“മലയാള്യാ” ചോദ്യം എന്നോടാണെന്ന് മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല.
കഴിഞ്ഞ ഒരു വര്‍ഷമായി രാവിലെയും വൈകീട്ടും ഒന്നര മണിക്കൂറോളം സാന്‍ഫ്രാന്‍സിസ്കോ ഓഫീസിലേക്കുള്ള ട്രെയിന്‍ യാത്ര, ഒരിക്കല്‍ പോലും ഒരു മലയാളിയെ കണ്ടിട്ടില്ല. കേട്ടിട്ടില്ല എന്ന് പറയുന്നതാകും ശരി. ഇന്ത്യക്കാരെ കൊണ്ട് നിറയുന്ന ഈ ബേ-ഏരിയ-ട്രാന്‍സിറ്റ് (ബാര്‍ട്ട്) വണ്ടികളില്‍ തെലുങ്ക്, തമിഴ്, പഞ്ചാബി, ഹിന്ദി പിന്നെ ഒന്ന് രണ്ടു തവണ കന്നടയും കേട്ടു, പക്ഷെ മലയാളം ഒരിക്കല്‍ പോലും കേട്ടിട്ടില്ല. പലപ്പോഴും തോന്നും ഒന്നെങ്കില്‍ മലയാളികള്‍ ഊമകളായിരിക്കും, അല്ലെങ്കില്‍ ഉറക്കം തൂങ്ങികള് അതുമല്ലെങ്കില്‍ പിന്നെ സായിപ്പുമാരെ പോലെ ആകാന്‍ വേണ്ടി മിണ്ടാട്ടമില്ലാതെ ഇരിക്കുകയായിരിക്കും.
ഏതായാലും മുകുന്ദന്റെ ‘പ്രവാസം’ തുറന്നു വച്ചിരിക്കുന്ന എന്നോടു തന്നെയായിരിക്കണം ഈ ചോദ്യം.
വണ്ടിയില്‍ തെറ്റിക്കയറിയ ഏതെങ്കിലും മലയാളിയായിരിക്കും എന്ന് കരുതി ഞാന്‍ ചുറ്റും നോക്കി. തെറ്റിക്കയറിയതല്ല, ദിവസവും കാണുന്ന ഒരു വിദ്വാന് തന്നെ. സ്ഥിരം ഒരു മദാമയുടെ മണവും പിടിച്ചു നില്ക്കാറുള്ള ഒരു ചുള്ളന്. മലയാളിയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല, ഒരു വടക്കന്‍ അങ്ങിനെയാണ് കരുതിയിരുന്നത്. ഏതായാലും ചിരിച്ചു നില്ക്കുന്ന അവനോടു ഞാനും ചിരിച്ചു.
“പാവം സീറ്റ് കിട്ടിയില്ല” ഞാന്‍ മനസ്സില്‍ സന്തോഷിച്ചു ഒരു മലയാളിയേക്കാള്‍ മിടുക്കനായില്ലേ ഞാന്‍.
“അതെ മലയാളിയാ” ഞാന്‍ ചിരിച്ചു എന്ന് വരുത്തി. ഇപ്പോള്‍ അങ്ങനെയാണ്. ഇങ്ങോട്ട് മുട്ടുന്നവരെ പേടിയാണ്. ഒരു തരം കോംപ്ലെക്സ് എന്നും വേണമെങ്കില്‍ പറയാം.
“പുസ്തകം കണ്ടത് കൊണ്ട് ചോദിച്ചതാ” അയാള്‍ വളരെ സൌമ്യമായി പറഞ്ഞു. മദാമയെ അടുത്ത് നിന്ന ഒരു വെള്ളക്കാരന് കൈമാറി ആ ദാനശീലന് എന്റെ പക്കലേക്ക് നീങ്ങി നിന്നു. നാട്ടിലാണെങ്കില്‍ ചന്തിവയ്ക്കാന്‍ ഒരിടം ചോദിച്ചേനെ, പക്ഷെ ഇത് സാന്‍ഫ്രാന്‍സിസ്കോ അല്ലെ.
“എവിടുന്നാ” ഞാന്‍ തന്നെ ആദ്യം ചോദിച്ചു
“ഏറണാകുളം” അയാള്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു “നിങ്ങളോ?”
“കോഴിക്കോട്”
അയാള്‍ അതിശയത്തോടെ നോക്കിയോ എന്നൊരു സംശയം.
‘കോഴിക്കോട്’ എന്ന് കേള്‍ക്കുമ്പോള്‍ അതിശയം ഉണ്ടാകാം. ഏത് മലയാളി മേളക്ക് പോയാലും കാണാം കോട്ടയം, തൃശൂര്‍, ഏറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍ അങ്ങനെ പല മഹാ നഗരങ്ങളില്‍ നിന്നും മലയാളികള്‍. പക്ഷെ കോഴിക്കോടിന്റെ കണക്ക് വളരെ ചെറുതാ. എന്റെ പത്ത് വര്‍ഷത്തെ ജീവിതത്തില്‍ ഞാന്‍ പത്തില്‍ കൂടുതല്‍ കോഴിക്കൊട്ടുകരെ അമേരിക്കയില്‍ കണ്ടിട്ടില്ല. എന്റെ അഭിപ്രായത്തില്‍ ഇതില്‍ തൃശൂര്ക്കര്ക്കാണ് മുന്‍തൂക്കം. എന്റെ അഭിപ്രായം, അത്രേയുള്ളൂ.
പിന്നെ അത് ശരിയായിരിക്കണം.പണ്ട് ആറീസിയില്‍ പഠിക്കുന്ന കാലത്ത് ഒരിക്കല്‍ കൊടുങ്ങല്ലൂരേക്ക് തിരിച്ച ഞങ്ങള്‍ തൃശൂര്‍ ഇറങ്ങി തെണ്ടി തിരിഞ്ഞ് വഴി തെറ്റി. അതിലൂടെ വന്ന ഒരാളോടു ബസ് സ്ടാന്റിലെക്കുള്ള വഴി ചോദിച്ചു. അയാള്‍ അവിടുന്നല്ല എന്ന് പറഞ്ഞ് നടന്ന് പോയി. പിന്നെ ചോദിച്ച മൂന്ന് പേരും അവിടുന്നുള്ളവരല്ല.
അപ്പോള്‍ കൂടെയുണ്ടായിരുന്ന അരീക്കൊടുകാരന് മുനിയാണ്ടി പറഞ്ഞു “അല്ല മോനെ ഇബടള്ളോരൊക്കെ എബടെ”
അപ്പോഴാണ് ഒരുത്തന് ഞങ്ങളുടെ അടുത്ത് “ഈ ബസ്ടാന്റെവിട്യാ”
“നേരെ പോയാ മതി” മുനിയാണ്ടി ചൂണ്ടി കാട്ടി
അയാള്‍ നടന്ന് പോയപ്പോള്‍ അവന് എന്നെ നോക്കി പറഞ്ഞു “അല്ല ഷ്ടാ, തൃശൂര്ക്കാര്ക്കില്ലെങ്കിലും ഇമ്മക്കില്ലേ ഒരുത്തരവാദിത്തം”
പക്ഷെ അത് തൃശ്ശൂര്‍ ഇത് സാന്‍ഫ്രാന്‍സിസ്കോ. അന്ന് തൃശ്ശൂര്‍ കാണാതായ തൃശൂര്ക്കാര് ഇവടെയോക്കെയായിരിക്കും, ആരറിഞ്ഞു.
“അല്ലെ എറണാങ്കുളംകാരാ?” ഞാന്‍ അയാളെ നോക്കി മനസ്സില്‍ ചോദിച്ചു.
“ഞാന്‍ കോഴിക്കോട്ടാ പഠിച്ചത്” അയാള്‍ പറഞ്ഞു
“അത്യോ?” ഞാന്‍ ചോദിച്ചു “കോഴിക്കൊട്ടെവിടെ?”
“ലോക്കൊളെജില്, ഞാനവിടുണ്ടായിരുന്നു രണ്ടു വര്‍ഷം, പിന്നെ ഇങ്ങു പോന്നു”
“അതെന്താ” ഞാന്‍ ചോദിച്ചു. അവന് പഠിപ്പ് പൂര്‍ത്തിയാക്കാത്തത്തില്‍ എനിക്ക് വിഷമമുള്ളത് പോലെ.
“ഡാഡിയും മമ്മിയും ഇങ്ങു വന്നു” അയാള്‍ പറഞ്ഞു
“ഓ അത് ശരി, എന്ത് ചെയ്യുന്നു?” ഞാന്‍ ചോദിച്ചു
അയാള്‍ കേട്ടില്ലെന്നു തോന്നുന്നു
“എവിടുന്നാ മലയാളം പുസ്തകം?” എന്റെ കയ്യിലുള്ള പുസ്തകം ചൂണ്ടി അയാള്‍ ചോദിച്ചു
“ഒരു സുഹൃത്ത് തന്നതാ” ഞാന്‍ പറഞ്ഞു. ഇനി അത് ചോദിക്കണ്ട
“ആരുടെയാ”
“മുകുന്ദന്റെ”
“എന്റെ സുഹൃത്തല്ല, എഴുത്തുകാരന് മുകുന്ദനാ ഞാന്‍ ഉദ്ദേശിച്ചത് ” ഞാന്‍ അയാള്‍ക്ക് തെറ്റണ്ട എന്ന് കരുതി പറഞ്ഞു
“ഞാന്‍ മലയാളം വായിക്കാറില്ല” അയാള്‍ പറഞ്ഞു
“അറിയില്ലേ ?”
“അറിയാം” അയാള്‍ ചിരിച്ചു “പക്ഷെ ഇവിടെ വന്നിട്ട് പുതുതോന്നും ഒന്നും വായിക്കാറില്ല”
“ഇംഗ്ലീഷും?” എന്റെ ചോദ്യത്തില്‍ ഒളിഞ്ഞു കിടന്ന പരിഹാസം അയാള്‍ അറിഞ്ഞുവോ ആവോ
അയാള്‍ ചിരിച്ചു “ഇംഗ്ലീഷ് പതിവുണ്ട്”
അപ്പോള്‍ എന്റെയടുത്തിരുന്ന ആള് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാന്‍ വേണ്ടി എഴുന്നേറ്റു. വെറും നിമിഷങ്ങള്‍ മാത്രം മലയാളിക്ക് കൊടുക്കണോ അതോ മദാമക്ക് കൊടുക്കണോ സീറ്റ്. പെട്ടെന്ന് തിരുമാനിക്കണം. മലയാളം സ്നേഹം വേണോ അതോ മദാമ സ്നേഹം വേണോ. മലയാളിയുടെ മനസ്സില്‍ മദാമയും മറ്റൊരു മലയാളിയും തമ്മില്‍ ഉരസിയാല്‍ മദാമയല്ലേ ജയിക്കു. സീറ്റ് മദാമക്ക് തന്നെ. ഞാന്‍ അറിയാത്ത വിധം അയാളുടെ വഴി മുടക്കി. അയാള്‍ മണപ്പിച്ചു നിന്നിരുന്ന മദാമ തന്നെ എന്റെ പക്കല്‍ വന്നിരുന്നു. വീണ്ടും ഒരു ഗോള്‍ എനിക്ക്. മറ്റൊരു മലയാളിയുടെ മേല്‍ സ്ഥാപിക്കുന്ന എല്ലാ കൊടികള്‍ക്കും കേരളീയ ജനത എന്നെ വഴ്തട്ടെ, മനസ്സില്‍ പോന്നടായണിയിക്കട്ടെ.
പക്ഷെ ഞാന്‍ നല്ലവനല്ലേ. അയാളെ നോക്കി ഞാന്‍ ഒരു സോറി കാച്ചി.
“നോ പ്രോബ്ലം, ലടീസ് ഫസ്റ്റ്”
“അതേടാ മലയാളി എനിക്കെപ്പോഴും ലടീസാ ഫസ്റ്റ്” ഞാന്‍ മനസ്സില്‍ പറഞ്ഞു
“സ്പാനിഷ് കവിത വായിക്കാറുണ്ടോ?” അയാള്‍ ചോദിച്ചു
“നെരൂദ വായിച്ചിട്ടുണ്ട്” ഞാന്‍ പറഞ്ഞു
അയാള്‍ ചിരിച്ചു “സ്പാനിഷ് എന്ന് പറയുന്പോള്‍ പലര്‍ക്കും നെരുദയെ ഉള്ളു, ബട്ട് സ്പാനിഷ് ഈസ് മുച്ച് മോര് താന്‍ നെരൂദ”
ഞാന്‍ ശരി വച്ചു “എടാ മലയാളി നീ എന്നെ ഇനി സ്പാനിഷ് പഠിപ്പിക്കണ്ട നീ മലയാളം വായിക്ക്” ഞാന്‍ മനസ്സില്‍ പറഞ്ഞു
“യൂ ഷുഡ് റീഡ് ഒക്ട്ടാവിയോ പാസ്, നികാനോര്‍ പാറാ, സെസാര്‍ വല്ലെഹോ, മാര്‍ജോറി ആഗോസിന്, വായിച്ചിട്ടുണ്ടോ”
“ഇത് വലിയ തോല്ലയായല്ലോ” ഞാന്‍ മനസ്സില്‍ പറഞ്ഞു
“ഇല്ല, നിങ്ങള്‍ സ്പാനിഷ് വായിക്കുമോ” ഞാന്‍ ചോദിച്ചു
“യെസ് , യെസ് ഇന്‍ ഫാക്റ്റ് ഞാന്‍ ഇപ്പോള്‍ പലതും ട്രാൻസിലെറ്റ് ചെയ്യുന്നുണ്ട്” അയാള്‍ പറഞ്ഞു “മലയാളത്തിലേക്ക്, ഞാന്‍ യൂനിവേഴ്സിറ്റി ഓഫ് സാന്‍ഫ്രാന്‍സിസ്കോയില്‍ പ്രൊഫസര്‍ ആണ്. ഇന്‍ ഫോറിന് ലാംഗ്വേജ്”
ഞാന്‍ അയാളെ ഒന്ന് ശരിക്കും നോക്കി
“ആന്‍ഡ് ദാറ്റ് ലേഡി നെക്സ്റ്റ് ടു യു, എന്റെ കൊളീഗും ഭാര്യയുമാണ്. ഷീ ഈസ് സ്പാനിഷ്”
ഞാന്‍ മദാമയെ നോക്കി, അവള് ചിരിച്ചു
“ഹീ ഈസ് ഫ്രം കേരള” പിന്നെ എന്റെ കയ്യിലുള്ള പുസ്തകം അയാള്‍ ചൂണ്ടി കാണിച്ചു “ദിസ് ബുക്ക് ഈസ് ബൈ മുകുന്ദന്, യൂ റിമെംബര്‍, മയ്യഴി, യെസ് ദി സെയിം ഗയ്”
മദാമ ഞാന്‍ മുകുന്ദനാണെന്ന മട്ടില്‍ എന്നെ ആദരവോടെ നോക്കി
“മയ്യഴി പുഴയുടെ തീരങ്ങളില്‍ അവള്‍ക്കു ഞാന്‍ പല തവണ വായിച്ചു കൊടുത്തിട്ടുണ്ട്”
“എനിക്ക് വരണം കോഴിക്കോട്ടും മാഹിയിലും എല്ലാം, മയ്യഴി കാണണം, അവിടുത്തെ ആളുകളെ” മദാമ എന്നെ നോക്കി പറഞ്ഞു
“മലയാളം…” ഞാന്‍ ഇളിഭ്യനായി ചോദിച്ചു
“ഞാന്‍ പഠിപ്പിച്ചു” അയാള്‍ ചിരിച്ചു “അല്ല മുകുന്ദന്റെ മയ്യഴി പഠിപ്പിച്ചു”
എന്റെ സ്റ്റോപ്പ് എത്തി ഞാന്‍ അവരോടു പെട്ടെന്ന് യാത്ര പറഞ്ഞിറങ്ങി. മദാമയെ കുറിച്ച് വളരെ സെക്സിസ്റ്റായി ചിന്തിച്ചതിൽ എന്റെയുള്ളിലെ മൊട്ടിട്ടു വരുന്ന ഫെമിനിസ്റ്റിന് മൊട്ടു സൂചി കൊണ്ട് കുത്തേറ്റത് പോലെ.
ഞാന്‍ മുകുന്ദന്റെ പ്രവാസം മടക്കി ബാഗിലിട്ടു കൂട്ടത്തില്‍ കൊറ്റ്യത്ത് കുമാരനെയും, അശോകനേയും, സുധീരനെയും, രാമദാസനെയും അങ്ങനെ പ്രവാസികളായ പലരെയും. പിന്നെ പ്രവാസികളായി വന്നു ഈ മണ്ണിന്റെതായി തീരുന്ന അനേകം ജനങളുടെ ഇടയിലേക്ക് ഞാനെന്ന പ്രവാസിയും ഇറങ്ങി നടന്നു.
മലയാളവും, സ്പാനിഷും, ഇംഗ്ലീഷും അറിയാവുന്ന, മദാമയെ കെട്ടിയ ഒരു മലയാളിയുടെ മുന്പില് ഞാന്‍ ചെറുതായോ എന്നൊരു തോന്നല്‍, മറ്റൊരു മലയാളിയുടെ മുന്പിലല്ലേ സാരമില്ല.
അയാളുടെ പേര് ചോദിച്ചില്ല. അലെങ്കില്‍ പേരിലെന്തിരിക്കുന്നു ഒരു പ്രവാസി, ഒരു അമേരിക്കന്‍ പ്രവാസി, മറ്റൊരു അമേരിക്കന്‍ പ്രവാസി…
മര്ത്ത്യന്
Categories: കഥ
Good One Vinod 🙂
enjoyed
നന്നായിട്ടുണ്ട്. പ്രവാസം എന്നാൽ ഗൾഫിൽ മാത്രം നടക്കുന്ന സംഭവം പോലെയാണല്ലോ. ഇനിയും ഇത്തരം അമേരിക്കൻ പ്രവാസ കഥകൾ പ്രതീക്ഷിക്കുന്നു.