ഒരു തെരുവു വിളക്കിന്റെ അടിയിൽ
ഒരു നഗരം പിറന്നു വീഴുന്നു
മഞ്ഞ വെളിച്ചത്തിൽ അവരെല്ലാം അതിനുവേണ്ടി
വെള്ള നിറത്തിലുള്ള ശവപെട്ടിയൊരുക്കുന്നു.
എന്ന് മരിക്കും എന്ന് ജാതകം കുറിച്ച് തിട്ടപ്പെടുത്തുന്നു.
പീരങ്കികൾക്ക് അതിന്റെ കവാടം തുറന്നു കൊടുക്കുന്നു.
അതിൽ ജനങ്ങൾ രാപ്പാർത്തു തുടങ്ങുന്നു.
കുട്ടികൾ തോക്കുകൾ നട്ടു വളർത്തുന്നു.
ഒരു തോക്കിന്റെ മുകളിൽ അവർ ഊഞ്ഞാലു കെട്ടുന്നു.
വെടിയുണ്ടകളിലെ മരുന്നെടുത്ത് ആരോ കോലം വരയ്ക്കുന്നു.
ഉത്സവം അടുത്ത് വന്നപ്പോൾ ആരോ അഭിപ്രായം പറയുന്നു.
“നമുക്ക് ഈ വർഷം നഗരം കത്തിക്കാം”
എല്ലാവരും കയ്യടിച്ചു പാസാക്കുന്നു
കൂക്കി വിളിച്ചു നൃത്തം വയ്ക്കുന്നു
ചിലർ തോക്കുകൾ പിഴുതെടുക്കുന്നു
ചിലർ വെടിമരുന്നു കോലങ്ങൾ കത്തിക്കുന്നു
തെരുവു വിളക്കിന്റെ മുകളിൽ
നഗ്നമായ ഒരു ചെടിയുടെ ജഡം കെട്ടി തൂക്കുന്നു
അതിൽ നിന്നും ഇറ്റു വീഴുന്ന വെള്ളത്തിന് ചുവന്ന നിറമായിരുന്നു
ഇന്ന് ശനിയാഴ്ച്ചയാണ്
ഞായറാഴ്ച്ചയാണ് ലോകം ഉണരുന്നത്
അന്ന് ഈ നഗരം ഇരുട്ടിലാകും
ഇനി തെരുവു വിളക്കുകൾ കാണില്ല
അതിനടിയിൽ നഗരങ്ങൾക്കു ജനിക്കാൻ
ഇനി അവയിൽ വെളിച്ചം കാണില്ല
ഉറക്കം ബാധിച്ച നഗരവാസികൾ
പീരങ്കികൾക്കു കാവൽ നിൽക്കാൻ കഴിയാതെ
മനം നൊന്ത് സമാധാനത്തെ പഴി പറയും
യുദ്ധം അവരുടെ ജന്മാവകാശമാണ് എന്ന് ഉറക്കത്തിൽ സ്വപ്നം കാണും
പിറക്കുന്ന നഗരങ്ങളെ കത്തിച്ചു കഴിഞ്ഞിരിക്കുന്നു
ഇനി ചാരം കൊണ്ടാവാം കോലങ്ങൾ
ഇരുട്ടിൽ എന്തായാലെന്ത്
മർത്ത്യനു തിരക്കു കാണിച്ചാൽ മതിയല്ലോ
-മർത്ത്യൻ-
Categories: കവിത
ഹായ്