മൊബൈൽ ഫോണ് ആരോ വേദനിപ്പിച്ചതു പോലെ ഉറക്കെ കരയാൻ തുടങ്ങി… നിർത്താതെ….. റിംഗ് ടോണ് മാറ്റണം എന്ന് പലവട്ടം കരുതിയതാണ്… നടന്നില്ല. മാറ്റിയിരുന്നെങ്കിൽ വല്ല അടിപൊളി ഹിന്ദി പാട്ടും വയ്ക്കാമായിരുന്നു….. കരയുന്നതിനു പകരം അത് പാടി ബിപാഷയെ പോലെ നൃത്തം വയ്ക്കുമായിരുന്നോ…?…. അറിയില്ല….. അല്ലെങ്കിലും അധികവും വൈബ്രേറ്റ് മോഡിലാണ് പതിവ് …. അപ്പോൾ ആര് വിളിച്ചാലും ഷീല നെടുവീർപ്പുമിട്ട് കണ്പോള വൈബ്രേറ്റ് ചെയ്യുന്ന പോലെ നില്ക്കും അല്ലാതെ ഒന്നുമുണ്ടാവില്ല …. പക്ഷെ ഇന്ന് വൈബ്രേറ്റ് മോഡിലും ഇട്ടില്ല… എന്തൊരു അലർച്ച….. ഏതായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല…. ആരായിരിക്കും വിളിക്കുന്നത്……എടുക്കണ്ട…. പക്ഷെ കരച്ചിൽ നിർത്തുന്നില്ലല്ലൊ…. വിളിക്കുന്ന ആളുടെ മാനസികാവസ്ഥ ഈ കരച്ചിൽ പോലെയാകുമോ…. എങ്കിൽ എടുക്കണം… വല്ല അത്യാവശ്യവുമാണെങ്കിലോ….. പക്ഷെ ചിലപ്പോൾ അനാവശ്യ മാർക്കെറ്റിംഗ് കോളായിരിക്കും… എടുക്കണ്ട…. എടുത്തില്ല.
അത് അൽപം കഴിഞ്ഞ് കരച്ചിലും പരാക്രമവും കഴിഞ്ഞ് നിശ്ചലമായി…. മെല്ലെ അടുത്ത് ചെന്നെടുത്തു നോക്കി…… കരച്ചിൽ നിന്നതല്ല… ശരിക്കും ചത്തതാണ്…. പാവം കരഞ്ഞു കരഞ്ഞു ചാർജു പോയി…. ചാർജർ എടുത്തു കുത്തി… അത് മെല്ലെ ഉണർന്നു….. ഒരു ബീപ്പടിച്ച് മിഴിച്ചു നോക്കി…. മിസ്സ്ഡ് കോൾ കാണാൻ കോൾ ലോഗ് എടുത്തു നോക്കി…… ഇല്ല മിസ്സ്ട് കോൾ ഇല്ല…. ആരും വിളിച്ചിട്ടില്ല…. ഇപ്പോഴെന്നല്ല കഴിഞ്ഞ ഒരു മാസമായി ആരും തന്നെ വിളിച്ചിട്ടില്ല… അവസാനത്തെ കോൾ കഴിഞ്ഞ മാസം പതിനഞ്ചിന്…. അതിനു ശേഷം ഒരു കോളുമില്ല….. പിന്നെ മിസ്സ്ഡ് കോൾ….. എന്നും വരാറുള്ള മിസ്സ്ഡ് കോൾ…. ആരായിരിക്കും….. പ്ലീസ് ആരെങ്കിലും ഒന്ന് വിളിക്കു….. ഭ്രാന്തു പിടിക്കുന്നതിനു മുൻപ് …… പ്ലീസ്….
-മർത്ത്യൻ-
Categories: കഥ
Leave a Reply