സുഹൃത്തെ….
നിനക്ക് സുഖം തന്നെ എന്ന് കരുതുന്നു….. എനിക്കും സുഖം…. പിന്നെ പണ്ടു പറഞ്ഞ പോലെ ഇരുളിന്റ എല്ലാ വർണ്ണങ്ങളും
ഞാൻ എന്റെ പകലുകളിൽ ചായമിട്ട് കഴിഞ്ഞു…. ഇപ്പോൾ കണ്ണടച്ചും സൌന്ദര്യം ആസ്വദിക്കാൻ പഠിച്ചു….. അതുകൊണ്ട് ഒരു വിഷമവുമില്ലാതെ കഴിയുന്നു…
നീ ഈ വഴി വരുന്നെന്ന് കേട്ടു…. ഞാൻ ഒരുക്കങ്ങൾ തുടങ്ങി… നീ കളഞ്ഞിട്ടു പോയ കളിപ്പാട്ടം ഞാൻ പൊടി തട്ടി മിനുക്കി അലമാരയിൽ
ഭദ്രമായി വയ്ക്കുകയും ചെയ്തു….. നീ ആർക്കും കൊടുക്കാതെ ഉരുട്ടി നടന്നിരുന്ന നിന്റെ അമ്മാവന്റെ മഹീന്ദ്രാ ജീപ്പിന്റെ ടയർ ഓർമ്മയില്ലേ…. ഞാൻ ആളെ വിട്ട് പിന്നാമ്പുറത്തൊക്കെ തിരഞ്ഞു… നീ പോയപ്പോൾ എനിക്ക് തന്നതാണല്ലോ…. ഇപ്പോൾ കാണാനില്ല…. ആരെങ്കിലും എടുത്തു കാണും… സാരമില്ല… നമുക്ക് വേറെ സങ്കടിപ്പിക്കാം…. ഇപ്പോൾ പല തരം വണ്ടികളില്ലേ…?
നിനക്ക് ഇപ്പോൾ ആരാവാനാണ് ഇഷ്ടം…. പണ്ട് നീ ജയനായും ഞാൻ നസീറായും ജോസ് പ്രകാശന്മാരെയും ബാലൻ കെ നായരെയും തിരഞ്ഞ് വളപ്പിലെ ചേറിൽ അടി കിട്ടും വരെ ഓടി നടന്നത് നീ മറന്നിട്ടുണ്ടാവില്ല… ഇപ്പോൾ കുറെയായി അങ്ങനെയൊക്കെ കളിച്ചിട്ട്…. ചളി കാണുന്നതെ അറപ്പാ… പക്ഷെ നീ വരുമ്പോൾ ശരിക്കും മണ്ണിൽ ഒന്ന് ആറാടണം….. മതിവര്വോളം….
ഇന്നലെ വീട്ടിൽ പഴംപൊരി ഉണ്ടാക്കി… നിനക്ക് ഞാൻ ഒന്നെടുത്തു വയ്ക്കാൻ പറഞ്ഞിട്ടുണ്ട്…. പക്ഷെ എന്തോ പണ്ടത്തെ പോലെ മധുരം പോരാ….. നിനക്ക് ഇപ്പോഴും മാഷടെ അടുത്ത്ന്ന് തല്ലു കിട്ടാറുണ്ടോ….. വികൃതിക്ക് കുറവൊന്നും ഇല്ലല്ലോ അല്ലെ… ഏതായാലും നീ വന്നാൽ പണ്ട് നിന്നെ ട്രൌസറിൽ മുള്ളിച്ച പൌലോസ് മാഷെ കാണണം…. തക്കം കിട്ടിയാൽ അയാളടെ വളപ്പിൽ കയറി മുള്ളണം…. നല്ല രസമായിരിക്കും….
നിന്നോട് ചിരിക്കാറുള്ള പെണ്കുട്ടി വീട് മാറിപ്പോയി…. ആരോ പറയുന്നത് കേട്ടു, അവളുടെ ചിരി അവളുടെ കൊമ്പൻ മീശക്കാരൻ തന്ത ഏതോ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നെന്ന്…. പക്ഷെ അവളുടെ തേങ്ങലുകൾ ജനാല കടന്ന് ഇടയ്ക്കൊക്കെ ആ മൂവാണ്ടാൻ മാവിന്റെ ചുവട്ടിൽ ഒറ്റയ്ക്കിരിക്കാറുണ്ടോ എന്നെനിക്ക് തോന്നും…. വെറുതെ തോന്നുന്നതായിരിക്കും….. എല്ലാവരും പറയാറുണ്ട് എനിക്ക് അങ്ങനെ വെറുതെ ഓരോന്ന് തോന്നുന്നതാ ന്ന്…. പക്ഷെ നമ്മട കഥ അവർക്കറിയൊ… ഏതായാലും നീ വരും ന്ന് കേട്ടിട്ടുള്ള സന്തോഷത്തിലാണ്….. സ്കൂള് പൂട്ടിയപ്പോൾ പോലും ഇങ്ങനെ തോന്നിയിട്ടില്ല…. നിന്റെ സ്കൂളും പൂട്ടി കാണുമല്ലോ അല്ലെ….
എഴുതി എഴുതി കാര്യം മറന്നു…. നിനക്ക് എത്ര കുട്ടികളാ…. അവരൊക്കെ കോളേജിലായി കാണുമല്ലോ….. ഭാര്യയുടെ പേര് മറന്നു….. നീ വരുമ്പോൾ പറഞ്ഞാൽ മതി….. എന്നാൽ നിർത്തട്ടെ….
നിന്റെ സ്വന്തം സുഹൃത്ത്
ഒപ്പ്
“ഇന്നെത് സുഹൃത്തിനാ ഹേ കത്ത്…..?”
അവൻ തിരിഞ്ഞു നോക്കി
“അതാ… ഞാൻ മറന്നു…. ഇക്കുറിയും പേരില്ല….. സാരമില്ല….”
അവൻ കടലാസ് മടക്കി കവറിലിട്ട് അത് നീട്ടിയിട്ട് പറഞ്ഞു “ഡോക്ടറ് തന്നെ നല്ലൊരു പേരും അഡ്രസ്സും കണ്ടു പിടിച്ച് എഴുതി അയച്ചാൽ മതി….. എനിക്ക് ഉറക്കം വരുന്നു…. കുറെ സ്വപ്നം കാണാനുള്ളതാ…”
അവൻ ഉറങ്ങിയപ്പോൾ ഡോക്റ്റർ എല്ലാ ദിവസവും പോലെ ആ കവർ തുറക്കാതെ ഭദ്രമായി അലമാറയിൽ വച്ചു…..
എന്നിട്ട് അടുത്ത് നിന്ന സ്ത്രീയോട് പറഞ്ഞു…..
“ഹീ വിൽ ബീ ആൾ റൈറ്റ്…. എല്ലാം ഭേദമായി ഇതൊക്കെ വായിക്കുന്നത് കാണാൻ നല്ല രസമായിരിക്കും… ബി ഒപ്റ്റിമിസ്റ്റിക് ”
-മർത്ത്യൻ-
Categories: കഥ
Leave a Reply