നിഴലുകള്‍

പൊട്ടിയ ഹൃദയവും, അപൂര്‍ണ്ണമായ ഒരു നിഴലും, പിന്നെ
ആഴങ്ങളിലേക്ക് വീഴുന്ന ഒരാത്മാവും പേറി അവന്‍ നിന്നു
സമയം, എല്ലാത്തിനും സാക്ഷിയാവുന്ന സമയം, അതും
അവന്റെ മുന്നില്‍ കൂടി അവനെ പേറാതെ കടന്നു പോയി
സ്വന്തം നിഴലിനെ പോലും, അപൂര്‍ണ്ണമെങ്കിലും അവനില്‍
നിന്നും അകറ്റുന്ന അസ്തമിക്കുന്ന സൂര്യനെ നോക്കി അവന്‍ നിന്നു
അവനറിയുന്നതിനു മുന്‍പ് രാത്രിയുടെ സ്നേഹശൂന്യമായ
കൈകളിലേക്ക് അവന്‍ വഴുതി വീണിരുന്നു
അവന്‍ ചുറ്റും നോക്കി
നിയോണ്‍ ബള്‍ബുകള്‍ തെളിഞ്ഞിരുന്നു
അവയുടെ മങ്ങിയ വെളിച്ചത്തില്‍
ആരും കാണാതെ അവന്‍ മുഖം പൊത്തിക്കരഞ്ഞു
അല്പം കഴിഞ്ഞ് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക്
നോക്കി അവന്‍ അവളുടെ പേരൊന്നു കൂടി വിളിച്ചു
പക്ഷെ അവിടെയും അവന്‍ തോറ്റു
ചാപ്പിള്ളയായ പ്രതിദ്ധ്വനികള്‍ നിശബ്ദം അവനെ
കളിയാക്കി ചിരിച്ചു
അവനോര്‍ത്തു പകല്‍ വരും വരെ കാത്തു നിന്നാലോ ?
അടുത്ത പകല്‍ ഒരു പൂര്‍ണ്ണത നിറഞ്ഞ നിഴല്‍ –
സമ്മാനിക്കുന്നത് വരെയെങ്കിലും
പക്ഷെ യൌവനം തുളുമ്പുന്ന ക്രൂരയായ രാത്രി
അവന് വേണ്ടി മറ്റു പലതും ഒരുക്കിയിട്ടുണ്ടായിരുന്നു
ആദ്യം കൃത്രിമമായ വെളിച്ചം വിരിച്ച നഗരം
അവന്‍ ചോദിക്കാതെ തന്നെ
അവനു ചില വികൃതമായ നിഴലുകള്‍ കടം നല്‍കി
പക്ഷെ അവയും പല ഇരുണ്ട ഇടവഴികളില്‍ കൂടി കരഞ്ഞും –
അട്ടഹസിച്ചും വന്നും പോയിക്കൊണ്ടിരുന്നു
അവനും വകവയ്ക്കാതെ സ്വയം രാത്രിയുടെ നഗ്നതയിലേക്ക്‌
അവനെ തന്നെ വലിച്ചിഴച്ചു നടന്നു
അവിടെ ഒന്നും സംഭവിക്കാത്ത പോലെ അലയുന്ന
പലരെയും അവന്‍ കണ്ടു
അവരുടെ നഷ്ടപെട്ട പൂര്‍ണ്ണ നിഴലുകളെ പറ്റി
ഒന്നും അറിയാതെ, ഒന്നും ചിന്തിക്കാതെ..
ചുംബിച്ചും, പരസ്പ്പരം നക്കിയും, പുണര്‍ന്നും
അവരുടെ വികൃതമായ നിഴലുകള്‍ ആ വൃത്തികെട്ട റോഡരികിലെല്ലാം
വീണു കിടന്നു, എന്നിട്ടും അവരൊന്നും അറിഞ്ഞില്ലെന്നു നടിച്ചു
അവരോടൊത്ത് ചേരാന്‍ അവന്റെ മനസ്സനുവദിച്ചില്ല
ഇതൊരു രാത്രിയുടെ മാത്രം പ്രശ്നമാണ്
ഇനിയും പകല്‍ വരും പൂര്‍ണ്ണമായ മറ്റൊരു
നിഴല്‍ അവന് സമ്മാനിക്കും
അവന്‍ അവരിലോരാളല്ല ഒരിക്കലുമാവില്ല എന്ത് തന്നെ വന്നാലും….
അവന്‍ പരിസരം മറന്ന് ആ അധര്‍മ്മ സന്തതികളെ നോക്കി നിന്നപ്പോള്‍
പിന്നില്‍ നിന്നും ഒളിഞ്ഞൊരു നിഴല്‍ വന്നതവന്‍ അറിഞ്ഞില്ല
അത് മൂര്‍ച്ചയുള്ള കത്തിയുടെ പ്രകാശത്തില്‍ മറഞ്ഞതും അവനറിഞ്ഞില്ല
പക്ഷെ അവന്റെ പൊട്ടിയ ഹൃദയത്തിലൂടെ അത് കുത്തിക്കയറിയപ്പോള്‍
അവന്‍ അറിഞ്ഞു, അവളുടെ മുഖം ഒരു വട്ടം കൂടി അവന്‍ കണ്ടു
പേരറിയാത്തൊരു വഴിവക്കില്‍ തളര്‍ന്നവന്‍ വീണപ്പോള്‍
വികൃതങ്ങളായ പല നിഴലുകളും അവന്റെ ചുറ്റും കൂടി
പലതും പറഞ്ഞ് ച്ചിരിച്ചു, ചിലത് കരഞ്ഞു എന്നും വരുത്തി
അവനും ചിരിചു, എന്നിട്ട് ആ സ്നേഹശൂന്യമായ രാത്രിയെ പുണര്‍ന്നു
അവനറിയാമായിരുന്നു ഇനി അവനൊരു നിഴലിന്റെയും സഹായം വേണ്ട
അവന്‍ ഈ നിഴലുകളുടെ ലോകത്തിനോട് വിട പറയുന്നു
-മര്‍ത്ത്യന്‍-Categories: കഥ, കവിത, പലവക

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: