ശവംതീനികളുടെ ചരിത്ര പുസ്തകത്തിൽ
ജീവിതത്തിനു പ്രസക്തിയുണ്ടാവില്ല….
പക്ഷെ കാതോർത്താൽ
ശവപ്പറമ്പുകളിലെ നിശബ്ദതകളിൽ
ജീവിതത്തിന്റെ ചിരിച്ചുകളിയും, നെടുവീർപ്പുകളും
കൂട്ടക്കരച്ചിലും എല്ലാം കേൾക്കാം….
മരണപ്പെട്ടവരുടെ ഇടയിൽ നിന്നും
ജീവിതത്തിനെ കുറിച്ചുള്ള
അടക്കം പറച്ചിലുകൾ കേൾക്കാം…
കല്ലറകൾ മാറ്റിയാൽ കാണാം
തെറ്റുകൾ മറച്ചു വയ്ക്കാതെ
അടഞ്ഞു പോയ പരിചയമില്ലാത്ത കണ്ണുകൾ…
ജനനങ്ങളുടെ പരാജയവും മരണങ്ങളുടെ
വിജയവും തൊട്ടറിയാം….
ജീവിതം ആർഭാടങ്ങളൊന്നുമില്ലാതെ
ഉറങ്ങി കിടക്കുന്നതറിയാം…
ഉത്തരം പേടിച്ച് ചോദിക്കാതെ മടിച്ചു
നിന്ന പലതും അന്വേഷിക്കാതെ തന്നെ
സ്വന്തം ജീവിതത്തിലേക്ക് പകർന്നു കിട്ടും….
അങ്ങിനെ ശവപ്പറമ്പിൽ പോയി
തിരിച്ചു വരണം ഇടയ്ക്കൊക്കെ എല്ലാവരും….
മനസ്സിലെങ്കിലും….
എന്നിട്ട് ജീവിതത്തിൽ തീർത്ത
നൂറു കണക്കിന് കല്ലറകൾ
ഓരോന്നായി തുറക്കണം
അതിൽ അടഞ്ഞിരിക്കുന്ന
ഇന്നലെയുടെ നിഴലുകളെ
സ്വതന്ത്രമാക്കണം….
അവ പറന്നു പോകുന്ന വഴിയെ
സഞ്ചരിച്ചു നോക്കണം….
അപ്പോൾ കാണും… ഒരിക്കലും
കാണാൻ കഴിയാതിരുന്ന
ജീവിതത്തിന്റെ തെളിച്ചവും പൊരുളും…
ശവപ്പറമ്പുകൾ ജീവിതത്തിന്റെ
അവസാനമല്ല…..
ജീവിതത്തിന്റെ ഇടയിലാണ്
സന്ദർശിക്കണ്ടത്…..
ശവപ്പറമ്പുകൾ ജീവിതത്തിന്റെ
അവസാനമല്ല…..
ജീവിതത്തിന്റെ ഇടയിലാണ്
സന്ദർശിക്കണ്ടത്…..
-മർത്ത്യൻ-
Categories: കവിത
നല്ല സന്ദേശം.. നല്ല വരികള്‍