ഒളിച്ചോട്ടം

ഇന്നുവരെ ചെയിതതൊന്നും തെറ്റാണെന്ന് തോന്നിയിട്ടില്ല. ഇന്നും അതേ തോന്നുന്നുള്ളു, പക്ഷെ ഈ അവസരത്തില്‍ അവരത്‌ പറയരുതായിരുന്നു. ആദ്യമായി ജീവിതതില്‍ എന്തെങ്കിലും ചെയ്യാന്‍ തുനിയുമ്പോള്‍ അവരില്‍ നിന്നും ഈ പ്രതികരണം തീരെ പ്രതീക്ഷിച്ചില്ല. എല്ലാം തിരുമാനിച്ച്‌ കഴിഞ്ഞ്‌ വണ്ടിക്കുള്ള ടിക്കറ്റും എടുത്ത്‌ അറിയിക്കാന്‍ ചെന്നപ്പോള്‍ ആശംസകളുടെ നാലു വാക്കുകള്‍ക്ക്‌ പകരം..

“എന്നാലും നിനക്ക്‌ ഞങ്ങളോടൊരു വാക്ക്‌ പറയാമായിരുന്നില്ലെ, ഞാങ്ങളെന്താ നിനക്ക്‌ അന്യരാണൊ”

“അതിന്‌ ഞാന്‍ എനിക്കു ഏറ്റവും ഉചിതമെന്ന് തോന്നിയ ഒരു തിരുമാനം എന്ന നിലക്ക്‌, എന്നെ സ്നേഹിക്കുന്നവരുടെ ആഗ്രഹവും ഇതായിരുന്നു, പിന്നെ എന്നായാലും ഇത്‌ വേണ്ടേ, ഇന്നല്ലെങ്കില്‍ നാളെ”

അവര്‍ക്കത്‌ തൃപ്തികരമായില്ലെന്ന് തോന്നുന്നു
“പക്ഷെ നീ ഞങ്ങളേ അറിയിച്ചിരുന്നെങ്കില്‍ എന്തെങ്കിലും പോംവഴി കണ്ട്‌ പിടിക്കാമായിരുന്നു, മാത്രാമല്ല, രഘുവിന്റെ വീട്ടില്‍ നിനക്ക്‌ താമസവും ശരിയാക്കാമായിരുന്നു. ആരാണെങ്കിലും നമ്മള്‍ക്കും ഇല്ലെ ഒരഭിമാനമൊക്കെ, ഇപ്പോള്‍ നീ എല്ലാം ഇട്ടെറിഞ്ഞ്‌, ഒരു പരാജിതനെ പോലെ , ഇതൊര്‌ ഒളിച്ചോട്ടമല്ലെ മനു”

ഒളിച്ചോട്ടം പോലും, എന്തൊളിച്ചോട്ടം, ഇവരൊക്കെ ചെയ്യുന്നതാണ്‌ ഒളിച്ചോട്ടം, ഞാന്‍ ഒന്നുമില്ലെങ്കില്‍ ഒരു പരിഹാരം എന്ന നിലക്കാണ്‌ ഇവിടം വിടുന്നത്‌,ഇവരോ ഇവിടെ തന്നെ നിന്ന് തങ്ങളില്‍ നിന്നും അന്യരില്‍ നിന്നും നിത്യവും ഒളിച്ചു നടക്കുന്നു, എന്നിട്ടിപ്പോള്‍ എല്ലാത്തിനും ഒരു വഴി കണ്ടു പിടിച്ചപ്പോള്‍ ഒളിച്ചോട്ടമാണു പോലും.

പറയുന്നത്‌ കേട്ടാല്‍ തോന്നും, ജമാല്‌ കഴിഞ്ഞ വര്‍ഷം ആറു മാസം കൂര്‍ഗില്‍, അമ്മാമന്റെ കൂടെ സുഖവാസത്തിന്‌ ചെന്ന് നിന്നതാണെന്ന്. കയ്യും കാലും വെട്ടും എന്ന് പറഞ്ഞ്‌ നമ്പ്യാരടെ ആള്‍ക്കാര്‍ ഓടി നടന്നത്‌ എല്ലാവര്‍ക്കും അറിയാം. പിന്നെ അനിതയെ എതോ അമേരിക്കക്കാരന്‍ വന്ന് കെട്ടി കൊണ്ട്‌ പോയപ്പോഴാണ്‌ ജമാല്‍ നാട്ടിലെതിയത്‌. എന്നിട്ട്‌ ഇത്രയൊക്കെ ഇവിടെ നടന്നോ എന്നൊരു ചോദ്യവും. ആരെയാണവന്‍ പൊട്ടനാക്കാന്‍ ശ്രമിച്ചത്‌, നമ്പ്യാരുമായി അമ്മാമന്‍ നടത്തിയ ഒരു സെറ്റില്‍മെന്റ്‌, ജമാലിനെ അനിതയുടെ കല്യാണം കഴിഞ്ഞെ ഇവിടെ കണ്ടു പോകാവു എന്നായിരുന്നു കരാര്‍ എന്ന് നാടിനു മുഴുവന്‍ അറിയാവുന്നതല്ലെ.

തന്നേ ഗുണദോഷിക്കാന്‍ ഇന്ന് മുന്‍പന്തിയിലും അവനാണ്‌, പിന്നെ ഹരി, അവനാണ്‌ രാത്രിക്ക്‌ രാമാനം ജമാലിനെ വണ്ടിയോടിച്ച്‌ കൂര്‍ഗിലെത്തിച്ചത്‌.

പിന്നെ സുകു, IAS പരീക്ഷക്ക്‌ പഠിക്കുന്നെന്നും പറഞ്ഞ്‌ നടക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷം അഞ്ചായി, ഡിഗ്രി പാസാവാത്ത കാര്യം അവന്‍ മറന്നുവെങ്കിലും തനിക്കിന്നും ഓര്‍മ്മയുണ്ട്‌.

ഒളിച്ചോട്ടമാണത്രെ….ഒളിച്ചോട്ടം

എന്തില്‍ നിന്നോടണം. പഠിപ്പ്‌ കഴിഞ്ഞ്‌ ഇത്രകാലമായിട്ടും ഒരു ജോലിയിലും കയറാതെ ഇവരുടെ കൂടെ നടന്നതിന്‌ അച്ഛന്‍ അവസാനത്തെ വഴി എന്ന നിലക്ക്‌ വീട്ടില്‍ കയറരുതെന്ന് പറഞ്ഞപ്പോള്‍, ഒന്നും ചെയ്യാതെ തിരിച്ചു വിളിക്കുന്ന നേരം വരെ രഘുവിന്റെ വീട്ടില്‍ തങ്ങണോ, അതൊ അവരിറക്കി വിട്ടാല്‍ പിന്നെ ജമാല്‍, പിന്നെ സുകു, പിന്നെ ഹരി എന്നിങ്ങനെ ഒരോരുത്തരുടെ സഹായത്തില്‍ അങ്ങിനെ വീടും കുടിയുമില്ലാതെ നടക്കണോ.

ഇന്നലെ രാത്രി കയറി ചെന്നപ്പോള്‍ വൈകിയിരുന്നു അച്ഛന്‍ ഉറങ്ങിയിട്ടില്ല. ഉമ്മറത്തിരിക്കുന്നുണ്ട്‌, കയ്യില്‍ ഒരു കെട്ട്‌ പേപ്പറും, താന്‍ പലപ്പോളായി കുറിച്ചിട്ടിരുന്ന വരികളുടെ സമാഹാരം..

“ഇങ്ങനെ കുത്തി കുറിച്ചിട്ടാല്‍ ആരെങ്കിലും വായിലേക്ക്‌ വിളമ്പി തരും എന്ന് കരുതിയോ, അതോ ഞാന്‍ നിന്നെ കാലാകാലം ഊട്ടിക്കൊള്ളാം എന്നേറ്റിട്ടുണ്ടോ. ഇന്ന് ഇവിടെ അത്താഴം കഴിച്ച്‌ കിടന്നുറങ്ങാം നാളെ പുലര്‍ച്ചെ ഇറങ്ങി കൊള്ളണം.”

“പക്ഷേ അച്ഛാ ഞാന്‍…”, പറഞ്ഞ്‌ മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല, കൈ ഉയര്‍ത്തി നിര്‍ത്താന്‍ ആംഗ്യം കാട്ടി. എന്നിട്ട്‌ ഒരു പൊതി കയ്യിലേല്‍പിച്ചു.

“സതിയുടെ വിവാഹത്തിനെന്ന് കരുതി വച്ചിരുന്നതില്‍ നിന്നാണ്‌, ഇതാ നാല്‍പ്പതിനായിരം രൂപയുണ്ട്‌. നീ എന്റെ മുന്‍പില്‍ കിടന്ന് നശിക്കുന്നത്‌ കാണാന്‍ എനിക്ക്‌ കഴിയില്ല, അതു കൊണ്ട്‌ നീ നാളെ ഈ പണവുമായി നിന്റെ മനസ്സ്‌ പറയുന്ന വഴി പോകണം. നാളെ എന്നെങ്കിലും നിനക്ക്‌ ഇത്‌ തിരിച്ചേല്‍പ്പിക്കാന്‍ പറ്റിയാല്‍ ഈ വാതില്‍ എന്നും നിനക്കു വേണ്ടി തുറന്നിരിക്കും, മറിച്ചാണെങ്കില്‍, നിന്റെ കൂടെ എന്റെ അനുഗ്രഹങ്ങളല്ലാതെ മറ്റൊന്നുമുണ്ടാവില്ല, ഞങ്ങളോ ബന്ധങ്ങളോ ഒന്നും.”

തനിക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ നില്‍ക്കാതെ അച്ഛന്‍ മുറിയിലേക്ക്‌ പോയി. പോകുന്ന വഴി അമ്മയോട്‌ പറയുന്നത്‌ കേട്ടു. “അവന്റെ നന്മക്ക്‌ തന്നെയാണ്‌, അവന്‍ അത്താഴം കഴിച്ച്‌ കിടക്കട്ടെ.”

അമ്മ അത്താഴം വിളമ്പി അടുത്ത്‌ വന്നിരുന്നു, സതിയും കൂട്ടിനിരുന്നു. ആരും ഒന്നും മിണ്ടിയില്ല. അമ്മക്ക്‌ പലതും പറയണമെന്നുണ്ടായിരുന്നെന്ന് തോന്നുന്നു പക്ഷെ എന്റെ തോളില്‍ കൈ വച്ച്‌ അടുത്തിരുന്നേയുള്ളു. സതിയും അവളുടെ പുസ്തകവുമായി അടുത്തിരുന്നു, വായിക്കുന്നില്ലെന്നറിയാം, അവളും ഒന്നും മിണ്ടിയില്ല. ഇന്ന് അവസാനമായി എന്റെ സാമിപ്യം, അതു മാത്രമേ അവരാഗ്രഹിച്ചിരുന്നുള്ളു എന്ന് തോന്നുന്നു.

പാവം അച്ഛന്‍, അവിടെ ഞങ്ങളുടെ കൂടെ ഇരിക്കാന്‍ അച്ഛനും ആഗ്രഹിച്ചിരിക്കണം, പക്ഷെ കഴിയില്ല, എന്റെ സ്വപ്നങ്ങള്‍ തെടിയുള്ള യാത്രയിലെക്ക്‌ എന്നെ ബലമായി ഉന്തി തള്ളി വിട്ടിട്ട്‌ അവിടെ എന്റെ കൂടെ ഇരിക്കാന്‍ കഴിയാതെ മുറിയില്‍ വിങ്ങി പൊട്ടി ഇരുന്നിട്ടുണ്ടായിരിക്കണം.

ഒളിച്ചോട്ടമാണു പോലും…. ഒളിച്ചോട്ടം
അച്ഛനെ ഇങ്ങനെ ഒരു തിരുമാനത്തില്‍ എത്തിച്ചത്‌ താന്‍ തന്നെയാണ്‌, അതിന്‌ പരിഹാരം അവിടെ തന്നെ നില്‍ക്കുകയല്ല. പോകണം ഈ നാട്ടില്‍ നിന്ന്, തന്റെ സൌകര്യങ്ങളുടെ ഈ ലോകത്തില്‍ നിന്ന്, അറിയപ്പെടാത്ത പലതിലേക്കും. തന്റെ സ്വപ്നങ്ങള്‍ പരിചിതങ്ങളെങ്കിലും അവയിലേക്കുള്ള വഴികള്‍ പലപ്പോഴും അപരിചിതമായിരിക്കും എന്നച്ഛന്‍ അറിഞ്ഞിരിക്കണം. അതിനൊരു കരുതലായിട്ടായിരിക്കണം ആ പണം ഏല്‍പ്പിച്ചത്‌.

ഒളിച്ചോട്ടമാണു പോലും…. ഒളിച്ചോട്ടം
എന്റെയും, എന്നിലൂടെ എന്റെ അച്ഛനും കണ്ടിരുന്ന സ്വപ്നങ്ങളിലേക്കുള്ള കുതിച്ചോട്ടമാണ്‌ സുഹൃത്തുക്കളെ…

നിങ്ങളിന്നും അറിയാതെ പോകുന്നതും…
ഞാന്‍ എന്റെ ബന്ധങ്ങള്‍ക്ക്‌ കൊടുത്തിരുന്നത്‌ എന്റെ ജീവന്റെ പങ്കായിരുന്നു, എപ്പോഴും, അച്ഛനായലും, അമ്മയായാലും, സുഹൃത്തുക്കളായലും. ഈ മുറിച്ചു കൊടുക്കലില്‍ എന്റെ ജീവന്‍ തീര്‍ന്നു കൊണ്ടിരിക്കുന്നത്‌ എന്റെ അച്ഛനു മാത്രമെ കാണാന്‍ കഴിഞ്ഞുള്ളു എന്നതാണ്‌ സത്യം….Categories: കഥ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: