അവൾ രാഖി അയച്ചില്ല ഇക്കുറി. അവൻ പരിചയമുള്ള പലരോടും പരാതിപ്പെട്ടു. ബന്ധുക്കൾ പലരും മൂക്കത്ത് വിരൾ വച്ചു. എന്നാലും അവൾ ഇങ്ങനെ മറക്കാൻ പാടുണ്ടോ. സ്ത്രീകൾ അവരുടെ ആങ്ങളമാരെ അടുത്ത് പിടിച്ച് പറഞ്ഞു. അവന്റെ മുഖം ചുവന്നു. അവൻ മെല്ലെ മുറിയിലേക്ക് ചെന്നു. ഫോണ് എടുത്ത് നമ്പർ കറക്കി
“എന്താ മോനെ…. ഞാൻ കരുതി മോൻ ചേച്ചിയെ മറന്നെന്ന് രണ്ട് വർഷമായില്ലേ വിളിച്ചിട്ട്… ഞാൻ ഇക്കുറിയും രാഖി അയച്ചിരുന്നു മോന് കിട്ട്യോ….?”
മൌനം……………
“കിട്ടി…….” അവൻ കള്ളം പറഞ്ഞു
പിന്നെ അവനെന്തോ ഓർമ്മ വന്നു “ഞാൻ കഴിഞ്ഞ വർഷം വീട് മാറി അഡ്രസ്സ് തരാൻ മറന്നു” അവൻ പറഞ്ഞൊപ്പിച്ചു
“അത് സാരല്ല്യ പുതിയ വീട്ടിലേക്ക് മാറീലൊ…. അത് നന്നായി ഞാൻ കഴിഞ്ഞ മാസം ഒന്ന് വീണു ഇപ്പോഴാണ് എഴുന്നേറ്റ് നടന്നു തുടങ്ങിയത് നിന്നേ കുറെ വിളിക്കാൻ ശ്രമിച്ചു പക്ഷെ കിട്ടണ്ടേ…. നമ്പറും മാറ്യോ..”
“മംമം…..” മൂളലിൽ ഒതുങ്ങേണ്ടി വരുന്ന ജീവിതങ്ങൾ
“ഇനി ഞാൻ ആരെങ്കിലും അങ്ങട്ട് വരുമ്പം തിന്നാൻ നെനക്ക് വേണ്ടതൊക്കെ കൊടുത്തയക്കാം ഏതായാലും നിനക്ക് രാഖി കിട്ടിയല്ലോ അല്ലെ…? ചേച്ചിക്ക് സന്തോഷായി…..”
“ചേച്ചി….. ഞാൻ……”
“അതെ നിനക്ക് തിരക്ക് കാണും പക്ഷേ നീ ഇന്നും എനിക്ക്
ആ വികൃതി കുട്ടൻ തന്ന്യാ….നീ സമയം കിട്ടുമ്പം വിളിക്ക്….
ചേച്ചിക്ക് നീയല്ലേ ള്ളൂ….”
-മർത്ത്യൻ-
Categories: കഥ
Leave a Reply