ഫ്രഞ്ച് സറിയലിസ്റ് കവി റോബർട്ട് ഡെസ്‌നോസിന്റെ (Robert Desnos) ‘ഐ ഹാവ് ഡ്രീംഡ് ഓഫ് യൂ സോ മച്ച്’ എന്ന കവിതയുടെ മലയാളം പരിഭാഷ.
ഐ ഹാവ് ഡ്രീംഡ് ഓഫ് യൂ സോ മച്ച്
(I Have Dreamed of You So Much)
——————————–
ഞാൻ നിന്നെക്കുറിച്ച് എത്രമാത്രം സ്വപ്നം കണ്ടിട്ടുണ്ട്,
ഇപ്പോൾ നീ യാഥാർഥ്യമാണോ എന്ന് തന്നെ സംശയയി തുടങ്ങിയിട്ടുണ്ട്.
നിന്റെ ജീവനുള്ള ശരീരം പുണരാൻ എനിക്കിനിയും സമയമുണ്ടോ,
നിന്റെ ചുണ്ടുകളിൽ ചുംബിക്കാൻ,
നിന്റെയാ പ്രിയമുള്ള ശബ്ദം വീണ്ടും കേൾക്കാൻ?
ഞാൻ നിന്നെ കുറിച്ച് എത്രമാത്രം സ്വപ്നം കണ്ടിട്ടുണ്ട്,
നിന്റെ നിഴലിനെ കെട്ടിപ്പിടിച്ച് ശീലിച്ച എന്റെ കരവലയങ്ങൾക്ക്
ഇനി നിന്റെ ശരീരത്തിന്റെ രൂപത്തെ ഉൾകൊള്ളാൻ കഴിയില്ല.
എത്രയോ ദിവസങ്ങളും വർഷങ്ങളും ഒഴിയാബാധയായി എന്റെ കൂടെ നിന്ന്
എന്നെ നിയന്ത്രിച്ചിരുന്ന ഒന്നിന്റെ യഥാർത്ഥ രൂപം മുൻപിൽ വന്നാൽ,
ഞാൻ തന്നെ ചിലപ്പോൾ ഒരു നിഴലായി മാറിയേക്കാം.
ഓ! ഈ വികാരങ്ങൾ പോകുന്നൊരു വഴി
ഞാൻ നിന്നെക്കുറിച്ച് എത്രമാത്രം സ്വപ്നം കണ്ടിട്ടുണ്ട്,
എനിക്കിനി ഉണരാൻ പോലും സമയമില്ല.
എല്ലാ വിധ ജീവജാലങ്ങൾക്കും സ്നേഹമാനങ്ങൾക്കും ഇരയായി
ഞാൻ എന്റെ തന്നെ കാൽക്കീഴിൽ കിടന്നുറങ്ങുന്നു,
പക്ഷെ നീയോ?,
എന്നെ ഇന്നും എണ്ണത്തിൽ പെടുത്തിയിരിക്കുന്നത് നീ മാത്രമാണ്,
അടുത്തുകൂടി നടന്നു പോകുന്ന ഏതെങ്കിലുമൊരാളുടെ മുഖം സ്പർശിക്കുന്നതിനേക്കാൾ
ഉത്തമമായി നിന്റെ മുഖമോ ചുണ്ടുകളോ സ്പർശിക്കാൻ ഞാനിന്ന് അപ്രാപ്തനാണ്.
ഞാൻ നിന്നെക്കുറിച്ച് എത്രമാത്രം സ്വപ്നം കണ്ടിട്ടുണ്ട്,
നിന്റെ പ്രേതത്തിന്റെ കൂടെ നടന്നിട്ടുണ്ട്,
അതിനൊട് സല്ലപിച്ചിട്ടുണ്ട്,
കൂടെ കിടന്നുറങ്ങിയിട്ടുണ്ട്,
ഇനി ചിലപ്പോൾ എനിക്കാകെ അവശേഷിക്കുന്നത്
പ്രേതങ്ങളിൽ പ്രേതമായി മാറാനായിരിക്കും,
ഒരു നിഴലിനേക്കാൾ നൂറു തവണ നിഴലായി നീങ്ങാൻ,
തിളക്കത്തോടു കൂടിയെങ്കിലും,
നിന്റെ ജീവിതത്തിന്റെ ഛായായന്ത്രത്തിനു മുകളിൽ കഴിയാൻ.
-റോബർട്ട് ഡെസ്‌നോസ്-
(പരിഭാഷ – മർത്ത്യൻ)
ഏപ്രിൽ കവിതാ മാസത്തിലെ 18-മത്തെ പരിഭാഷ
Categories: Malayalam translation
Leave a Reply