മുറിയുടെ ജനലുകളിലെ കർട്ടൻ വലിച്ചു നീക്കിയപ്പോൾ കണ്ടു….. ജനലുകൾ തുറന്നപ്പോൾ കേട്ടു…. പുറത്തു കിടന്ന് മഴയും വെയിലും കൊണ്ട് നനഞ്ഞുണങ്ങി വീണ്ടും നനഞ്ഞ ഒരു കളിപ്പാട്ടം മറ്റൊരു കളിപ്പാട്ടത്തിനോട് പറഞ്ഞത്…..
അമേരിക്കയിൽ ജനിച്ച ഒരു ട്ടെഡ്ഢി ബെയർ അടുത്ത് കിടന്ന വാല് വലിച്ചാൽ ഓടുന്ന ഗുരുവായൂർക്കാരാൻ കേശവനോട്… “സൊ കോള്ഡ്….”
അപ്പോൾ കേശവൻ “ശരിയാണ് എന്തൊരു തണുപ്പാ… വയസ്സായി…. പഴയതാണ്…. എന്നതൊക്കെ ശരി തന്നെ എന്നാലും….. എന്നാലും ഇത് കുറച്ചതിക്രമം തന്നെ… ഇവനൊക്കെ നമ്മളെ ഒന്ന് മാറ്റി ആ മഴയും വെയിലും കൊള്ളാത്തയിടത്തേക്ക് ഇട്ടുകൂടെ…”
“യെസ്… സോ ഇൻകണ്സിഡറേറ്റ്…” ട്ടെഡ്ഢി ശരി വച്ചു…
“ഇനി എന്റെ വാലു പിടിച്ചു വലിച്ചാൽ ഞാൻ അനങ്ങില്ല…. അത് പൊട്ടിപ്പൊവെ ഉള്ളു… അത്രയ്ക്ക് മഴയും വെയിലും കൊണ്ടു” കേശവൻ വിഷമം പറഞ്ഞു.
അവർ രണ്ടു പേരും ദൂരെ കിടക്കുന്ന ചൈനക്കാരുടെ കൂട്ടത്തിലേക്ക് നോക്കി…..ഒരു പാമ്പ്, ഒരു ആമ, ഒരു മിണ്ടുന്ന പേരറിയാത്ത ജീവി, ടയറു പൊട്ടിയ, മലർന്നു കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ കാറുകൾ, അവരെ നിയന്ത്രിക്കുന്ന സ്വിച്ചുകളെല്ലാം ഉപയോഗ ശൂന്യമായിരുന്നു…. ഒരു അണ്ണാൻ പരിശോദിച്ച് പരിശോദിച്ച് ഇല്ലാതാക്കിയ ഒരു കുഞ്ഞി പന്ത്…. ബാറ്ററി ഇല്ലാത്തതിനാൽ ഒരിക്കലും പറക്കാൻ കഴിയാതെ പോയി ഇപ്പോൾ ചിറകും അറ്റ് കിടക്കുന്ന ഹെലിക്കൊപ്ട്ടർ പൊലൊരുത്തൻ….
ട്ടെഡ്ഢി മെല്ലെ പറഞ്ഞു.. “ലുക്ക് അറ്റ് ദെം… ദേ ആർ ആൾ ചൈനീസ്… ദേ കം ഫ്രം സോ ഫാർ…”
അത് കേട്ട് കേശവൻ ഉറക്കെ ചിരിച്ചു…. ട്ടെഡ്ഢി അന്തം വിട്ട് നോക്കിയിരുന്നപ്പോൾ കേശവൻ പറഞ്ഞു…
“യൂ ഫൂൾ… നീ എന്താ കരുതിയത് നിന്റെ കോളറിന്റെ പിന്നിലുമുണ്ട് ‘മേഡ് ഇൻ ചൈന’…. മണ്ടൻ….. നീ ഇത്രയും കാലം അമേരിക്കനാണെന്ന് കരുതിയോ… സാരമില്ല… ഇറ്റ് ഹാപ്പൻസ്…. ആ ചൈനക്കാരും അമേരിക്കക്കാരാ എന്നാണ് അവരുടെ ധാരണ…. സൊ നോ വറീസ്…. ബട്ട് ഐ ആം ഇന്ത്യൻ…. എനിക്കുറപ്പാ…. ഐ ഹേർഡ് ദെം സേ…. വെൻ ദേ ബോട്ട് മീ ഹിയർ…..’മെയിഡ് ഇൻ ഇന്ത്യ’….. ‘മെയിഡ് ഇൻ ഇന്ത്യ’…. ”
ട്ടെഡ്ഢി അത് കേട്ട് പറഞ്ഞു… “മൈറ്റ് ബീ…. മൈറ്റ് ബീ… ഐ നെവർ തൊട്ട് സൊ…”
അവർ വീണ്ടും ചൈനക്കാരെ നോക്കി… പക്ഷെ ഇത്തവണ ട്ടെഡ്ഢിക്ക് അവരോട് മുൻപൊന്നുമില്ലാത്തൊരു അടുപ്പം തോന്നി…
അപ്പോൾ ഞാൻ വാതിൽ തുറന്നു ചെന്ന് പൊട്ടാത്ത കളിപ്പാട്ടങ്ങളെ പെറുക്കിയെടുത്ത് രണ്ട് പെട്ടിയിലിട്ടു…. പ്രത്യക്ഷത്തിൽ പൊട്ടിയവയെ എല്ലാമെടുത്ത് റീസൈക്കിളിംഗ് ബൊക്സിലിട്ടു…. അടുത്ത ആഴ്ച ഡൊണേഷൻ വാൻ വരുന്നുണ്ട്…. അവർക്ക് കളിപ്പാട്ടം വേണമത്രെ….. കേശവനും ട്ടെഡ്ഢിയും മറ്റ് ചൈനക്കാരും എല്ലാം ഡൊണേഷൻകാർക്കുള്ള ഏതോ ഒരു പെട്ടിയിൽ കിടന്നു…. ട്ടെഡ്ഢിയും കേശവനും ഒരേ പെട്ടിയിലായിരുന്നൊ… അറിയില്ല…. ഇനി അവരുടെ യാത്ര എങ്ങോട്ടാവും… അതും അറിയില്ല… ഏതായാലും ഇവിടുത്തെക്കാൾ നന്നായി നൊക്കുന്നൊരിടത്തേക്കായിരിക്കും…. മഴയും വെയിലും ഒന്നും കൊള്ളാത്തൊരിടത്തെക്ക് അത് തീർച്ച…. പക്ഷെ ഇനിയുള്ള സ്ഥലത്ത് ചെല്ലുമ്പോൾ ട്ടെഡ്ഢി ചൈനക്കാരനാണെന്നേ പറയൂ…. പക്ഷെ…. കേശവൻ… കേശവൻ ഇന്ത്യക്കാരൻ തന്നെ…. മലയാളി… ഒരു ഗുരുവായൂർക്കാരൻ…
-മർത്ത്യൻ-
Categories: കഥ
Leave a Reply