ജർമ്മൻ കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായ മറി ലുയിസ് കാഷ്നിറ്റ്‌സ് (Marie Luise Kaschnitz)ന്റെ ‘ഹിരോഷിമ’ എന്ന കവിതയുടെ മലയാളം പരിഭാഷ
ഹിരോഷിമ
———-
ഹിരോഷിമയിൽ വീണു മരിച്ച മനുഷ്യൻ,
സന്യാസിമഠത്തിൽ മണിയടിച്ചുകൊണ്ടു പ്രതിജ്ഞയെടുത്തിരുന്നു.
ഹിരോഷിമയിൽ വീണു മരിച്ച മനുഷ്യൻ,
കഴുത്ത് സ്വയം ഒരു കുരുക്കിലേക്കിട്ട് തൂങ്ങി മരിച്ചിരുന്നു.
ഹിരോഷിമയിൽ വീണു മരിച്ച മനുഷ്യൻ
അയാൾക്ക് വട്ടാണ്,
ആറ്റോമിക്ക് പൊടികൊണ്ടുണ്ടാക്കിയ
അവനെ കൊല്ലാൻ പുറപ്പെടുന്ന
ഉയിർത്തെണീറ്റ എല്ലാ ആത്മാക്കളുമായി അവൻ പടവെട്ടുകയാണ്.
എല്ലാ രാത്രിയിലും, നൂറും ആയിരയുമെണ്ണത്തിനെ.
ഇതൊന്നും സത്യമല്ല,
സത്യത്തിൽ ഞാനവനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു.
ഉറപ്പില്ലാത്ത വേലിയുള്ള, മനോഹരമായ റോസാപ്പൂക്കൾ നിറഞ്ഞ
പട്ടണത്തിന് പുറത്തുള്ള അവന്റെ വീടിന്റെ മുൻപിലുള്ള ഉദ്യാനത്തിൽ.
ആളുകൾക്ക് ഒളിക്കാൻ പാകത്തിനുള്ള
മറവിയുടെ ഒരു വനപ്രദേശമുണ്ടാക്കാൻ
നിങ്ങൾക്ക് ഇനിയും സമയമെടുക്കും.
എല്ലാം കാണത്തക്ക രീതിയിൽ മുൻപിൽ വന്നു നിന്നു
ആ അലങ്കാരങ്ങളില്ലാത്ത വീടും
പൂക്കളുടെ ഉടുപ്പുമിട്ട് അയാളുടെ അടുത്ത് നിന്നിരുന്ന –
അയാളുടെ ചെറുപ്പക്കാരി ഭാര്യയും
ഭാര്യയുടെ കയ്യിൽ ഒരു കൊച്ചു പെൺകുട്ടി ഒട്ടിപ്പിടിച്ചു നിന്നതും
അയാളുടെ തലക്ക് മുകളിൽ ചാട്ടവാറും ചുഴറ്റിക്കൊണ്ട്,
അയാളുടെ മുതുകത്ത് ഒരു ആൺകുട്ടി ഇരിപ്പുറപ്പിച്ചതും
അയാൾ വികൃതമായൊരു ചിരിയുമായി നാലുകാലിൽ പച്ചപ്പുല്‍ത്തകിടിൽ നിന്നതും
കാരണം വേലിക്കപ്പുറത്ത് ഫോട്ടോഗ്രാഫർ നിന്നിരുന്നു
ലോകത്തിന്റെ കാഴ്ച്ചയുള്ള കണ്ണുമായി.
-മറി ലുയിസ് കാഷ്നിറ്റ്‌സ്-
(പരിഭാഷ – മർത്ത്യൻ)
ഏപ്രിൽ കവിതാ മാസത്തിലെ 21-മത്തെ പരിഭാഷ
Categories: Malayalam translation
Leave a Reply