ക്യൂബൻ കവി നിക്കോളാസ് ഗിയെൻ (Nicolás Guillén)ന്റെ ‘ഐ ഡോണ്ട് നോ വൈ യൂ തിങ്ക്’ (I Don’t Know Why You Think എന്ന കവിതയുടെ മലായാളം പരിഭാഷ. 1967ൽ ചെഗുവേരയെ വെടിവച്ച് കൊന്നപ്പോൾ ചെ’യുടെ കയ്യിലുണ്ടായിരുന്ന പച്ച നോട്ടുപുസ്തകത്തിൽ സ്വന്തം കയ്യക്ഷരത്തിൽ എഴുതിയ 69 കവിതകളുണ്ടായിരുന്നത്രെ. നെരൂദ, സെസാർ വലേഹൊ, ലിയോൺ ഫിലിപ്പോ, നിക്കോളാസ് ഗിയെൻ എന്നിവരുടെ. അതിൽ നിക്കോളാസ് ഗിയെന്റെ ഈ കവിതയുമുണ്ടായിരുന്നു എന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. 67നു ശേഷം ബൊളീവിയൻ സൈന്യത്തിന്റെ ലോക്കറിലായിരുന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം 2007 ലാണ് പ്ലാനെറ്റ എന്ന മെക്സിക്കൻ പ്രസിദ്ധീകരണശാല പുറത്തിറക്കിയത്.
ഇത് ഏപ്രിൽ കവിതാ മാസത്തിലെ 25-മത്തെ പരിഭാഷ.
ഐ ഡോണ്ട് നോ വൈ യൂ തിങ്ക്
—————————
സൈനികാ, എനിക്കറിഞ്ഞുകൂടാ…
നമ്മൾ രണ്ടുപേരും ഒരു പോലെയാണെങ്കിൽ
ഞാനും,
നിങ്ങളും,
നിങ്ങളെന്തിന് ചിന്തിക്കുന്നു
എനിക്ക് നിങ്ങളെ വെറുപ്പാണെന്ന് ?
നിങ്ങൾ പാവപ്പെട്ടവനാണ്, ഞാനും;
ഞാൻ താഴെക്കിടയിൽ നിന്നും വരുന്നു, നിങ്ങളും;
നിങ്ങൾക്കെവിടുന്ന് കിട്ടി സൈനികാ,
ഞാൻ നിങ്ങളെ വെറുക്കുന്നു എന്ന്?
ഞാനാരാണെന്ന് നിങ്ങൾ മറന്നു പോയതിൽ
ചിലപ്പോൾ ഞാൻ വല്ലാതെ വേദനിക്കുന്നു;
ഞാൻ നിങ്ങളാണെന്നത്,
നിങ്ങൾ ഞാനാണെന്നതിന് തുല്യമല്ലെ ?
പക്ഷെ അതുകൊണ്ട് എനിക്ക് നിങ്ങളോട്
അപ്രീതി തോന്നേണ്ട കാരണമില്ല.
നമ്മൾ രണ്ടു പേരും ഒന്നാണെങ്കിൽ
ഞാനും,
നിങ്ങളും,
എനിക്ക് മനസ്സിലാവുന്നില്ല സൈനികാ
നിങ്ങളെങ്ങനെ ചിന്തിക്കുന്നു
എനിക്ക് നിങ്ങളോട് വെറുപ്പാണെന്ന് ?
കാലതാമസമില്ലാതെ നമ്മൾ തമ്മിൽ കണ്ടുമുട്ടും
ഞാനും നിങ്ങളും,
ഒരേ തെരുവീഥിയിൽ
തോളോട് തോൾ ചേർന്ന്; നിങ്ങളും ഞാനും.
നിങ്ങൾക്കെന്നോടും എനിക്ക് നിങ്ങളോടും ഒട്ടും വെറുപ്പില്ലാതെ
പക്ഷെ പരസ്പരം തിരിച്ചറിഞ്ഞു കൊണ്ട്,
നമ്മളെവിടേക്ക് പോകുന്നു എന്ന് മനസ്സിലാക്കി,
നിങ്ങളും ഞാനും,
എനിക്ക് മനസ്സിലാവുന്നില്ല സൈനികാ,
നിങ്ങൾക്കെങ്ങിനെ തോന്നുന്നു,
എനിക്ക് നിങ്ങളോട് വെറുപ്പാണെന്ന് ?
-നിക്കോളാസ് ഗിയെൻ-
(പരിഭാഷ മർത്ത്യൻ)
Categories: Malayalam translation
Leave a Reply