മൃതിയടഞ്ഞവര്‍ ഈ ലോകം വിടുന്നതിനു മുന്‍പ് അവസാനം ചെന്നെത്തുന്നത് സമൂഹത്തില്‍ നിന്ന് പണ്ടെങ്ങോ ആട്ടിയോടിച്ച സരസുവിന്റെ, ലോകമവസാനിക്കുന്നിടത്തുള്ള ഏതോ ഒരു കുടിലിലാണെന്ന് കണ്ടു പിടിച്ചു. സരസു അവരെ സല്ക്കരിച്ചിരുത്തി അത്താഴം വിളമ്പി അവളുടെ കഥ പറഞ്ഞു കേള്‍പ്പിക്കുമത്രെ. കഥ കേട്ട് അവര്‍ സരസുവിനോട് ചെയ്ത പാപങ്ങള്‍ക്കെല്ലാം മാപ്പ് ചോദിക്കും. സരസു അവര്‍ക്കൊക്കെ നിറഞ്ഞ മനസ്സോടെ മാപ്പും കൊടുക്കും….. അങ്ങിനെ മാപ്പ് കൊടുത്തിട്ടാണത്രെ സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ സ്ഥലമില്ലാതായത്. അതുകൊണ്ട് ദേവന്മാര് ചട്ടംകെട്ടി സരസുവിനെ സമൂഹത്തിലേക്ക് തിരിച്ചെടുക്കാന്‍ അറിയപ്പെട്ട പല മന്യരെയും അയച്ചു. രാഷ്ട്രീയക്കാര്‍, ആള്‍ദൈവങ്ങള്‍, ബിസിനസ്സുകാര്‍, ഉന്നത വിദ്യാഭ്യാസവും അതിനു തക്കതായ ആഭാസവും തികഞ്ഞ അങ്ങിനെ മറ്റു പലരെയും…. സരസു പക്ഷെ അവരെയൊക്കെ തിരിച്ചയച്ചത്രെ…… അവര്‍ ഇപ്പോള്‍ ജീവനുള്ളവരെ സല്ക്കരിക്കല് നിര്‍ത്തി മരിച്ചവരുടെ കാണപ്പെട്ട ദൈവമായി മാറിയത്രെ…. ഏതായാലും സരസു മാപ്പ് നല്‍കിയവര്‍ക്ക് ഇടം കൊടുക്കാന്‍ കഴിയാതെ സ്വര്‍ഗ്ഗകവാടം ഉടന്‍ തന്നെ എന്നെന്നേക്കുമായി അടച്ചുപൂട്ടും എന്നും ദേവലോകം സെക്രെട്ടറി പറഞ്ഞിട്ടുണ്ട്.
ലോകത്തിനേയും സ്വര്ഗ്ഗത്തിനേയും ഒരേപോലെ പ്രശ്നത്തിലാക്കിയ സരസുവിനെ വീണ്ടും വിചാരണ ചെയ്യാന്‍ തന്നെയാണ് തിരുമാനം. പക്ഷെ സ്വര്‍ഗവുമായി ഒരു ബന്ധവും വേണ്ടെന്നതു തന്നെയാണ് നരക കമ്മിറ്റി തിരുമാനം…അത് കൊണ്ട് അവര്‍ വിചാരണ ബഹിഷ്കരിക്കും…പക്ഷെ സരസുവിനുള്ള വരവെല്പ്പിനായി കാത്തിരിക്കും എന്നും അറിയിച്ചു….. ആയതിനാല്‍ വിചാരണയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുക്കാനായി ഒരു റിയാലിറ്റി ഷോ ഉടന്‍ തുടങ്ങും…. മൊബൈല്‍ വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ എല്ലാവര്ക്കും സൌജന്യ മൊബൈല്‍ ഫോണും ഫ്രീ ടെകസ്റ്റിങ്ങും നല്‍കും…… സരസു റിപ്പയര്‍ റിയാലിറ്റി ഷോവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ലോക്കല്‍ ഓഫീസ്സില്‍ ബന്ധപ്പെടെണ്ടതാണ്….കൂട്ടത്തില്‍ ഒരു മാപ്പപേക്ഷയും സമര്‍പ്പിക്കേണ്ടതാണ്….
എന്ന് സ്വന്തം….
മര്ത്ത്യന്
Categories: കഥ
Leave a Reply