണും കെട്ടി നടക്കേണ്ടി വരുമോ… ഭഗവാനെ തുണ…. കണ്ടിട്ടും കരഞ്ഞിട്ടും മതിയായിട്ടില്ല… വരും തലമുറ ഇനി എങ്ങിനെ പേടിക്കാതെ അലമുറയിടും ഭഗവാനെ….? ”
കണ്ണടച്ച് തുറക്കുന്ന നേരം; കണ്ണിലെ നനവ് ഒന്ന് മതിയോളം ആസ്വദിക്കാൻ കൂടി കഴിഞ്ഞില്ല.. പട്ടെ!!! അടി വീണത് എവിടുന്നാണെന്ന് പോലും മനസ്സിലായില്ല. കണ്ണിൽ കൂടി തേനീച്ച പാറി…. പിന്നെ ഒരാക്രോശമാണ്
“പന്ന മയിലെ, കുട്ടികൾ സ്കൂളും വിട്ട് വരുന്ന നേരത്താണോ ഉമ്മറത്തിരുന്ന് കണ്ണീരൊഴുക്കുന്നത്…. പ്രായമായ മോളുള്ളത് മറന്നു പോയോ ബ്ലഡി മയിൽ കരഞ്ഞുണ്ടായവനെ”
മയിലണ്ണൻ ആരും കാണാതെ തൂവാല കൊണ്ട് കണ്ണ് തുടച്ചു. മയിലിപ്പെണ്ണിന്റെ കണ്ണുകളിൽ തീ പാറി. അവൾക്ക് നിർത്താൻ ഉദ്ദേശമുണ്ടായിരുന്നില്ല.
“നിങ്ങളുടെ തന്തയുടെ കഥയൊക്കെ എനിക്കറിയാം… രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ വിതുന്പലാർട്ടിസ്റ്റായിരുന്നില്ലേ അയാൾ. ഞാൻ പേടിച്ച് പേടിച്ചാണ് ഇവിടെ കഴിഞ്ഞിരുന്നത്.. എപ്പോഴാണ് പൊട്ടിക്കരയുക എന്നറിയാത്ത പ്രകൃതം… നിങ്ങളുടെ അമ്മ സഹിച്ചതിനൊന്നും ഒര് പരിധിയില്ല… ആ അമ്മയെ ഞാൻ നമിക്കുന്നു”
അവൾ ആക്രോശിച്ചു.. “നിങ്ങൾ ഭേതമാകുമെന്നാണ് കരുതിയത് കഴിഞ്ഞ ദിവസം കരഞ്ഞതിന്റെ വിഷമം എനിക്കേ അറിയൂ… ഇതിപ്പോൾ എന്തും ഭാവിച്ചാണ്…? എന്നെ കൊണ്ടൊന്നും പറയിക്കണ്ട… ഇങ്ങനെ മോങ്ങുന്നത് ഇതിലൂടെ പോകുന്ന കോളേജ് കുമാരികൾ കാണണ്ട.. മയിലാനന്ദസ്വാമികളുടെ വാർത്ത വായിച്ചതല്ലേ… അവർ കണ്ടാൽ കണ്ണ് രണ്ടും കുത്തി പൊട്ടിച്ച് കളയും… പിന്നെ പറഞ്ഞിട്ട് കാര്യമില്ല…”
മയിലണ്ണൻ നനവു തുടച്ച് കണ്ണുകൾ വീണ്ടുമടച്ചു “മുരുകാ ഇതാണോ പീകോക്ക് ഫെമിനിസം”.
പത്രത്തിന്റെ പൈസ വാങ്ങാൻ പയ്യൻ വന്നു. മയിലണ്ണൻ ഇനിമേൽ പത്രം വേണ്ടെന്നു പറഞ്ഞു. ഉള്ളിൽ പോയി പുലിമുരുകന്റെ പോസ്റ്റർ കൊണ്ടു വന്ന് ഉമ്മറത്ത് ഒട്ടിച്ചു വച്ചു. മയിൽ മൻസിലിൽ പുതിയൊരു മുറി വേണമെന്ന് മയിലണ്ണൻ തീരുമാനിച്ചു. കരച്ചിൽ വന്നാൽ ഇരിക്കാനായി ഒരു പുതിയ മുറി. അതിന് ‘കണ്ണീർപന്തൽ’ എന്ന് പേരിടണം. മയിലണ്ണൻ മനസ്സിൽ പറഞ്ഞു. ഇത്രയുമായപ്പോൾ മയിലണ്ണൻറെ കണ്ണ് വീണ്ടും നിറഞ്ഞു. ഒരു പുസ്തകമെടുത്ത് മയിലിപ്പെണ്ണിനേയും തട്ടിമാറ്റി മയിലണ്ണൻ വീട്ടിനുള്ളിലേക്കോടി.
കിടക്കയിലിരുന്ന് വിതുന്പിക്കരഞ്ഞു കൊണ്ട് മയിലണ്ണൻ പുസ്തകം തുറന്നു, ഇബിലീസ് ഹാജ്യാരെഴുതിയ “മുഖം മറയ്ക്കാൻ ഏഴ് എളുപ്പ വഴികൾ”. മയിലണ്ണൻ വായിച്ചു തുടങ്ങി. “ആദ്യം മനസ്സിലാക്കുക കണ്ണും കാതും വായും ശൈത്താന്റെ ഫിറ്റിങ്സ് ആണ്. മയിലണ്ണൻ വായന തുടർന്നു….
-മർത്ത്യൻ-
Leave a Reply