വഷളന്റെ വിഷു

Vishu“വിഷുവിന്റന്ന് ചെക്കനെ മഷിട്ട് നോക്കിയാല്‍ കാണ്ല്ല്യ. എബട പോയി കടക്കാവോ” വിലാസിനി തലയില്‍ കൈ വച്ചിരുന്നു. പുതിയ വീട്ടിലേക്ക് മാറിയിട്ട് ആദ്യത്തെ വിഷുവാണ്. അയല്‍ക്കാരായ ചിലരെ വിളിച്ചിട്ടുണ്ട്. മലയാളികളല്ല ചില സായിപ്പന്മാരും മദാമകളും പിന്നെ ചില വടക്കന്‍ മാരും. രാവിലെ എഴുന്നേറ്റിട്ട് ചെക്കനെ എഴുന്നേല്‍പ്പിക്കാന്‍ പെട്ട പാടൊന്നും പറയണ്ട. ഒരു വിധം തൂക്കി കൊണ്ട് വന്നു, പിന്നെ തൂങ്ങി നിന്ന് കൊണ്ട് കണി കണ്ടു എന്ന് വരുത്തി പിന്നെയും കിടന്നു.

സദ്യക്കുള്ള ഒരുക്കങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ ചെക്കനെ ചെന്ന് വിളിക്കാന്‍ നോക്കുമ്പോള്‍ ചെക്കന്‍ മിസ്സിംഗ്‌. നടു വേദനിക്കുന്നുമുണ്ട്. ചെക്കന്റച്ഛന്‍ സഹായിച്ചില്ലെന്നല്ല. പക്ഷെ ആ സഹായത്തിന്റെ കഥ പറയാതിരിക്കുന്നതാകും ഭേദം. ചെക്കനെ പോലെ ബെഡ്ഡില്‍ കിടന്നുറങ്ങിയില്ല എന്നേയുള്ളു. ഭാര്യയോടുള്ള സ്നേഹമോ അതോ പേടിയോ അല്ല ആദരവോ, അടുക്കളയില്‍ തന്നെ ചുറ്റിപറ്റി നിന്നു. ഇടക്ക് കുറെ നേരം കസേരയില്‍ ഇരുന്നുറങ്ങി. പിന്നെ ഞെട്ടിയുണര്‍ന്ന് വന്ന് നുറുക്കി വച്ച ചില പച്ചകറി കഷ്ണങ്ങള്‍ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവച്ചു. അതിനെ സഹായം എന്ന് പറയാമോ എന്ന് വിലാസിനിക്കറിയില്ല.

പിന്നെ ഒരു കാപ്പി കൂടി കുടിച്ചപ്പോഴാണ് ഒന്നുണര്‍ന്നത്. ഉണര്‍ന്നതിന്റെ വിശേഷം മാറ്റിയെടുത്തു വച്ച കായവറത്തതിന്റെ അളവിലും കണ്ടു.
“ഇത് ശരിയല്ല ട്ടോ… ഒന്നും ചെയ്യൂല്ല ങ്ങനെ അവടേം ഇവടേം തൊട്ടും നക്കിം ഇരിക്കും. ഇത് കണ്ട്വോ കായവറത്തത് പകുതിയായി” വിലാസിനി പാത്രം കാണിച്ച് പറഞ്ഞു. ചെക്കന്റച്ഛന്‍ ഒരിളിഞ്ഞ ചിരി ചിരിച്ച് നിന്നു.
“സാരല്ല മ്മക്ക് അത് വേണ്ടാന്ന് വയ്ക്കാം… ഈ സായ്പ്പന്മാരക്ക് എന്തറിയും…”
അവള്‍ അയാളെ രൂക്ഷമായി നോക്കി. അയാള്‍ തല കുനിച്ചു നിന്നു.
“നാട്ടിലാണെ മനസ്സിലാക്കാം ഇവടെ അമേരിക്കേല് തെണ്ടി നടക്കണ ചെക്കന്‍ ഇവന്‍ തന്നെ ണ്ടാവുള്ളൂ. എപ്പ നോക്ക്യാലും ആരടെങ്കിലും വീട്ടിലാ… അവരെന്താ വിചാരിക്ക്യ. പല്ലും കൂടി തെക്കാണ്ടായിരിക്കും പോയിരിക്കണത് അവരൊക്കെ നാറ്റം സഹിക്ക്ന്നുണ്ടാവും… ഒന്ന് പോയി നോക്കൂന്നെ..”

അയാള്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. അല്പം നടന്നിട്ട് തിരിഞ്ഞ് നിന്ന് ചോദിച്ചു “ആദ്യം മൈക്കിന്റെ വീട്ടില്‍ നോക്കണോ അതോ ജാനെറ്റിന്റെ വീട്ടില്‍ നോക്കണോ?” അവള്‍ അയാളെ തുറിച്ച് നോക്കി പല്ലിറുക്കി. അയാള്‍ക്ക് പെട്ടെന്ന് ഉത്തരം പിടി കിട്ടി. അയാളുടെ പല സംശയങ്ങളും ഒര് പല്ലിറുക്കില്‍ തീരുന്നത്തെ ഉള്ളു. അയാള്‍ വാതില്‍ തുറന്നു പുറത്തെക്കിറങ്ങിയപ്പോള്‍ അവള്‍ വിളിച്ച് ചോദിച്ചു “നിങ്ങള് പല്ല് തേച്ചോ..?”
അയാള്‍ മിണ്ടാതെ തിരിച്ചുള്ളിലേക്ക് വന്നു. കുളിമുറിയിലേക്ക് കയറി അതിന്റെ കാതകടച്ചു.
“ഈശ്വരാ.. ഇനി എപ്പോഴാണ് പുറത്തിറങ്ങ്വ.. ഈ ചെക്കനിത് എവടെ പോയി കെടക്കാ…”

അവള്‍ പിറ് പിറുത്തു വീണ്ടും പണി തുടര്‍ന്നു. അവളുടെ ഊഹം തെറ്റിയില്ല, പല്ല് തേക്കാന്‍ പോയ ആള് കുളിച്ച് കുട്ടപനായി തോര്‍ത്തും ചുറ്റി വന്ന് നില്കുന്നു. എന്നിട്ട് അവളെ നോക്കി ഒരേമ്പക്കം വിട്ടു.
“ഛീ… ഛീ… ” അവള്‍ അയാളെ ആട്ടി. “ഇങ്ങനേം ണ്ടോ ആള്‍ക്കാര്, മാനുഷര് സദ്യ കഴിഞ്ഞാല ഏമ്പക്കം വിടുന്നത്, ഇവടെ സദ്യ ണ്ടാക്കുമ്പം കക്കൂസില്‍ പോയി കുളീം കഴിഞ്ഞ് വരുമ്പം… ഛീ …..”
അയാള്‍ക്ക്‌ ഗാസിന്റെ വിഷമമുള്ളത് നേര്, എന്നാലും ഗാസിനും പുറത്തു വരേണ്ട വഴികള്‍ക്കും ഒരൌചിത്ത്യബോധം വേണ്ടേ. ഇങ്ങനെയായാലും വിഷമമാണ്. “ഇനി സദ്യ കഴിഞ്ഞ് അവരുടെ മുന്‍പില്‍ വേറെ ഒന്നും ചെയ്യാതിരുന്നാല്‍ മതി” അവള്‍ മനസ്സില്‍ പറഞ്ഞു “എന്റെ കൃഷ്ണാ രക്ഷിക്കണേ..”

അയാള്‍ അടഞ്ഞിരിക്കുന്ന പുറത്തേക്കുള്ള വാതില്‍ നോക്കി എന്നിട്ട് അവളോട് പറഞ്ഞു “നീയത് മതിയാക്ക്‌ ചെക്കന്‍ വരണേന്റെ മുമ്പേ മ്മക്ക്…..”
മുഴുമിക്കാന്‍ അവള്‍ സമ്മതിച്ചില്ല. “പോണുണ്ടോ ഇവുടുന്നു” അവള്‍ ചീറി
അയാള്‍ അല്‍പനേരം അവിടെ നിന്നു എന്നിട്ട് “ശു… ശു…”
“ഇനി എന്താ….” അവള്‍ വിളിച്ച് ചോദിച്ചു.
“ഇത് കണ്ടോ.. ടിങ്കിടിക…. ടിങ്കിടിക….” അയാള്‍ ഉടുത്തിരുന്ന തോര്‍ത്തഴിച്ചു അവളുടെ മുന്‍പില്‍ രണ്ടു തുള്ളല്‍ തുള്ളി ബെട്രൂമിലക്ക് ഓടി പോയി.
അവള്‍ക്കു കലികയറി, ജനലുകളെല്ലാം തുറന്നു കിടക്കുന്നു, തിങ്ങി കിടക്കുന്ന വീടുകളില്‍ ജനല് തുറന്നാല്‍ ഉള്ളിലേക്ക് നല്ലവണ്ണം കാണാം. “ആ ചെക്കനിങ്ങനെ ആവരുതെ കൃഷ്ണാ…” അവള്‍ മനസ്സില്‍ പറഞ്ഞു

ഏതായാലും അരമണിക്കൂര്‍ കൂടി വേണ്ടിവന്നു അയാള്‍ക്ക്‌ പുറപ്പെടാന്‍. കോടി മുണ്ടും ജുബ്ബയുമിട്ട് അടുക്കളയിലേക്കു വന്നു. എന്തൊരു മാറ്റം. അര മണിക്കൂര്‍ മുന്‍പ് ഉടുത്ത തോര്‍ത്തൂരി തുള്ളിയ അതെ മഹാനാണെന്ന് ആരും പറയില്ല. മുഖത്ത് ഗൌരവം വസ്ത്രങ്ങളില്‍ നിറഞ്ഞ കേരളീയത. എല്ലാം കെങ്കേമം.
“ഞാന്‍ അവനെ പോയോന്ന് നോക്കട്ടെ…” അയാള്‍ പുറത്തേക്കിറങ്ങി. അവള്‍ വീണ്ടും ഒരുക്കങ്ങളിലേക്ക് തിരിഞ്ഞു. സമയം പോയതറിഞ്ഞില്ല.

അവള്‍ സമയം നോക്കി പതിനൊന്നു മണി.
“ഇവരെവിടെപ്പോയി…? മണിക്കൂറൊന്നായി” അവള്‍ തന്നോടന്നെ പറഞ്ഞു “ഈശ്വരാ എവടെപ്പോയി കിടക്കുന്നു ഫോണും എടുത്തിട്ടില്ല….”
പിന്നെയങ്ങോട്ട് അവള്‍ക്കു ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല മിനുട്ടില്‍ പലവട്ടം മുന്‍പിലത്തെ വാതിലും നോക്കി അങ്ങിങ്ങ് നടന്നു.
“എവടെങ്കിലും ഇരുന്ന് കുടിക്കുന്നുണ്ടാവും… ഇനി എല്ലാവരുമായി വരും ഞാനാണേൽ റെഡിയായിട്ടുല്ല്യ” അവൾക്ക് കരച്ചിൽ വന്നു..

ചിന്തകള്‍ പരിഭ്രമത്തിന്റെ വക്കത്തെത്തിയപ്പോള്‍ പെട്ടെന്ന് കോളിംഗ് ബെല്‍ ശബ്ദിച്ചു. അവള്‍ ഓടിപ്പോയി വാതില്‍ തുറന്നു.
രണ്ടു പെരുമുണ്ടായിരുന്നു. പക്ഷെ അവരുടെ ഇളിഞ്ഞ ചിരി കണ്ടപ്പോള്‍ അവള്‍ക്കു വീണ്ടും കലി കയറി. അയാള്‍ പെട്ടെന്ന് കയ്യില്‍ നിന്നും ഒര് പൊതിയെടുത്ത്‌ നീട്ടി
“സര്‍പ്രൈസ്…” ചെക്കനും ചെക്കന്റെ അച്ഛനും ഒരുമിച്ചു കൂവി. അവള്‍ നീട്ടി പിടിച്ചിരിക്കുന്ന മാക്‌ ഡോണള്‍ട്സിന്റെ പാക്കെറ്റിലേക്ക് ഒന്ന് നോക്കി. എന്തെങ്കിലും പറയുന്നതിന് മുന്‍പേ ചെക്കന്‍ പറഞ്ഞു

“വീ ഹാവ് യുവര്‍ മാക് ഗ്രിഡ്ല്‍സ് ആന്‍ഡ്‌ വീ ഹാവ് ഔര്‍ സോസേജ് ആണ്ട് എഗ്ഗ്”
അവള്‍ പൊതി കയ്യില്‍ വാങ്ങി നേരെ അടുക്കളയില്‍ ചെന്ന് ചവറ്റു കോട്ടയിലേക്ക് എറിഞ്ഞു.
“മാക്‌ ഡോണള്‍ട്സ് നിങ്ങളടെ ആരാ….. ഇന്നൊരു ദിവസം വിഷുവായിട്ട്‌ ഇതോഴിവാക്കിക്കൂടെ”
“ബട്ട് ബ്രേക്ക്ഫാസ്റ്റ്…”

അയാളെന്തെങ്കിലും പറയുന്നതിന് മുന്‍പേ കായവറുത്തതിന്റെ പാത്രം അയാളുടെ നേര്‍ക്ക്‌ വന്നു. അയാള്‍ ചെക്കന്റെ കയ്യും പിടിച്ചു ഒഴിഞ്ഞു മാറി എന്നിട്ട് ചെക്കനെ പൊക്കിയെടുത്തു ചിരിച്ചു. അവള്‍ക്കു കലി തുള്ളുമ്പോള്‍ പലപ്പോഴും ഇങ്ങനെ പല തന്ത്രങ്ങള്‍ വഴിയാണ് അയാള്‍ അവളെ ശാന്തമാക്കുക. പക്ഷെ ഇന്ന് വിശേഷം വേറെയായിരുന്നു. അയാള്‍ ചെക്കനെ പൊക്കിയതും മുണ്ടഴിഞ്ഞു നിലത്തു വീണു.

ചെക്കനെ പിടിച്ചു മുണ്ടില്ലാതെ നിക്കുന്ന അയാളെ കണ്ടിട്ട് അവള്‍ക്ക് വീണ്ടും കലി തുള്ളി “അതിന്റെ അടിയില്‍ എന്തെങ്കിലുമൊന്നു ഇട്ടുകൂടെ…. ഇതെങ്ങാനും അവരുടെ മുന്‍പില്‍ അഴിഞ്ഞു പോയാല്‍…. വഷളന്‍….”
അയാള്‍ ചിരിച്ചു. ചെക്കന്‍ അയാളെ നോക്കി “അച്ഛാ… ഈ….യക്ക്….” അവന്‍ കൂവി
-മര്‍ത്ത്യന്‍-Categories: കഥ

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: