“എന്താ ആള്ക്കാരറിഞ്ഞാല്?” അവന് മുത്തശ്ശനെ നോക്കി ചോദിച്ചു.
“ആള്ക്കാരറിഞ്ഞാല് മോശമല്ലേ? മുത്തശ്ശന് ചോദിച്ചു.
“അതിന് ആള്‍ക്കരടേം പോക്കറ്റടിച്ച് പോവാറില്ലേ? പോക്കറ്റടിച്ച ആളല്ലേ മോശം ഞാനാ?” അവന് മനസ്സിലാവാതെ വീണ്ടും ചോദിച്ചു.
മുത്തശ്ശന് ചിരിച്ചു “തനിക്കിപ്പം എത്ര വയസ്സായി?”
“പതിനൊന്ന്” അമ്മയാണ് മറുപടി പറഞ്ഞത്. അവര്‍ അടുക്കളയിലെ പണി മതിയാക്കി ഉമ്മറത്തെക്ക് വന്നു. “അപ്പളെ പറഞ്ഞതാ ഞാന്‍ അവനോട്, പൈസ്യാണ് കരുതണം ന്ന്. എങ്ങന്യാ സ്റ്റൈലല്ലേ സ്റ്റൈല്‍, അച്ചന് കൊട്ത്ത പര്സും പത്ത്രാസും”
മുത്തശ്ശന് അവനെ നോക്കി ചിരിച്ചു “അവന് നല്ല മാര്‍ക്ക് കിട്ട്യേതല്ലേ അമ്മു?” മുത്തശ്ശന് അവന്റെ പക്ഷം കൂടി.
“അതെ അതിന്റെ പൂരൊന്നും പറയണ്ട, ന്റെ പകതി ജീവന് പോവും ഇവന്റെ ഓരോ പരീക്ഷ കഴിയുമ്പളും. ഇങ്ങന്യായാ ഇവന് പത്ത് കഴിയുമ്പക്ക് ഞാന്‍ ചത്ത്ട്ടുണ്ടാവും. പഠിപ്പൊക്കെ നിര്ത്താ വേണ്ടത് അശ്രീകരം..” അമ്മ കലിതുള്ളി പറഞ്ഞു. മുത്തശ്ശന് വന്നാല്‍ അമ്മ ഇങ്ങനെയാണ്. അച്ഛനോട് പറയാന്‍ പറ്റാത്തത് കൊണ്ട് എല്ലാം മുത്തശ്ശനോട് കരഞ്ഞ് പറയും.
“പാവം മുത്തശ്ശന്. അമ്മേം പാവാ, മുത്തശ്ശനോടല്ലാതെ ആരോടാ അമ്മ പറയ്യ” അവനാലോചിച്ചു. പക്ഷെ അവന് അമ്മയുടെ മുഖത്ത് നോക്കാതെ തല കുനിച്ചിരുന്നു.
“ഇബടന്ന് ഇറങ്ങിപ്പോവുമ്പം പറഞ്ഞതാ ഞാന്‍ പൈസ കയ്യിലുണ്ട് മനസ്സിരുത്തണം ന്ന്” അമ്മ തുടര്‍ന്നു “ആ പര്സില് വേക്കണേന് പകരം ആ പാന്റിന്റെ മുന്ന്ത്തെ പോക്കറ്റിലോ ഷര്‍ട്ടിന്റെ കീശേലോ വച്ചാ മതീ ന്ന്. പക്ഷെ ഞാമ്പറഞ്ഞാ ആര് കേള്‍ക്കാനാ”. അമ്മ മുന്നോട്ടു നീങ്ങി നിന്ന് അവനെ നോക്കി “കിട്ടിയ സാധനം അപ്പം ആള്‍ക്കാരെ കാണിക്കണല്ലോ അല്ലെങ്കില്‍ അവന് സ്വൈര്യണ്ടോ?”
മുത്തശ്ശന് മെല്ലെ അവന്റെ തോളില്‍ കൈ വെച്ച് ചിരിച്ചു. “അവന് നല്ല വെഷമണ്ട്” മുത്തശ്ശന് ഒന്നും കൂടി അമ്മയെ തണുപ്പിക്കാന്‍ ശ്രമിച്ചു.
“ണ്ടാവനല്ലോ വെഷമം, ഇനി പര്‍സിലന്നെ വച്ചൂന്നിരിക്കട്ടെ, അത്ങ്ങനെ ഇടയ്ക്കിടയ്ക്ക് പൊറത്ത്ട്ത്ത് കാണിക്കണോ. ഇവിടുന്ന് എറങ്ങുമ്പം തന്നെ പത്ത് തവണ ന്നെ കാട്ടീട്ട്ണ്ട്. പിന്നെ ഇത്രേം വലിയ പര്സ് പാന്റിന്റെ പിന്നില്ട്ട് ചന്തീം മോഴപ്പിച്ച് പോയപ്പം നിരീച്ചതാ ഞാന്‍ ഇന്ന്ത് ആരേം ട്ക്കും ന്ന്, അങ്ങന്യന്നെ ണ്ടായില്ലേ പ്പം” അമ്മ ഒരു കണ്ടുപിടുത്തം പോലെ പറഞ്ഞു.
“എത്രണ്ടായിരുന്നു ഉണ്ണി?” മുത്തശ്ശന് ചോദിച്ചു
“പതിനഞ്ചു ഉറുപ്പ്യ ണ്ടാര്ന്നു അച്ഛാ” അതിനും അമ്മ പറഞ്ഞു ഉത്തരം. അവന് തല താഴ്ത്തിയിരുന്നു.
“ഇതിനെ പോറ്റാനും നോക്കി നടത്താനും പറ്റാണ്ട്യായടക്ക്ണൂ ഇക്ക്. വല്ലോര്‍ക്കും കോട്ക്ക്വ നല്ലത്. അവര്‍ പോറ്റിക്കോട്ടെ, ന്നാ ഇക്ക് സമാധാനായി ചാവാലോ” എന്നത്തെയും പോലെ അന്നും അമ്മ അവസാനം സ്വയം ശപിച് ചാവലിന്റെ വക്കത്തെത്തി കരഞ്ഞ് അടുക്കളയിലേക്ക് പോയി. പോകും വഴി ആരോടെന്നില്ലാതെ പറഞ്ഞു “ന്നെ പറഞ്ഞാ മതീലോ എല്ലേറ്റിനും”
അമ്മ പോയപ്പോള്‍ മുത്തശ്ശന് അവനെ അരികിലേക്ക് വിളിച്ചിരുത്തി എന്നിട്ട് ചോദിച്ചു “പര്സും പോയോ നെന്റെ?” അത് കേട്ടപ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞു. പൈസ പോയതിനേക്കാള്‍ പര്സ് പോയതിലായിരുന്നു അവന് വിഷമം. മുത്തശ്ശന് തന്റെ പാര്‍സെടുത്ത് അതിലെ പൈസ മാറ്റി ഒരു ഇരുപത് രൂപ അതില്‍ തിരിച്ച് വച്ചു. എന്നിട്ട് പര്സ് അവന് നീട്ടി പറഞ്ഞു “ഇത് വച്ചോ, ഉപയോഗിക്കണ്ട ന്റെ ഓര്‍മ്മക്കയിക്കോട്ടേ ന്താ പോരെ?”
“അമ്മ വെഷമം കൊണ്ട് പറയണതല്ലേ ഉണ്ണി കാര്യാക്കണ്ട, നന്നായി പഠിക്ക്യ ന്താ?” മുത്തശ്ശന് അവന്റെ തലയില്‍ക്കൂടി വിരലുകളോടിച്ച് പറഞ്ഞു “അമ്മേടെ വേവലാതി മാറണേങ്കില് നീ പഠിച്ച് വലിയാളാവണം ആവ്വോ?”
അവന് തല കുലുക്കി. “മുത്തശ്ശാ പക്ഷെ പോക്കറ്റടിച്ച് പോയീന്ന് ആള്ക്കാരറിഞ്ഞാല് എന്താ മോശം?” അവനപ്പോഴും ആ ആദ്യത്തെ ചോദ്യത്തിലായിരുന്നു.
മുത്തശ്ശന് ചിരിച്ചു എന്നിട്ട് അവനെ നോക്കി പറഞ്ഞു “ആള്‍ക്കാരെപ്പഴും കഴിവില്ലായ്മേനെ കളിയാക്കാന്‍ നോക്കി നില്ക്കാ അതോണ്ടാ പറഞ്ഞത്. മുത്തശ്ശനറിയാലോ ഉണ്ണീടെ കഴിവുകെടല്ലാ ന്ന്. ഇത് കാര്യാക്കണ്ട ഇനി മനസ്സിര്ത്ത്യാ മതി” അവന് ചിരിച്ചു എന്നിട്ട് മുത്തശ്ശനെ കെട്ടിപ്പിടിച്ചു. അവനാലോചിച്ചു “ആ രഘുവിനെയും സബീഷിനെയും കാണിക്കാന്‍ പുറത്തെടുക്കേണ്ടിയിരുന്നില്ല. അവടെ കളഞ്ഞു പോയതായിരിക്കണം. കഴിവുകേട് തന്നെയാണ്”.
അമ്മ അടുക്കളയിലെ പണി തീര്‍ത്ത് തിരിച്ചു വന്നു. എന്നിട്ട് അവനെ നോക്കി മൂക്ക് ചീറ്റി വീണ്ടും പറഞ്ഞു “ഇക്കറിയാം എന്ത് വേണം ന്ന് ഇവന്റെ പോക്കറ്റ്ള്ളോടത്ത് ചന്തീമ്മ്ല് നല്ല ചുട്ട പെട കൊട്ക്കണം. പിന്നെ പര്സ് വച്ചാലും വച്ചില്ലെങ്കിലും മോഴച്ചിരിക്കും” അവന് തല കുനിച്ചു തന്നെയിരുന്നു, പക്ഷെ ചിരിയടക്കാന്‍ കഴിഞ്ഞില്ല. ചിരി മറക്കാന്‍ അവന് കൂക്കി വിളിച്ചു പുറത്തേക്കോടി. പിന്നില്‍ നിന്നും അമ്മ ഉറക്കെ പറയുന്നത് അവന് കേള്‍ക്കാമായിരുന്നു “കണ്ടില്ലേ അച്ഛാ കൂക്കി വിളിച്ചോട്ണത്, ന്നെ ഒര് വേലേം ല്ല”. മുത്തശ്ശന് അമ്മയെ പറഞ്ഞ് സമാധാനിപ്പിക്കും, അവനറിയാം. ഇതാദ്യമായിട്ടല്ലല്ലോ, “പാവം അമ്മ മുത്തശ്ശനോടല്ലാതെ ആരോടാ പറയ്യാ?”
മര്ത്ത്യന്
Categories: കഥ
അതെ നഷ്ടമല്ല കഴിവില്ലായ്മ തന്നെയാണ് പരിഹസ്സിക്കപെടുന്നത് .
ആശംസകള്‍