പ്രൊമീത്ത്യൂസ് മര്ത്ത്യന് അഗ്നി കട്ട് കൊടുത്തത് വേറൊന്നും കൊണ്ടല്ല അവന് ഒരു മുറി ബീഡിയും ചുണ്ടില്‍ വച്ച് തീപ്പെട്ടി അന്വേഷിച്ചു ലോകം മുഴുവന്‍ ചുറ്റി കറങ്ങി വിഷമിക്കുന്നത് കണ്ടിട്ടാണത്രേ. താന്‍ അഗ്നി മര്ത്ത്യനില് നിന്നും ഒളിപ്പിച്ചു വച്ചത് ബീഡി വലിച്ച് ആരോഗ്യം നശിപ്പിക്കരുത് എന്ന് കരുതിയിട്ടാണെന്ന് സ്യൂയെസ് തിരുമനസ്സിന്റെ പക്ഷം.
പിന്നെ പ്രൊമീത്ത്യൂസിനെ കെട്ടിയിട്ട് കഴുകനെ വിട്ട് ദിവസവും അവന്റെ കരള്‍ അല്പം തീറ്റിച്ചതിനും ഒരു കാരണമുണ്ടത്രെ. ബിവറേജസിന്റെ മുന്പില് കാത്തു കെട്ടിക്കിടന്ന് ജീവിതം തള്ളി നീക്കുന്ന മര്ത്ത്യന് താക്കീത് നല്കാന് എന്ന് തിരുമനസ്സ്. ഏതായാലും മദ്യം മയോപ്പിക്കാക്കിയ മര്‍ത്ത്യന്റെ കണ്ണുകള്‍ കണ്ടത് ദിവസവും പൂര്‍ണ്ണതയില്‍ തിരിച്ചെത്തുന്ന പ്രൊമീത്ത്യൂസിന്റെ കരളും. അങ്ങിനെ ബിവറേജസിന്റെ മുന്പില് ഇപ്പോഴും നല്ല ക്യൂ.
പിന്നെ മര്‍ത്ത്യന്റെ പൂവാലത്തരം മാറ്റാനായി ഒരു പെട്ടി നിറയെ സൂക്കേടുകളും, അശാന്തിയും നിറച്ച് സുന്ദരിയായ പാണ്ടോരയെ പറഞ്ഞയച്ചു. മര്‍ത്ത്യനോ, അതിന്റെ പിന്നാലെ നടന്നും വിസിലടിച്ചും ലൈനടിച്ചും പല സൂക്കേടും വാങ്ങി വച്ചു എന്നല്ലാതെ പൂവാലത്തരത്തിന് ഒരു കുറവും വന്നില്ല. അവസാനം തോറ്റത് സിയൂസ് തിരുമനസ്സ് തന്നെ. പ്രൊമീത്ത്യൂസിന്റെ ഒരിക്കലും തീരാത്ത കരള്‍ കരണ്ട് തിന്ന് തടിച്ച് കൊഴുത്ത് കഴുകന് ചത്തു. പാണ്ടോര പെട്ടിയും നിലത്തിട്ട് ബാക്കിയുള്ള മാനം സംരക്ഷിക്കാന്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
പക്ഷെ പാണ്ടോര ഓടി രക്ഷപ്പെട്ടത് സിയൂസിന്റെ അടുത്തേക്കല്ലത്രെ, അവള് നേരെ പ്രൊമീത്ത്യൂസിന്റെ അടുത്ത് ചെന്ന് അയാള്‍ രക്ഷിക്കാന്‍ ശ്രമിച്ച മര്‍ത്ത്യന്റെ പരാതി പറഞ്ഞ് കരഞ്ഞു. കഥ കേട്ട് പ്രൊമീത്ത്യൂസിന്റെ കരളലിഞ്ഞു. അവന് അവളെ കെട്ടി. എന്നിട്ട് അവര്‍ പേര് മാറ്റി പ്രേമനും പങ്കജവുമായി കല്ലായില്‍ താമസമാക്കി.
അവരുടെ മകന് ഫല്ഗുണന് ഇപ്പോള്‍ അമേരിക്കയിലെ ഒരു ഐട്ടി കമ്പനിയില്‍ പണിയെടുക്കുന്നു. അവന് ഫേസ്ബുക്കില്‍ ഗ്രീസില്‍ സാമ്പത്തികവും രാഷ്ട്രീയവുമായി പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചതിനു ശേഷം പങ്കജം, അല്ല പാണ്ടോര പേടിച്ചിരിക്കയാണ്. അവള് ആരുമറിയാതെ താന്‍ ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം എന്ന വകക്ക് മോഫ്യൂസില്‍ ബസ് സ്റ്റാറ്റ് സമീപം ഒരു മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്ത് കൊടുക്കാന്‍ നില്ക്കുന്നു.
അവളെ നിത്യവും ഇന്നും കൊയിലാണ്ടിക്ക് ബസ്സ് കയറാന്‍ വരുന്ന മര്ത്ത്യന് കമന്റടിക്കാറുണ്ട്. പണ്ട് കാലത്തെ ഓര്‍മ്മക്കായി പ്രേമന്, അല്ല പ്രൊമീത്ത്യൂസ് പാളയത്തുള്ള ഭാരത് ഗ്യാസിന്റെ ടെലിവെറി ജോലി നോക്കുന്നു. ഇവിടെയും പരസഹായിയായ അയാള്‍ പലര്‍ക്കും പാത്തും പതുങ്ങിയും കണക്ക്ഷന് കൊടുക്കുന്നു.
പാണ്ടോരയുടെ പേടി ഗ്രീസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സിയൂസ് പഴയ വൈരാഗ്യം മറന്ന് അവരെ രണ്ടു പേരെയും തിരിച്ചു കൊണ്ട് പോകാന്‍ ഈ കൊച്ചു കേരളത്തില്‍ വരുമോ എന്നാണ്. ഏതായാലും ഞാനായിട്ട് ആരോടും പറയുന്നില്ല, നിങ്ങളും പറയരുത്…
-എന്ന് മര്ത്ത്യന് (കഥയില്‍ പറഞ്ഞ മര്‍ത്ത്യനല്ല)
Leave a Reply