“എന്തായിരുന്നു ചൂട്, ആ ഫാനോന്നു ഓണാക്ക്” അവള് വീട്ടില്‍ കയറി സോഫയിലേക്ക് വീണുകൊണ്ട് പറഞ്ഞു.
“കറന്റില്ല” അവന് സ്വിച്ച് രണ്ടു വശത്തേക്കും മാറ്റി കളിച്ചു കൊണ്ട് പറഞ്ഞു
“ഈ നാശം, അപ്പുറത്തൊക്കെ ഉണ്ടല്ലോ, എന്താ ഇവിടെ മാത്രം?” അവള് അന്വേഷിച്ചു
“ങ്ങാ… എനിക്കറിഞ്ഞൂടാ” അവന് പുറത്തേക്ക് നോക്കി നിന്നു
“നീ പോയി കുറച്ചു വെള്ളം എടുത്തു കൊണ്ട് വാ, ദാഹിക്കുന്നു, ഈ നശിച്ച ചൂടെപ്പോഴാ ഒന്ന് കുറയുക” അവള് സങ്കടം പറഞ്ഞു
അവന് വെള്ളവുമായി വന്നു. ഫ്രിഡ്ജിലെ തണുത്ത വെള്ളം. അവളതെടുത്ത് കുടു കുടാ കുടിച്ചു എന്നിട്ട് അവനെ നോക്കി
“കറന്റില്ല അല്ലെ?” അവള് ചോദിച്ചു
അവന് അവളെ നോക്കിയില്ല, പുറത്തേക്ക് തന്നെ നോക്കി നിന്നു
പിന്നെ “എന്തിനാ കറന്റ് ? വിയര്‍പ്പു നല്ലതാ ആരോഗ്യത്തിനു
അവള് വന്നു അവന്റെ പിന്നില്‍ നിന്നു. “എന്താ ഒരു ദേഷ്യം” അവള് കളിയാക്കി ചോദിച്ചു
അവന് പുറത്തേക്കു നോക്കി നിന്നെയുള്ളൂ
“എടാ നിനക്കെന്താ ന്ന്?” അവള് അവനെ കെട്ടി പിടിച്ചു ചോദിച്ചു
“സാറ് മുകളിലുണ്ട്” അവന് പറഞ്ഞു
അവള് കൈകള്‍ മാറ്റിയത് അവന് ശ്രദ്ധിച്ചില്ല. അവന് പുറത്തേക്ക് തന്നെ നോക്കി നിന്നു
അവള് മുകളിലേക്കുള്ള കോണി കയറി
“പോകണ്ട…” അവന് പറഞ്ഞു “കൂടെ ഒരു സ്ത്രീയുമുണ്ട്, അവര്‍ മുറിയിലുണ്ട്”
അവള് ഞെട്ടിയോ എന്നവന് ശ്രദ്ധിച്ചില്ല, ഞെട്ടി കാണും അല്ലെങ്കില്‍ സന്തോഷിച്ചിരിക്കണം
എന്തായാലും അവനതറിയേണ്ടതില്ലല്ലോ
അവന് പുറത്തേക്കിറങ്ങി നടന്നു, അവള് അവന്റെ കൂടെയിറങ്ങിയോ എന്നും അവന് തിരിഞ്ഞു നോക്കിയില്ല….
Categories: കഥ
Leave a Reply