പോളിഷ് അമേരിക്കൻ കവിയും നിരൂപകനുമായ ജേക്കബ് ഗ്ലാസ്റ്റേയിനിന്റെ ‘ദി സിറ്റി’ എന്ന കവിതയുടെ മലയാളം പരിഭാഷ.
ദി സിറ്റി
——-
1.
എന്റെ തല അതിന്റെ വിളറിയ മുഖം പൊതു വഴിയിൽ കിടത്തി,
നഗരത്തിന്റെ ടെലിഫോൺ പോസ്റ്റുകൾ
എന്റെ കണ്മുൻപിൽ നിന്നും മറഞ്ഞു പോയി.
എന്റെ എല്ലുകൾ പൊള്ളയായിരുന്നു,
ഒരപരിചതന്റെ കാൽക്കൽ വിറക്കുന്ന പക്ഷികളെ പോലെ
ഭാരം കുറഞ്ഞങ്ങിനെ.
എന്റെ ദുര്‍ബലമായ കണ്ണുകളിൽ കൂടി
ആ നഗരം മെല്ലെ മറഞ്ഞു പോയി
നഗരത്തിന്റെ ശബ്ദകോലാഹലങ്ങൾ കല്ലിച്ചുറച്ച്
അന്തരീക്ഷത്തിൽ തങ്ങി നിന്നു.
2.
പെട്ടന്നൊരു കൈയ്യെന്നെ അങ്ങാടിയുടെ നടുവിലേക്ക്
വലിച്ചെറിഞ്ഞു, ഞാൻ ബോധമറ്റു വീണു.
എന്റെ മുകളിൽ ആളുകള്‍ കൂട്ടം കൂടി,
തേനീച്ചകളുടെ ഇരച്ചിലും മൂളിച്ചയും പോലെ.
എന്റെ കാലുകൾ കന്പികളായി മാറി,
രണ്ട് മഹത്തായ ചെവികൾ നിലത്ത് കിടന്നു.
എന്നിലൂടെ ഒരു നിലവിളി തുളച്ചു കയറി
ഡ്രം-ഡ്രം, ഡ്രം-ഡ്രം, ഡ്രം-ഡ്രം
3.
ഒരിക്കലീ നഗരം എന്നെ അതിന്റെടുത്തേക്ക് വലിച്ചിരുന്നു.
വളരെ ഉത്സാഹത്തോടെ, ഒരു പന്പരം പോലെ
ഞാൻ അതിനടുത്തേക്ക് കറങ്ങി ചെന്നു.
അതിന്റെ ആകർഷണത്തിൽ,
അതിന്റെ ആവേശത്തിന് ഞാൻ പൂർണ്ണമായും കീഴടങ്ങി.
ഞാൻ സംതൃപ്തനായി,
എങ്കിലും എന്റെ ചുറ്റും ആളുകൾ കറങ്ങിക്കൊണ്ടിരുന്നു,
അവർ ഉദ്യോഗങ്ങളിലും പരിശ്രമങ്ങളിലും വ്യാപൃതരായി.
ഒരു ഭ്രാന്തമായ ഗതി, ഒരു വേഗത
വർഷങ്ങളെ അവരറിയുന്നതിനു മുൻപേ അവരുടെ മുൻപിൽ അപ്രത്യക്ഷമാക്കി.
അപ്പോഴും ഞാൻ ശ്വാസം കിട്ടാനായി
ഒരു മൂലയ്ക്ക് മാറി നിന്നു.
എല്ലാം എന്റെ മുൻപിൽ മറഞ്ഞില്ലാതായി.
ആ നഗരത്തിന്റെ ചെണ്ടമേളം,
അങ്ങിനെ അന്തരീക്ഷത്തിൽ നിശബ്ദമായി.
-ജേക്കബ് ഗ്ലാസ്റ്റേയിൻ-
(പരിഭാഷ – മർത്ത്യൻ)
ഏപ്രിലിൽ അമേരിക്കയിൽ ആഘോഷിക്കപ്പെടുന്ന വാർഷിക കവിതാ മാസം (National Poetry Month) ന്റെ ഭാഗമായി എല്ലാ ദിവസവും ഒരു കവിത പരിഭാഷപ്പെടുത്തുന്നു. മുപ്പത് ലോക കവികളുടെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ഈ പ്രൊജക്ടിൽ പതിനഞ്ചാമത്തേതാണിത്.
Categories: Malayalam translation
Leave a Reply