പോളിഷ് ഫ്യുച്ചറിസ്റ് ശാഖയുടെ മുന്നോടിയായിരുന്ന പോളിഷ് കവിയും എഴുത്തുകാരനുമായ അലക്സാന്തർ വാത്ത് (Aleksander Wat)ന്റെ ‘ബിഫോർ ബ്രൂയെഗൾ ദി എൽഡർ’ (Before Breughel the Elder) എന്ന കവിതയുടെ മലയാളം പരിഭാഷ.1959ൽ ഫ്രാൻസിലേക്ക് മാറിയതിനു ശേഷം 1969ൽ അമേരിക്കയിൽ വന്ന് യൂണിവേഴ്സിറ്റി ഓഫ് ബെർക്കിലിയിൽ ഈസ്റ് യൂറോപ്പ്യൻ പഠന കേന്ദ്രത്തിൽ ജോലി നോക്കിയിരുന്ന അലക്സാന്തർ വാത്ത് ഇരുപതാം നൂറ്റാണ്ടിലെ പോളിഷ് കവികളിൽ പ്രമുഖനായിരുന്നു.
ബിഫോർ ബ്രൂയെഗൾ ദി എൽഡർ
————————-
തൊഴിൽ ഒരു അനുഗ്രഹമാണ്
ഞാനത്രയും പറയാം, ഞാൻ.. ഒരൗദ്യോകിക അലസൻ!
ഒരുപാട് ജയിലുകളിൽ ഉമിനീരിറക്കിയിട്ടുണ്ട്! പതിനാലെണ്ണം!
പിന്നെ പല ആശുപത്രികളിലും! പത്ത്! പിന്നെ എണ്ണിയാൽ തീരാത്തത്ര മദ്യശാലകളിൽ!
ഞാൻ പറയുന്നു,
തൊഴിൽ ഒരു അനുഗ്രഹമാണ് !
അല്ലാതെ പിന്നെ എങ്ങിനെയാണ് നമുക്ക് ഇതെല്ലാം കൈകാര്യം ചെയ്യാൻ കഴിയുന്നത്
സഹവർത്തികളോടുള്ള ഭ്രാതൃഹത്യാപരമായ സ്നേഹത്തിന്റെ ഈ ലാവയെ?
എല്ലാവരാലും എല്ലാവരെയും ഉന്മൂലനം ചെയ്യുന്ന ഈ കൊടുങ്കാറ്റിനെ?
ക്രൂരതയെ, അടിത്തട്ടില്ലായ്മയെ, അളവില്ലായ്മയെ?
സ്വന്തം കറങ്ങിക്കൊണ്ടിരിക്കുന്നൊരു ഗ്രാമഫോണിൽ മറന്നിട്ടുപോയ,
അന്തമില്ലാതെ ആവർത്തിച്ചു കൊണ്ടിരിക്കുന്നൊരു റെക്കോർഡു പോലെ ഒരിക്കലും
അവസാനിക്കാൻ ഭാവമില്ലാത്ത ഈ കറുപ്പിന്റെയും വെളുപ്പിന്റെയും കാലഘട്ടത്തെ?
എങ്ങിനെയാണ് നമുക്ക് ഇതെല്ലാം കൈകാര്യം ചെയ്യാൻ കഴിയുന്നത്?
അദൃശ്യമായ ആരെങ്കിലും ഈ ഗ്രാമഫോണിന്റെ മേൽനോട്ടം വഹിക്കുണ്ടോ?
ഭയാനകം!
എങ്ങിനെ, ഒരു തൊഴിലില്ലാതെ,
എങ്ങിനെ കയ്യുറകളില്ലാതെ രക്തത്തിൽ കൈ മുക്കാൻ ഭയപ്പെടുന്ന
ഈ സാമൂഹിക സംരക്ഷകരുടെ പറുദീസയിൽ നമുക്ക് ജീവിക്കാൻ കഴിയും?
ഭയാനകം തന്നെ!
അതല്ലാതെങ്ങിനെ നമുക്ക് മരണവുമായി പൊരുത്തപ്പെടാൻ കഴിയും?
നമ്മുടെ ഉള്ളിൽ അതിന്റെ സയാമീസ് ഇരട്ടയുടെ കൂടെ വളർന്ന്,
അതിനാൽ തന്നെ ഉന്മൂലനം ചെയ്യപ്പെടുന്നു എന്നത് തന്നെ
മതിയായ കാരണമല്ലേ, നമ്മുടെ ജീവൻ നിഷ്ഫലമാണെന്നതിന്.
അതു കൊണ്ട് നമുക്ക് ഒരവസാനമില്ലാതെ ജീവിക്കണം,
ഒരവസാനമില്ലാതെ,
ഭയാനകം തന്നെ!
തൊഴിലില്ലാതെ നമുക്കെങ്ങനെ കടൽ പോലുള്ള നിഷ്ഫലമായൊരീ മരണത്തെ
നേരിടാൻ കഴിയും?
(വേണ്ട നിങ്ങൾ പരിഹസിക്കേണ്ട)
എല്ലാവരും ഇകറസ് ആകുന്നൊരിടം, മൂന്ന് ലക്ഷം കോടിയിൽ വെറും ഒന്ന്,
അതിന്റെ കൂടെ മറ്റു പലതും സംഭവിക്കുന്നു,
എല്ലാം ഒരേ പോലെ അപ്രധാനമാണ്,
കൃത്യമായി പറഞ്ഞാൽ, ബുദ്ധിമുട്ടെങ്കിലും അപ്രധാനമാണ്,
അതിക്രൂരമായ രീതിയിൽ അമാനുഷികമായ വിഷമമുള്ളതാണ്,
അത്യന്തം വേദനാജനകമാണ്!
അല്ലതെങ്ങിനെയാണ് നമുക്കിതെല്ലാം നേരിടാൻ കഴിയുന്നത്?
തൊഴിലാണ് നമ്മുടെ രക്ഷ.
ഞാൻ നിങ്ങളോട് പറയുകയാണ് –
ഞാൻ, ബ്രൂയെഗലെന്ന മൂപ്പൻ
(ഞാൻ വാത്ത് അലക്സാന്തർ ഒരു വിനീതനായ വേലക്കാരൻ മാത്രം)
തൊഴിലാണ് നമ്മുടെ ഒരേയൊരു രക്ഷ.
-അലക്സാന്തർ വാത്ത്-
(പരിഭാഷ – മർത്ത്യൻ)
ഏപ്രിൽ കവിതാ മാസത്തിലെ 19-മത്തെ പരിഭാഷ
Categories: Malayalam translation
Leave a Reply