ചിലരെ പ്രാത്സാഹിപ്പിക്കാനായി പറയുന്നൊരു വാചകമുണ്ട്.
ഒരു വാതിലടഞ്ഞാൽ നൂറെണ്ണം തുറക്കപ്പെടുമെന്ന്…
വാതിലുകൾക്ക് പകരം ചുമരുകൾ മാത്രം കാണുന്നവരോട്
എന്ത് പറഞ്ഞിട്ടെന്ത് കാര്യം.. ?
പക്ഷെ ഈ ലോകം വാതിലുകളും ജനലുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
എല്ലാം ജീവിതത്തിന്റെ ഓരോ വീക്ഷണങ്ങളിലേക്ക് തുറക്കുന്നവ,
അവസരങ്ങളിലേക്കും വെല്ലുവിളികളിലേക്കും ഒരുപോലെ തുറക്കുന്നവ.
ചിലപ്പോൾ അവ തുറക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്ന് തോന്നും.
അജ്ഞാതമായ എന്തിനെയോ കുറിച്ചുള്ളൊരു ഭയം.
വാതിലിന്റെയും ജനലിന്റെയും അപ്പുറത്ത്
എന്താണെന്നറിയാത്തതിന്റെ ആശങ്ക.
പക്ഷെ വാതിലുകളും ജനലുകളും തുറക്കാൻ വിധിക്കപ്പെട്ടതാണ്
ചിലപ്പോൾ പൊട്ടിപ്പൊളിച്ചു കളയേണ്ടവയുമാണ്
പ്രത്യേകിച്ചും പിന്നിലേക്കോടി ഒളിക്കുന്ന സമയത്തിന്റെ
ക്ഷണിക ദർപ്പണങ്ങളിൽ തങ്ങി നിൽക്കുന്നവയെ
പൊട്ടിപ്പൊളിക്കുക തന്നെ വേണം.
ഇന്ന് ഞാൻ മനപ്പൂർവ്വം ഒരു വാതിലടച്ചു
മറ്റൊന്ന് തുറക്കാൻ തയ്യാറാകുന്നു…
അതിന്റെ പിന്നിലെന്താണെന്നറിയില്ല
എന്തായാലും…
തയ്യാറായല്ലെ മതിയാകു…
തയ്യാറാണ്…
അല്ല തയ്യാറായി
-മർത്ത്യൻ-