ഞാന്‍ ഹോസെ! പക്ഷെ നിങ്ങളെന്നെ അറിയില്ല

നിങ്ങളെന്നെ അറിയില്ല, ഞാന്‍ നിങ്ങളെയും. എന്റെ പേര് പറഞ്ഞാലും നിങ്ങള്‍ അറിയാന്‍ സാധ്യതയില്ല. പിന്നെ വളരെ പ്രചാരത്തിലുള്ള മറ്റൊരു പേരു വച്ച് നിങ്ങള്‍ക്കെന്നെ പരിചയപ്പെടുത്താം. ‘ഹോസെ’, അതാണെന്റെ പേര്‌. പക്ഷെ ഞാന്‍ പറഞ്ഞ പോലെ നിങ്ങളെന്നെ അറിയില്ല. ഞാന്‍ ഒരു മലയാളിയല്ല. അത് കൊണ്ട് ഈ എഴുത്തുകാരന്‍ വഴി നിങ്ങളെ പരിചയപ്പെടുന്നു. ‘ഹോസെ’ എന്ന് ഞാന്‍ ഇംഗ്ലീഷില്‍ എഴുതിയാല്‍ നിങ്ങള്‍ ജോസ് എന്ന് വായിക്കും. പക്ഷെ എന്റെ മാതൃഭാഷയായ സ്പാനിഷില്‍ അതിനെ ഹോസെ എന്ന് വായിക്കും. പെരിനെക്കാളുപരി അത് ഒരു തലമുറയെ തന്നെ വിശേഷിപ്പിക്കുന്ന വാക്കായി മാറിവരുന്നു.

ഞാന്‍ എന്തുകൊണ്ട് എന്റെ ഭാഷയില്‍ സ്വയം എഴുതാതെ മലയാളത്തിന്റെയും ഈ ഞാന്‍ പോലും നേരിട്ടറിയാത്ത എഴുത്തുകാരന്റെയും സഹായം തേടുന്നു. അതിനു തക്കതായ ഒരുത്തരം ഇന്നെനിക്കില്ല. പക്ഷെ ഈ എഴുത്തുകാരന്‍ ദിവസവും എന്റെ മുന്‍പില്‍ കൂടി നടന്നു പോകാറുണ്ട്. എന്റെ മുന്‍പില്‍ കൂടി നടന്നു പോകാറുള്ള ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ഇടയില്‍ ഇയാള്‍ മാത്രമാണ് എന്നെ കാണാറെന്നെനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല എനിക്കും ഇയാളുടെ പേരറിയില്ല അയാള്‍ക്കെന്റെയും. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും ഞാന്‍ എന്തുകൊണ്ട് പേര്‌ പറയാതെ ‘ഹോസെ’ എന്ന് സ്വയം വിശേഷപ്പെടുത്തിയെന്ന് .

ഇനി ഇയാള്‍ പറയാന്‍, അല്ല എഴുതാന്‍ പോകുന്ന കഥ, അതുതന്നെയാണോ എന്റെ യഥാര്‍ത്ഥ കഥ എന്നുറപ്പില്ല, പക്ഷെ എന്നെ ദിവസവും ശ്രദ്ധിക്കുന്ന വ്യക്തി എന്ന നിലക്ക് ഇയാള്‍ക്ക് പറയനുള്ളതില്‍ എന്തെങ്കിലും കഴമ്പുണ്ടാകണം. അതുകൊണ്ടാണ് ഈ മുഖവുര. ഇയാളുടെ കഥയില്‍ അല്പം സങ്കല്പികത നിങ്ങള്‍ക്കനുഭാവപ്പെട്ടാല്‍ അത് അയാളിലെ എഴുത്തുകാരന്റെ വികൃതിയെന്ന് കരുതി വിട്ടു കളയണം. എന്റെ ജീവിതമായി ഒന്നിനൊന്നു സാദൃശ്യം ചെയ്യാന്‍ ശ്രമിക്കരുത് എന്നൊരു അപേക്ഷ. കാരണം ഇയാള്‍ക്ക് എന്നെ അറിയില്ലല്ലോ. ഇനി കഥയിലേക്ക്‌.

എന്നും രാവിലെ കണ്ണാടിക്കു മുന്‍പില്‍ നില്‍ക്കുമ്പോള്‍, വസ്ത്രം ധരിച്ച്, അതിലെ ചുളിവുകള്‍ മാറ്റുമ്പോള്‍ എന്റെ മനസ്സില്‍ ഒരഗ്രഹമുണരും. ഇന്നെങ്കിലുമെന്നെ ആരെങ്കിലും ശ്രദ്ധിക്കണം എന്ന്. തലമുടിയില്‍ ജെല്‍ പുരട്ടി മിനുക്കി ചീകി വയ്ക്കുമ്പോള്‍ മനസ്സ് പറയും ഞാനൊരു സുന്ദരനാണെന്ന്. പക്ഷെ ഇതെല്ലം വെറുതെ. എന്റെ ജോലിയില്‍ ഞാന്‍ അദൃശ്യനാണ്. ഞാനുമായി ഇടപെടുന്നവര്‍ക്കും പലപ്പോഴും എന്നെ ജോലിക്ക് നിര്‍ത്തുന്നവര്‍ക്കും. ഞാന്‍ പോയാല്‍ മറ്റൊരാള്‍ അത്രെയേ ഉള്ളു. ആരെന്നത് പ്രസക്തമല്ല.

എന്റെ ഭാര്യ, അവളുടെ പേരും ഞാനിവിടെ വെളിപ്പെടുത്തുന്നില്ല, കാരണം നിങ്ങള്‍ക്കതറിയേണ്ട ആവശ്യമില്ല. പക്ഷെ എന്റെ കുട്ടികള്‍, അവരുടെ പേര്‌ ഞാന്‍ പറയാം, കാരണം എതോരച്ഛനെയും പോലെ അവരുടെ പേര്‌ ലോകം മുഴുവന്‍ അറിയപ്പെടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മൂത്തവന്‍ ഗബ്രിയേല്‍ രണ്ടാമത്തത് മോളാണ് മിറാണ്ട. രണ്ടു പേരും അടുത്തുള്ള പള്ളിക്കൂടത്തില്‍ പോകുന്നു. ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതും അവരാണ്. നിങ്ങള്‍ മലയാളികള്‍ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ പെടാപെട് പെടുമ്പോള്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പ്രയത്നിക്കുന്നു.

എന്തിന് ഞാനിതെല്ലാം നിങ്ങളോട് പറയുന്നു എന്നല്ലേ. ഞാനല്ല ഈ എഴുത്തുകാരനാണ് എന്നെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. അയാള്‍ക്കെന്തെങ്കിലും ഉദ്ദേശം കാണും. നമുക്ക് നോക്കാം. രാവിലെ വീട് വിട്ടാല്‍ ഞാന്‍ ആദ്യം കുട്ടികളെ സ്കൂളില്‍ കൊണ്ട് ചെന്നാക്കും, പിന്നെ ഒരോട്ടമാണ് ജോലി സ്ഥലത്തേക്ക്. ബസ്സില്‍ പോയാല്‍ ഒരു പത്തു മിനിട്ടേ ഉള്ളു, പക്ഷെ ഞാന്‍ അധികവും ഓടും. ഞാന്‍ അദൃശ്യനല്ലേ വിയര്‍ത്താലും ഇല്ലെങ്കിലും ഒന്നുപോലെ. ഓഫീസില്‍ എത്തുമ്പോള്‍, തിരുത്ത്‌ കടയില്‍ എത്തുമ്പോള്‍ സമയം ഒന്‍പതു മണിയാകും. മുതലാളി അധികവും അടുത്തുള്ള സ്റ്റാര്‍ബക്ക്സിലോ മക്ഡോണാള്‍ട്സിലോ ഉണ്ടാകും. ഞാന്‍ കടക്കു മുന്‍പിലിരിക്കും. മുതലാളി വന്നു കട തുറക്കും. ഒരു പത്ത് നിമിഷം കഴിഞ്ഞേ ഞാന്‍ അകത്ത് കടക്കു. ഞാനറിയാതെ മുതലാളിക്ക് കടയില്‍ ദിവസവും എന്തെങ്കിലും ചെയ്യാനുണ്ടാകും. അതെന്താണെന്നറിയാന്‍ ഒരിക്കലും തോന്നിയിട്ടില്ല. മുതലാളി പറയാനും മിനക്കെട്ടിട്ടില്ല. ഞാന്‍ അകത്തു ചെന്നാല്‍ ഒരു അരികിലായി എന്നെക്കാത്ത് എന്റെ പണിയായുധം കാണും, ഒരു ബോര്‍ഡും പിന്നെ ഒരു കേട്ട് നോട്ടീസും. പലപ്പോഴും പല നിറത്തിലുള്ള നോട്ടീസുകളായിരിക്കും. ഒരു വശം ഇംഗ്ലീഷിലും മറുവശത്ത് സ്പാനിഷിലും അച്ചടിച്ചവ.

ഞാന്‍ ബോര്‍ഡെടുത്ത് കഴുത്തില്‍ തൂക്കും. അപ്പോള്‍ ഒന്ന് കണ്ണാടി നോക്കാന്‍ തോന്നാറുണ്ട്, പക്ഷെ മനപ്പൂര്‍വ്വമാണോ എന്നറിയില്ല മുതലാളി കടയില്‍ കണ്ണാടി വച്ചിട്ടില്ല. പക്ഷെ ഞാന്‍ പുറത്തുപോയി കടയിലെ ചില്ല് കൂടിനു മുന്‍പില്‍ നിന്ന് നോക്കും. എന്റെ മുഖമല്ലാതെ ഞാനിട്ട ചുളിവു മാറ്റിയ ഷര്‍ട്ടും പാന്റും ഒന്നും കാണില്ല, എല്ലാം ബോര്‍ഡിനുള്ളില്‍ ഒളിഞ്ഞുപോയിട്ടുണ്ടാകും. പക്ഷെ കണ്ണാടിയില്‍ എന്നെ കാണുന്നത് ഒരു രസമാണ്. എന്റെ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് എന്തെന്ന് ഞാനിപോള്‍ ഓര്‍മ്മിക്കുന്നില്ല. അല്ലെങ്കിലും ഞാനെന്തിനോര്‍മ്മിക്കണം. അത് വായിക്കേണ്ടവരും മനസ്സിലാക്കേണ്ടവരും ഞാനല്ലല്ലോ.

മാര്‍ക്കറ്റ്‌ സ്ട്രീറ്റില്‍ തന്നെയാണ് കട. ഇറങ്ങി നിന്നാല്‍ മതി പിന്നെ ജനലക്ഷങ്ങള്‍ പല വഴിക്കായി എന്റെ മുന്‍പില്‍ കൂടി പോയ്‌ക്കൊണ്ടിരിക്കും . പലരും എന്നെ തട്ടാതെ മുറ്റത്തെ നടന്ന് നീങ്ങും. ചിലര്‍ വഴിമുടക്കി എന്നപോലെ തുറിച്ചു നോക്കും, പലരും എന്നെ കാണാറില്ലെന്ന് പോലും തോന്നിയിട്ടുണ്ട്. ബോര്‍ഡ് തൂക്കിയ അദൃശ്യ മനുഷ്യന്‍. ചിലര്‍ എന്റെ കയ്യില്‍ നീട്ടി പിടിച്ചിരിക്കുന്ന നോട്ടീസിലോരെണ്ണം വാങ്ങിക്കും, പക്ഷെ ഞാനാരെന്ന് അന്വേഷിക്കാറില്ല, മുഖത്ത് പോലും നോക്കാറില്ല. പിന്നെ എന്നും ഉച്ചക്ക് നമ്മുടെ എഴുത്തുകാരനും ആ വഴി വരും, എന്നും കുറച്ചു ദൂരം നടന്ന് അടുത്തുള്ള മരത്തിന്റെ ചുവട്ടില്‍ മാറി നിന്ന് എന്നെ നോക്കും. അയാള്‍ക്കറിയില്ല ഞാന്‍ അയാളെ കാണുന്നുണ്ടെന്ന്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ദിവസവും മാര്‍ക്കറ്റ്‌ സ്ട്രീറ്റില്‍ നില്കുന്നു, പലരും നടന്നു പോകുന്നു അവരവരുടെ ധൃതി പിടിച്ച ജീവിതത്തിന്റെ പിറകെ അവര്‍പോലുമറിയാതെ അവര്‍ ഓടുന്നു. അതിനിടയില്‍ എന്നെ കാണാനും ശ്രദ്ധിക്കാനും എവിടെ നേരം, ഇനി നോക്കിയാല്‍ തന്നെ എന്റെ ചുളിവു മാറ്റിയ ഷര്‍ട്ടും പാന്റും മറച്ചു വയ്ക്കുന്ന ബോര്‍ഡില്‍ എഴുതിയ മുപ്പതും അന്‍പതും ശതമാനം കിഴിവ് പ്രഖ്യാപിക്കുന്ന ലോകത്തില്‍ അറിയപ്പെടുന്ന ബ്രാന്‍ഡ്‌ തുണിത്തരങ്ങളുടെ പേരല്ലേ കാണൂ. ഞാന്‍ അദൃശ്യനല്ലേ. പിന്നെ ബോര്‍ഡിന്റെ ഇടക്ക് നിന്നും നീളുന്ന എന്റെ കയ്യില്‍ പിടിച്ചിരിക്കുന്ന നോട്ടീസുകളും.

നിങ്ങള്‍ കരുതുന്നുണ്ടാകും എന്തൊരു ജീവിതമെന്ന്, പക്ഷെ നിങ്ങള്‍ക്കറിയാത്തതോന്നുണ്ട്. ഞാന്‍ മാത്രമല്ല, എന്റെ നാട്ടില്‍ നിന്നും എന്നെ പോലെ അനേകം പേര്‍ അദൃശ്യരായി ഈ സ്വപ്നനഗരിയില്‍ കഴിയുന്നു. എല്ലാ വര്‍ഷവും കണ്ട സ്വപ്‌നങ്ങള്‍ ജീവിച്ചു തീര്‍ക്കാന്‍ ഭയമില്ലാതെ ഇവിടെ എത്തിച്ചേരുന്നു. അദൃശ്യരായി ജോലികളില്‍ തുടങ്ങി ക്രമേണ അവസരങ്ങള്‍ തേടി സമൂഹത്തിന്റെ പടവുകള്‍ കയറുന്നു. അങ്ങനെ ഞങ്ങള്‍ പലരും നിങ്ങള്‍ പെരെടുത്തറിയുന്ന മറ്റു പലരുമായി മാറുന്നു. ഞങ്ങളുടെ കുട്ടികള്‍ പഠിക്കുന്നു, നിങ്ങളുടെ കുട്ടികളുടെ കൂടെ, ഞങ്ങള്‍ കണ്ട സ്വപ്നങ്ങളിലെ യഥാര്‍ത്ഥ കണ്ണികള്‍ അവരാണ്.

ഞങ്ങളുടെ അമേരിക്കന്‍ സ്വപ്നം നിങ്ങളുടേത് പോലെ ഒരിക്കലും എളുപ്പമായിരുന്നില്ല, പക്ഷെ ശ്രമിച്ചാല്‍ എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒന്നുമില്ലെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത ഈ നഗരത്തില്‍ ഞാനും ഈ എഴുത്തുകാരനും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. നാളെ നിങ്ങളില്‍ പലരും മാര്‍ക്കറ്റ്‌ സ്ട്രീടിലൂടെ നടക്കും. നിങ്ങളും ഈ ബോര്‍ഡു കാണും, അത് തൂക്കിയിട്ടിരിക്കുന്ന അദൃശ്യ മനുഷ്യനെ ശ്രദ്ധിക്കാതെ നടന്നു പോകും. ശ്രധിക്കണമെന്നില്ല കാരണം അത് ഞാനാവണം എന്നില്ല, അത് മറ്റൊരു ഹോസെ ആയിരിക്കാം. അവനെ കണ്ടിട്ട് അന്നും ഒരു എഴുത്തുകാരന്‍ എഴുതാന്‍ മതി “ഞാന്‍ ഹോസെ, പക്ഷെ നിങ്ങളെന്നെ അറിയില്ല”

ഹോസേക്ക് വേണ്ടി മര്‍ത്ത്യന്‍ എഴുതിയത് –Categories: കഥ

Tags:

1 reply

  1. നന്നായി അവതരിപ്പിച്ചു …പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു മെയില്‍ അയക്കൂ ..
    ആശംസകള്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: