ജ്യൂയിഷ് ജർമ്മൻ കവയിത്രിയായ നെല്ലി സാക്ക്സിന്റെ ‘ദി കോറസ് ഓഫ് ദി റെസ്ക്യൂഡ്’ എന്ന കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്. രണ്ടാം ലോക മഹായുദ്ധക്കാലത്തെ അവരുടെയും ജർമ്മനിയിലെ ജൂത വംശചരുടെയും അനുഭവങ്ങൾ കവിതകളിൽ വ്യക്തമാണ്. ഈ കവിത വിവർത്തനം ചെയ്യാൻ അല്പം ബുദ്ധിമുട്ടി, കവിതയുടെ സ്വഭാവം തന്നെ കാരണം.
ദി കോറസ് ഓഫ് ദി റെസ്ക്യൂഡ് – നെല്ലി സാക്ക്സ്
———————————–
ഞങ്ങൾ രക്ഷിക്കപ്പെട്ടവർ,
ഞങ്ങളുടെ പൊള്ളയായ എല്ലുകളിൽ നിന്നും മരണം
അതിന്റെ ഓടക്കുഴൽ മുറിച്ചെടുത്തിരിക്കുന്നു.
ഞങ്ങളുടെ ഞരന്പുൾ കൊണ്ടവൻ വില്ല് കുലച്ചിരിക്കുന്നു;
ഞങ്ങളുടെ ശരീരം അതിന്റെ ഛേദിക്കപ്പെട്ട സംഗീതം കൊണ്ട് വിലപിച്ചു കൊണ്ടിരിക്കുന്നു.
ഞങ്ങൾ രക്ഷിക്കപ്പെട്ടവർ,
ഞങ്ങളുടെ കഴുത്തുകളില്ലായിരുന്നെങ്കിൽ ഈ കുരുക്കുകൾ
ഞങ്ങളുടെ മുൻപിൽ നിറയുന്ന നീല വായുവിനെപ്പോലും തൂക്കിലേറ്റുമായിരുന്നു
ഈ ചൊരിമണല്‍ ഘടികാരങ്ങൾ രക്തം ഇറ്റു വീഴാതെ നിറയുന്നുണ്ട്
ഞങ്ങൾ രക്ഷിക്കപ്പെട്ടവർ,
ഭീതിയുടെ പുഴുക്കൾ ഇപ്പോഴും ഞങ്ങളെ കാർന്നു കൊണ്ടിരിക്കുന്നു
ഞങ്ങളുടെ നക്ഷത്ര സമൂഹം പൊടിപടലത്തിൽ കുഴിച്ചിടപ്പെട്ടിരിക്കുന്നു.
ഞങ്ങൾ രക്ഷിക്കപ്പെട്ടവർ… ഞങ്ങൾ നിങ്ങളോട് യാചിക്കുന്നു
പതിയെ നിങ്ങളുടെ സൂര്യനെ ഞങ്ങൾക്ക് കാണിച്ചു തരൂ,
ഞങ്ങളെ നക്ഷത്രങ്ങളിൽ നിന്നും നക്ഷത്രങ്ങളിലേക്ക് പടിപടിയായി നയിക്കണം
അല്പം സൗമ്യതയോടെ വേണം ഞങ്ങളെ വീണ്ടും ജീവിക്കാൻ പഠിപ്പിക്കുന്നത്
ഇല്ലെങ്കില്‍…
ഒരു പക്ഷിയുടെ പാട്ടോ… കിണറ്റിൽ നിന്നും നിറക്കുന്ന തൊട്ടിയോ..
ഞങ്ങളുടെ ഉറപ്പില്ലാതെ അടച്ചുമുദ്രവച്ച വേദന വീണ്ടും പൊട്ടിച്ചു പുറത്തെടുത്ത്
ഞങ്ങളെ കൂടെ എടുത്ത് കൊണ്ടു പോകും
ഞങ്ങൾ നിങ്ങളോട് യാചിക്കുന്നു
ഞങ്ങളെ ക്രുദ്ധമായ നായ്ക്കളുടെ മുൻപിലേക്ക് കൊണ്ട് പോകരുത്,
ഞങ്ങൾ വീണ്ടും പോടിപടലങ്ങളിലെക്ക് അലിഞ്ഞു ചേരും
നിങ്ങളുടെ കൺമുൻപിൽ തന്നെ
ഞങ്ങൾ പോടിപടലങ്ങളിലെക്ക് അലിഞ്ഞു ചേരും
അറിയാമോ… എന്താണ് ഞങ്ങളുടെ ശരീരഘടനയെ ഒരുമിപ്പിക്കുന്നത് എന്ന്?
ഞങ്ങൾ ശ്വാസം പോലും കൈവിട്ടു പോയവരാണിന്ന്
ഞങ്ങളുടെ ശരീരത്തെ ഈ വളഞ്ഞ നിമിഷത്തിലേക്ക് രക്ഷിച്ചെടുക്കുന്നതിന് എത്രയോ മുന്‍പേ തന്നെ
ഞങ്ങളുടെ ആത്മാവ് അർദ്ധരാത്രിയിലേക്ക് ഒളിച്ചോടിയിരിക്കുന്നു…
ഞങ്ങൾ രക്ഷിക്കപ്പെട്ടവരാണ്
ഞങ്ങൾ നിങ്ങളുടെ കൈയ്യിൽ മുറുക്കെ പിടിക്കയാണ്
ഞങ്ങൾ നിങ്ങളുടെ കണ്ണിലേക്ക് നോക്കുകയാണ്,
പക്ഷെ നമ്മളെ തമ്മിൽ ബന്ധിക്കുന്നത് ഇപ്പോൾ ഒരു യാത്രാമൊഴി മാത്രംമാകുന്നു
പൊടിപടലങ്ങളുടെ ഒരു യാത്രാമൊഴി നമ്മളെ ഒരുമിച്ചു ബന്ധിച്ചിരിക്കുന്നു
(വിവർത്തനം-മർത്ത്യൻ)
Nelly Sachs
(10 December 1891 – 12 May 1970)
Categories: Malayalam translation
Leave a Reply