“ഞാന്‍ പഴശ്ശി” അയാള്‍ പറഞ്ഞു
“പഴശ്യോ..?” സംശയത്തോടെ അവന് ചോദിച്ചു
“അതെ പഴശ്ശി.. കേരള വര്‍മ്മ പഴശ്ശിരാജ”
“ഹായ് മമ്മുക്ക…” അവന് ആവേശത്തോടെ തുള്ളിച്ചാടി
“മമ്മുക്കേം കോയക്കേം ഒന്നുമല്ല സാക്ഷാല്‍ പഴശ്ശി രാജാവ്”
അയാള്‍ അല്പം നീരസം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു
“അയിന് മമ്മുക്ക്യല്ലേ പഴശ്ശി..?”
അവന് അയാളെ തിരുത്തി
അയാള്‍ക്ക് ദേഷ്യം വന്നു
“ഇനി നീ പറയും ചന്തു ചതിയനല്ല എന്ന്”
“അതേലോ ചന്തൂനെ പറ്റിച്ചതല്ലേ, സാഹചര്യം ഓനെ ആട്യൊക്കെ കൊണ്ടെത്തിച്ചതല്ലേ, പിന്നെ ചരിത്രകാരന്മാര് ഓരോന്ന് എയിതി പെരുപ്പിച്ചതല്ലേ”
“ചരിത്രം…” പഴശ്ശി ആവര്‍ത്തിച്ചു
“നിനക്ക് ചരിത്രത്തെ പറ്റിയെന്തറിയാം”
അയാള്‍ അല്പം നിര്‍ത്തി എന്നിട്ട് പറഞ്ഞു
“ഇനി നീ പറയും സുരേഷാണ് ആരോമലെന്ന്”
“അതെ എന്തോരഹങ്കാരാ ഓന്, ഓനാ കളി കളിച്ചിട്ടില്ല്യായിനെങ്കില് ന്പളെ ചന്തൂം ആര്‍ച്ചേം ഒന്നിച്ചീനി”
അവൻ പറഞ്ഞു
അയാള്‍ക്ക് കരയണം എന്ന് തോന്നി പക്ഷെ രാജാവായിപ്പോയില്ലേ. ചരിത്രത്തിന്റെ ഭാഗമായിപ്പോയെങ്കിലും പ്രജകളുടെ അവിവേകം ക്ഷമിച്ചല്ലേ പറ്റു. അയാള്‍ സംയമനം പാലിച്ചു…
അവന് തുടര്‍ന്നു..
“ഇങ്ങള് രാജാവാണേല് കിരീടോം ചെങ്കോലും ഏടെ?…. മാത്രല്ല ങ്ങളിപ്പം ജീവിച്ചിരിപ്പില്ലല്ലോ”
“ഞാന്‍ ഇന്നില്ല എന്ന് പറഞ്ഞാല്‍ ഒരിക്കലും ഉണ്ടായിരുന്നില്ല എന്നല്ല, നടന്ന കാര്യങ്ങൾ വളച്ചൊടിക്കുന്നത് ശരിയല്ല”
അയാള്‍ എങ്ങിനെ പറഞ്ഞു മനസ്സിലാക്കണം എന്നു കരുതി കുഴഞ്ഞു…
“ഞാനൊര് സാധാരണക്കാരനാണ് ഭായ്, ചരിത്രോം കൂടോത്രോം ഒന്നും അറിയില്ല. ഇക്ക് രാമനും സീതേം ഒക്കെ ടീവീല് കണണോരാ” അയാള്‍ പറഞ്ഞു
“അവരെ പറ്റി എനിക്കും അറിയില്ല, പക്ഷെ അത് ചരിത്രമാണോ?”
പഴശ്ശിക്കും സംശയമായി…
“ഇക്ക് ഒക്കെ ഒരേ പോല്യാ ചരിത്രോം പുരാണോം ഒക്കെ, എല്ലാം ഓരോരത്തരു പറയണതല്ലേ, ഇയിന്റെ ഒക്കെ ഒര് വീഡിയോ ണ്ടോ..?”
“ചിത്രങ്ങളില്ലേ..?” പഴശ്ശി അവനെ ദയനീയമായി നോക്കി..
“അത് ശരി ങ്ങള് ആരൊക്കെ കൊണ്ട് പൈസേം കൊടുത്ത് വരപ്പിച്ചതും എടുപ്പിച്ചതും അല്ലെ, മ്മള് വീടിയോന്റെ ആളാ…”
“അപ്പോള്‍ നിങ്ങള്‍ക്ക് നടന്ന കാര്യങ്ങളില്‍ ഒര് വിശ്വാസവും ഇല്ലേ..?
“സിനിമേലും ടീവീലും കാണ്ന്നത് മാത്രം…. ങ്ങള് ഫേസ്ബുക്കില്‍ ണ്ടോ…?”
പഴശ്ശി അല്പം ആലോചിച്ചു എന്നിട്ട് പറഞ്ഞു
“ഇല്ല….”
“ഞാന്‍ പറഞ്ഞില്ലേ ഞങ്ങക്കൊക്കെ ഇപ്പം പഴശ്ശി മമ്മുക്ക്യാണ് ….” അവന് ചിരിച്ചു
“നീ കാണുന്നതൊക്കെ സത്യമാവില്ല എന്ന് നിനക്കറിയില്ലേ..?” പഴശ്ശി ആരാഞ്ഞു..
“തോന്നീട്ട്ണ്ട്… പക്ഷെ സത്യം അറിഞ്ഞിട്ട് എനിക്കെന്ത് കിട്ടാനാ .. ന്റെ ജീവിതം ങ്ങനെ തന്നെ…”
അവന് വീണ്ടും ചിരിച്ചു
“പക്ഷെ ചരിത്രം തെറ്റായി നിര്‍വചിച്ചാല്‍ അത് വരും കാലത്തെ ബാധിക്കില്ലേ..?”
അവൻ ബുദ്ധിമുട്ടി പഴശ്ശിയെ നോക്കി
“ഇതൊക്കെ വല്ല്യ ആള്‍ക്കാര കാര്യല്ലേ…ങ്ങള് ഒര് കാര്യം പറ പണ്ട് ജീവിച്ച ങ്ങളെന്തിനാ ഇപ്പം ഇവട വന്ന് ന്നോട് ഇതൊക്കെ പറയ്ന്നത് . ങ്ങളാ എംടീനോടൊക്കെ പോയി പറയി ഓലല്ലേ ഇതൊക്കെ എഴുതുന്നത്..”
അവനൊരു ബീഡി പുറത്തെടുത്തു
“പഴശ്ശ്യെട്ടാ ങ്ങക്ക് വേണോ ഒന്ന് … ദിനേശാണ് …”
“വേണ്ട” അയാള്‍ പറഞ്ഞു
“ങ്ങളൊക്കെ വല്യ ആള്‍ക്കാരല്ലേ ഫില്ട്ടറായിക്കും ല്ലേ…?”
അവന് ചിരിച്ചു… എന്നിട്ട് ബീഡി കത്തിച്ച് ആഞ്ഞ് വലിച്ചു കൊണ്ട് പറഞ്ഞു
“ഞങ്ങക്കൊക്കെ ഇന്നും നാളേം ള്ളൂ, ഇന്നലെ കഴിഞ്ഞേനെ പറ്റി പോരടിച്ചിട്ട് കാര്യെന്താ… ങ്ങളെ കൂട്ടരെ പേരും പ്രതാപോം നോക്കണ്ടത് ങ്ങളന്ന്യല്ലേ….? അതെന്തിനാ ഞങ്ങടെ തലേല് വച്ച് കെട്ടുന്നത്”
അവന് ബീഡി ആഞ്ഞു വലിച്ച് പുക പുറത്തേക്കു വിട്ടു.
അയാള്‍ അല്പം ആലോചിച്ചു എന്നിട്ട് പറഞ്ഞു
“ഞാനും കണ്ടിരുന്നു സിനിമ. അതിലെ ശബ്ദം ഭയങ്കരം… മറ്റു സിനിമകളെ പോലെയല്ല. പക്ഷെ അവന് ആ മമ്മൂട്ടിക്ക് അല്പം വയസ്സ് കൂടിയോ എന്നൊരു തോന്നല്‍… ന്നാലും ശബ്ദം ഗംഭീരം”
“അത് നമ്മടെ പൂക്കുട്ട്യല്ലേ, അമേരിക്കേലൊക്കെ പോയി അവാര്‍ഡു വാങ്യോനാ” അവന് പറഞ്ഞു
“അതെ പൂക്കുട്ടി… മിടുക്കനാ… സിനിമ മൊത്തത്തില്‍ നന്നായിരുന്നു ഞാനായി ഇനി തര്‍ക്കിക്കുന്നില്ല”
അയാള്‍ ആരോടെന്നില്ലാതെ സ്വയം പറഞ്ഞു.
അവന് കെട്ട് പോയ ബീഡി വീണ്ടും കത്തിച്ചു, പഴശ്ശിയും ഒന്ന് വാങ്ങി വലിച്ചു. അവര്‍ രണ്ടു പേരും നടന്നു നടന്നു മോഫ്യൂസില്‍ ബസ് സ്റ്റാന്റിലെത്തിയിരുന്നു..
“ന്നാപ്പിന്നങ്ങന്യാക്കാം പഴശ്ശിയേട്ടാ, ഇക്ക് കൊയിലാണ്ടിക്ക് പോണം, മ്മക്ക് പിന്നേം കാണാം”
പഴശ്ശി അവൻ നടന്നു പോകുന്നത് നോക്കി നിന്നു.
“അവന്റെ പേര് പോലും ചോദിച്ചില്ല”
പഴശ്ശി മനസ്സില്‍ ചിന്തിച്ചു
പക്ഷെ നടന്നു പോയ അവന് അല്പം ദൂരം ചെന്ന് നിന്നു. പിന്നെ തിരിച്ചു നടന്നു വന്നു
“പിന്നെ ഒര് കാര്യം… ങ്ങളങ്ങോട്ട് ചെല്ലുന്പം ആ ഭീമേട്ടനെ കണ്ടിങ്കില് ഒര് കാര്യം പറയ്യോ…?”
അയാള്‍ അവനെ എന്താ എന്നാ രൂപത്തില്‍ നോക്കി
“ഇവടെ ഇപ്പാള്‍ ലാലേട്ടന് ഭീമനാവാനൊരു ഒരുക്കം ണ്ട്.. ഇനി ങ്ങളെ പോലെ മൂപ്പരും ഇതും ചോദിച്ചു ങ്ങുട്ട് വന്നാല്‍ ഇവടെ ആകെ കുഴയും… ങ്ങള് പോയി മൂപ്പരെ പറഞ്ഞു മനസ്സിലാക്കണം ന്താ…?”
പഴശ്ശി തലയാട്ടി. അവന് തിരിച്ചു നടന്നു പിന്നെ ഓടി ഒര് കൊയിലാണ്ടി വണ്ടിയില്‍ കയറിപ്പോയി.
പഴശ്ശി ചുറ്റും നോക്കി പുതിയ സിനിമ പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുന്നു.
“ഒര് സിനിമ കണ്ടിട്ട് തിരിക്കാം..” പഴശ്ശി ഒര് തീയറ്റര്‍ നോക്കി നടന്നു.
“ഇനി ആ ഭീമനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും, അവനല്ലെങ്കിലും തലേം വാലും ഇല്ല, മൂക്കത്താണ് ശുണ്ഠി..വരുന്നോടത്ത് വച്ച് കാണാം”
അയാള്‍ മെല്ലെ നടന്ന് നീങ്ങി…
“പിന്നെയും ആ പഹയന്റെ പേര് ചോദിക്കാന്‍ മറന്നു പോയി.. ഛെ…”
-മർത്ത്യൻ-
Categories: കഥ
Leave a Reply