പോർച്ചുഗീസ് കവി ഫെർണാണ്ടോ പെസോയയുടെ ഡിസ്കൺടിന്യൂവസ് പോയംസ് (Discontinuous Poems) എന്ന കവിതയുടെ മലയാളം പരിഭാഷ. ഫെർണാണ്ടോ ഹെട്രോണിം (Heteronym) എന്ന സാഹിത്യ ആശയത്തിന്റെ ഉപന്യാതാവുമാണ്. ഹെട്രോണിം എന്നാൽ പലതരം ശൈലിയിലുള്ള എഴുത്തുകൾ എഴുതാൻ എഴുത്തുകാരൻ സ്വയം സൃഷ്ടിക്കുന്ന സാങ്കല്പിക വ്യക്തിത്വങ്ങളാണ്. ഹെട്രോണിം എന്നത് തൂലികാനാമം സ്യൂഡോനെയിം എന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ് കാരണം ഹെട്രോണിമുകൾക്ക് വെറും അപരനാമങ്ങളല്ല തീർത്തും വ്യത്യസ്ത വ്യക്തിത്വങ്ങളാണ്. ഫെർണാണ്ടോയുടെ ഹെട്രോണിമുകൾ പലതാണ്. ആറാം വയസ്സിൽ ഷെവലിയർ ഡി പാസ് (Chevalier de Pas) എന്നതായിരുന്നു ആദ്യത്തെ ഹെട്രോണിം. അന്ന് അദ്ദേഹത്തിന് വയസ്സ് ആറ്. പിന്നെ റിക്കാർഡോ റെയിസ്, ഫെദ്രികോ റെയിസ്, ക്ലോഡ് പാസ്ചർ, വിസെന്റെ ഗുയെഡ്സ്, എ.എ ക്രോസ് എന്നിങ്ങനെ മറ്റനേകം ഹെട്രോണിമുകൾ. അദ്ദേഹത്തിന്റെ ആൽബർട്ടോ കയേരിയോ എന്ന ഹെട്രോണിം എഴുതിയ കവിതയാണ് ‘ഡിസ്കൺടിന്യൂവസ് പോയംസ്’.
ഡിസ്കൺടിന്യൂവസ് പോയംസ്
———————-
കാര്യങ്ങളുടെ പേടിപ്പിക്കുന്ന യാഥാർഥ്യം
എന്റെ ദൈനംദിന കണ്ടുപിടിക്കലുകളാണ്
എല്ലാ കാര്യങ്ങളും അതെന്തുതന്നെയാണോ അതു തന്നെയാണ്
ഞാനിതിലൊക്കെ ആഹ്ലാദിക്കുന്നു
എനിക്കിതെല്ലാം ധാരാളം മതി എന്നത് ഞാനെങ്ങനെ
മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കും?
പൂർണ്ണമാവാൻ ‘ഉണ്ടായിരിക്കുക’ എന്നത് തന്നെ ധാരാളമാണെന്ന്.
ഞാൻ കുറേ കവിതകൾ എഴുതിയിട്ടുണ്ട്.
മറ്റു പലരും അതിനേക്കാളുമെത്രയോ അധികം എഴുതിയിട്ടുണ്ട്.
എന്റെ എല്ലാ കവിതകളും വ്യത്യസ്തങ്ങളാണെങ്കിലും,
എന്റെ ഓരോ കവിതയും ഈ കാര്യം വിശദീകരിക്കുന്നു.
കാരണം,
നിലകൊള്ളുന്ന ഏത് കാര്യവും അതിന്റെ നിലനിൽപ്പ് പ്രഖ്യാപിച്ചു കൊണ്ടേയിരിക്കും
ചിലപ്പോൾ ഞാനൊരു കല്ലിനെ നോക്കി സ്വയം വ്യാപൃതനാകും
അതിന് എന്തെങ്കിലും വികാരമുണ്ടോ എന്ന് ഞാൻ ചിന്തിക്കാറില്ല
അതെന്റെ പെങ്ങളാണെന്ന് പറയാൻ ഞാൻ ശ്രമിക്കാറൂമില്ല
പക്ഷെ അതൊരു കല്ലാകുന്നതിൽ ഞാൻ സന്തോഷിക്കുന്നു
അതിന് വികാരങ്ങളില്ലാത്തതിലും ഞാൻ സന്തുഷ്ടനാണ്
അതെന്റെയൊരു ബന്ധുവല്ലാത്തതിലും ഞാൻ സന്തോഷം കാണുന്നു
ഇടയ്ക്ക് ഞാൻ കാറ്റ് വീശുന്നത് കേൾക്കുന്നു.
വെറുമോരു കാറ്റ് വീശുന്നത് കേൾക്കുന്നതിൽ തന്നെ
ഒരു ജന്മത്തിന്റെ സാഫല്യം അടങ്ങിയിരിക്കുന്നു
എന്ന് ഞാൻ തിരിച്ചറിയുന്നു.
ഇത് വായിക്കുന്നവർ എന്ത് ചിന്തിക്കുന്നു എന്നെനിക്കറിയില്ല.
പക്ഷെ നല്ലതായിരിക്കണം എന്ന് തോന്നുന്നു,
കാരണം
വളരെ അനായാസമായി എനിക്കങ്ങനെ ചിന്തിക്കാം.
അതും എന്റെ ചിന്തകൾ മറ്റുള്ളവർക്ക് കേൾക്കാൻ കഴിയുമോ എന്നറിയാതെ.
കാരണം ഞാൻ ചിന്തിക്കുന്നത് ചിന്തകളില്ലാതെയാണ്.
ഞാൻ സംസാരിക്കുന്നത് എന്റെ വാക്കുകൾ സംസാരിക്കുന്നത് പോലെയാണ്.
ഒരിക്കൽ അവരെന്നെ ഭൗതികവാദിയായ കവിയെന്ന് വിളിച്ചു
അതെനിക്കൊരു പ്രശംസയായി തോന്നി.
കാരണം ആരെങ്കിലും എന്നെ എന്തെങ്കിലും പേരിൽ വിളിക്കുമെന്ന്,
ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല.
ഞാനൊരു കവി പോലുമല്ല എന്നതും ഞാൻ അറിയുന്നു.
ഞാൻ എഴുതുന്നത് ശ്രേഷ്ഠമാണെങ്കിൽ, അതിനർത്ഥം ഞാൻ ശ്രേഷ്ഠമാണെന്നല്ല
മൂല്യമുണ്ടെങ്കിൽ, അതെന്റെ വരികളിൽ മാത്രമാണ്
ഇതൊന്നും തന്നെ എന്റെ ഇച്ഛാനുസാരമല്ല
-ആൽബർട്ടോ കയേരിയോ (ഫെർണാണ്ടോ പെസോയ)-
(പരിഭാഷ മർത്ത്യൻ)
Categories: Malayalam translation
Leave a Reply