ഞണ്ടിനെ കണ്ടു പഠിക്കണം എന്ന് ഒരു മാനേജ്മെന്റ് വിദഗ്ദ്ധൻ പറഞ്ഞു.. അങ്ങിനെയാണ് നിങ്ങൾ മലയാളീസ്
എന്നും കൂട്ടി ചേർത്തു… കൂടെയിരുന്ന വടക്കൻ കുടു കുടാ ചിരിച്ചു…. കാലം കുറേ കഴിഞ്ഞു, ആ വടക്കന്റെ മുഖം ഓർമ്മയില്ല… ഞാൻ ആ മാനേജ്മെന്റ് തെണ്ടി പഠിപ്പിച്ചത് മറന്നു… അല്ല അന്നും അയാൾ പറഞ്ഞത് തീർത്തും മനസ്സിലായിരുന്നില്ല… കരീംക്കാന്റെ ഹോട്ടലിലെ ഞണ്ട് മസാലയാണ് മനസ്സിൽ അന്നും ഇന്നും…. അതെങ്ങിനെ മറക്കും…. ഞണ്ട് മസാല മാത്രമല്ല ഹോട്ടലിന്റെ അടുത്തുള്ള ട്യൂഷൻ സെന്ററിൽ ജോലി ചെയ്തിരുന്ന സുഹറയേയും ഓർമ്മയുണ്ട്….
ഞണ്ടിനെ കണ്ടിട്ട് ഒന്നും പഠിച്ചില്ല… സുഹറയുടെ മൂത്താപ്പയുടെ കൈയ്യിൽ നിന്ന് കൊണ്ടിട്ടും പഠിച്ചില്ല…. പിന്നെ ലിജി, കമലാക്ഷി, ആലിസ്, ഞണ്ട് ഫ്രൈ, ഞണ്ട് റോസ്റ്റ്, സായിപ്പ് ഞണ്ടിന്റെ കേയ്ക്ക് അങ്ങിനെ പലതിനു ശേഷവും ഒന്നും പഠിച്ചില്ല…. അല്ലെങ്കിലും ഞണ്ടിനെ പറഞ്ഞിട്ട് കാര്യമില്ല…. ഞണ്ടിന്റെ മാനേജ്മെന്റ് തിയറി ഒരിക്കലും ഒരു മലയാളീസിന്റെ മണ്ടയിൽ കയറില്ല…. അത് കൊണ്ടു തന്നെ അവൻ ഒരിക്കലും കര കയറില്ല… മാനേജ്മെന്റ് തെണ്ടിയുടെ വാക്കുകൾ വീണ്ടും… അവനെപ്പോഴോ ഒരു മലയാളീസിന്റെ കയ്യിൽ നിന്നും നെരിപ്പട്ടം കൊണ്ടിട്ടുണ്ട്… വടക്കന്റെ കുടു കുടാ ചിരി ഉച്ചത്തിലുള്ള അട്ടഹാസമായി…. കൂടെ ചിരിക്കാൻ തട്ടത്തിന്റെ മറവിലിരുന്ന് സുഹറയും, കുഞ്ഞിന് മുലകൊടുത്തു കൊണ്ട് ലിജിയും, ഭർത്താവിന്റെ തോളിൽ ചാരി നിന്ന് കമലാക്ഷിയും പിന്നെ കന്യാമഠത്തിന്റെ ജനൽ കമ്പി പിടിച്ച് ആലിസും വടക്കന്റെ കൂടെ കൂടിയോ…
ഞണ്ടിന്റെ മുകളിൽ പുരണ്ടു കിടന്ന വറുത്തരച്ച ഉള്ളി മസാല വിരലുകൊണ്ട് തോണ്ടി നാവിൽ വച്ചു… എന്നിട്ട് ഗ്ലാസ്സുയർത്തി ചുണ്ടിനോട് ചേർത്ത് ഒരു കവിൾ ഉള്ളിലാക്കി…. അതിന്റെ സുഖം ആ മാനേജ്മെന്റ് തെണ്ടിക്കും വടക്കനും ഒന്നും അറിയില്ലല്ലൊ …. അത് അങ്ങിനെ മെല്ലെ ചങ്കു വഴി ഇറങ്ങി പോകുന്നിടം മുഴുവൻ തെളിഞ്ഞ് കാണുമായിരിക്കും പണ്ട് തിന്നു തീർത്ത ഞണ്ടുകളുടെ ഗതി കിട്ടാ ആത്മാക്കൾക്ക്…. ഈ ഞണ്ടുകളുടെ ഒരു കാര്യം…. മലയാളീസ് കണ്ടു പഠിച്ചില്ലെങ്കിലും മലയാളീസിന്റെ പള്ളയിൽ കിടന്ന് പഠിക്കും…..
-മർത്ത്യൻ-
Categories: കഥ
Leave a Reply