“എന്താടൊ പതിവില്ലാതെ ഈ വഴിക്ക്”
“ഞാന്‍ അഹല്യേനെ കാണാന്‍ വന്നതാ”
“ങൂം? എന്താ കാര്യം”
“ഏയ് ഒന്നുല്യാ”
കുഞ്ഞുണ്ണിക്ക് അവിടെ ചെല്ലുന്നത് ഒട്ടും ഇഷ്ടമായിട്ടല്ല, പക്ഷെ അഹല്യയുള്ളത് കൊണ്ട് മാത്രം. പിന്നെ എപ്പോഴും പല്ലു പോയ ഈ സിംഹത്തിനെ ഇങ്ങനെ പുറത്ത് കെട്ടിയിട്ടിട്ടുണ്ടാവും.
പല്ലു പോയിന്നേ ഉള്ളു നാവിന് നല്ല ഉശിരാ, അഹല്യേടെ മുത്തശ്ശന് അസത്തിന്. എപ്പോഴും ഒര് കളിയാക്കലും അര്‍ഥം വച്ച പറച്ചിലുകളും.
സിംഹം അല്പം കഴിഞ്ഞ് പത്രത്തില്‍ നിന്ന് തല പൊക്കി നോക്കി
“നീ പോയില്യെ ഇവടങ്ങനെ നിക്കണ്ട, നെനക്ക് പഠിക്കാനൊന്നുല്യേ”
“ഇല്ല പഠിച്ച് കഴിഞ്ഞു”
“ഹയ് കേക്കണ്ടിക്ക്, കഴിഞ്ഞുത്രെ, എത്രാം വട്ടാ ഈ എഴുത്ത്”
“ഇതവസാനത്ത്യാ”
“ഹാവൂ അതേതായലും നന്നായി, ഇതന്ന്യാ നല്ല ബുദ്ധി, അല്ലെങ്കിങ്ങനെ ചാവണ വരെ എഴുത്തന്ന്യായിരിക്കും, നെനക്കതൊന്നും പറഞ്ഞിട്ടില്യ”
കുഞ്ഞുണ്ണിക്ക് അരിശം വന്നു”അതല്ല ഞാന്‍ ഇത്തവണ ജയിക്കും”
“ങാഹ ഹ ഹ ഹ, അത് ഞാന്‍ കേട്ടു, വേലു, നീ കേട്ടൊ, കുഞ്ഞുണ്ണി ജയിക്കാന്‍ പോണൂത്രേ”
സിംഹം തന്റെ മേല്‍ നടത്തുന്ന താണ്ഡവത്തിന് കൂട്ടിനായി വാല്യക്കാരന്‍ വേലുവിനേം വിളിച്ചു. വേലു പണി നിര്‍ത്തി അടുത്ത് വന്ന് ഇളിച്ചു കാട്ടി വാല്യക്കാരന്റെ കൃത്ത്യം നിര്‍വഹിച്ചു
“ഞാന്‍ ജയിക്കും ഇക്കുറി” കുഞ്ഞുണ്ണി വീണ്ടും പറഞ്ഞു
“എടാ പോത്തെ, ബുദ്ധി ഇല്ലേങ്കില്‍ ബുദ്ധിമുട്ടന്യാ, അത് മനസ്സിലാക്കാത്തവന് മണ്ടന്‍”
സിംഹത്തിനോട് സംസാരിച്ചിട്ട് കാര്യമൊന്നുമില്ല കുഞ്ഞുണ്ണി വീണ്ടും ചോദിച്ചു
“അഹല്യല്ലേ ഇവടെ”
“അതിന് അഹല്യ പോയിലോ, രാവിലത്തെ വണ്ടിക്ക്. ഇപ്പം ഷോര്‍ണൂരെത്തിയിട്ടുണ്ടാവും, എന്താ കാര്യം ?”പുറത്തേക്ക് വന്ന അഹല്യയുടെ അമ്മ ചിരിച്ച് കോണ്ട് പറഞ്ഞു.
പെരുമാറ്റത്തില്‍ എന്തോരു വ്യത്യാസം. സിംഹത്തിന്റെ മോളാണെന്ന് ആരും പറയില്ല.
“അതിന് അത്ന്റെ അമ്മേടെ സമ്പ്രദായാണ്” കുഞ്ഞുണ്ണി അമ്മ പറയുന്നത് കേട്ടിട്ടുണ്ട്.
സിംഹത്തിന്റെ ഭാര്യയുടെ, അഹല്യയുടെ മുത്തശ്ശിയുടെ കാര്യമാണ്. കുഞ്ഞുണ്ണി കണ്ടിട്ടില്ല, അഹല്യേടെ അമ്മ ചെറുതാവുമ്പോള്‍ തന്നെ എന്തോ അസുഖം വന്ന് മരിച്ചതാണ്.
“ഈ സിംഹത്തിനെ സഹിക്കണ്ടെ” കുഞ്ഞുണ്ണി ചിന്തിച്ചു.
പിന്നെ അഹല്യയുടെ അമ്മ വിവഹം കഴിഞ്ഞ് വിദേശത്തേക്കും പോയി. സിംഹം ഒറ്റക്കായി, കൂട്ടിന് വേലൂം തൊഴുത്തിലെ പശുക്കളും മാത്രം
“ഇനി അഹല്യെന്നാ വരാ”
“അടുത്ത കൊല്ലം”
“ഇവിടെ പഠിച്ചൂടെ അഹല്യക്ക്”
“നെന്റെ പഠിത്തം തന്നെ അസ്സലാവ്ണ്ട്, ഇനി അഹല്യേനെം കൂടി വേണല്ലെ കൂട്ടിന്” സിംഹം കളിയാക്കി
“അമ്മ ചോദിച്ചതാണ്, എനിക്കെന്തായലും വേണ്ടില്യ. അത് അവടെങ്ങാനും കെടന്നോട്ടെ”
കുഞ്ഞുണ്ണിയുടെ ക്ഷമ നശിച്ച് തുടങ്ങിയിരുന്നു
“നിങ്ങള്‍ ഇത്രീസം കൊണ്ട് നല്ല കൂട്ടായേര്‍ന്നു ലേ, കുഞ്ഞുണ്ണീനെ കണ്ടില്ല്യാന്നും പറഞ്ഞ് വല്യ വെഷമേര്‍ന്നു അതിന്, പിന്നെ ഇത് തരാന്‍ പറഞ്ഞേല്‍പ്പിച്ചു എന്റടുത്ത്”
“എന്താത്”
“കത്താന്നാ തോന്നണേ”
“അതിനത് ഇന്‍ഗ്ലീഷിലായിരിക്കും, നെനക്ക്ണ്ടോ അതൊക്കെ വായിക്കാന്‍ പറ്റുണൂ” സിംഹം പരിഹസിച്ചു, വേലു വീണ്ടും ഇളിച്ചു കാട്ടി.
“അച്ഛനെന്തിനാ ഇതിനേ കണ്ടാ എപ്പഴും ഇങ്ങനെ കള്യാക്കണത്” അഹല്യയുടെ അമ്മ പരാതിയോടെ ചോദിച്ചു.
സിംഹം എല്ലാവരെയും നോക്കിയിട്ട് പറഞ്ഞു
“ഞാന്‍ പറയാം നോക്കിക്കോ,
കുഞ്ഞുണ്ണി, അന്‍പത്തഞ്ചീന്ന് ആറുപത്തഞ്ച് പോയാ എത്ര്യാ ബാക്കി”
കുഞ്ഞുണ്ണി ആലോചിച്ചു
“ആറിയില്ല്യാ”
“അമേരിക്കേടെ തലസ്ഥാനേതാ”
“ഇക്കറിയില്ല്യാ”
“പോട്ടെ ബീഹാറിലെ മുഖ്യമന്ത്രിയാരാ”
“ഇന്‍ക്കിശ്ശല്യാ”
” ഭേഷ് അസ്സലായിരിക്ക്ണു ഇത്രക്ക്ണ്ട് വെവരം ന്ന് ഞാനും വിചാരിച്ചില്യ. ഉത്തരങ്ങള്‍ കേമായിട്ട്ണ്ട്, എന്ത് ചൊദിച്ചാലും ഒരുത്തരണ്ടല്ലോ, ഒരുത്തരെ ഉള്ളുവെനിം, ഹ ഹ ഹ്, മണ്ടന്‍, ഹ ഹ ഹ”
സിംഹം അട്ടഹസിച്ചു
“ഞാന്‍ പറഞ്ഞില്ലെ രാധേ, ഇതിനെ പഠിപ്പിക്കണം ന്ന് ഇതിന്റെ അമ്മക്കാ ഏറേം, പക്ഷേ കണ്ടില്ലെ ഇതിന്റെ ബുദ്ധി, പുസ്തകം കയ്യോണ്ട് തൊടില്ല. പത്രത്തിലും അഴ്ചപതിപ്പിലും ആള്‍ക്കാര്‍ക്ക് മീശവരക്കണതാണ് ആകേള്ള ബന്ധം. ഞാനാവണത് പറഞ്ഞതാ അവളോട്, വല്ല പണിക്കും വിടാന്ന്, കേക്കണ്ടെ. ഇനി നീ പറഞ്ഞ് നോക്ക്, നെന്റെ വല്യ കൂട്ടല്ലെ”
“കുഞ്ഞുണ്ണി അമ്മ വീട്ടില്ണ്ടോ” രാധ ചോദിച്ചു
“അറിയില്യ”
“ദാ കടക്കുണു പിന്നേം അതേ ഉത്തരം തന്നെ…ഈ ചെക്കന്….” സിംഹം വീണ്ടും ഇടയാന്‍ തുടങ്ങിഅത് കാര്യമാക്കാതെ രാധ കുഞ്ഞുണ്ണിയോടായ് പറഞ്ഞു
“ഞാനൂണ്ടങ്ങോട്ട്, നെന്റെ അമ്മേനേം കണ്ടിട്ട് ദിവസം കൊറ്യായി”
എന്നിട്ട് സിംഹത്തിനോടായി “അച്ഛാ, ഞാന്‍ പോയിട്ടിപ്പം വരാം, അച്ഛന് പറയണ പോലെ അത്രക്ക് മോശക്കാരനാണൊ ഇയാള്ന്നറിയണ്ടെ”
അവര്‍ പടിയിറങ്ങി നടന്നകലുന്നത് സിംഹം നോക്കിയിരുന്നു
“രാധയേയും അഹല്യയേയും പോലെ തന്നെയാണ് തനിക്ക് കുഞ്ഞുണ്ണീം അവന്റമ്മേം, മുന്പില് കിടന്നിങ്ങനെ നശിക്കണത് കാണാന്‍ പറ്റാഞ്ഞിട്ടാണ് എപ്പോഴും അതിനേ ഇട്ട് കളിയാക്കണത്. തന്റെ രക്താണെങ്കിലും ആ അധികാരം ഇട്ക്കാന്‍ പറ്റ്വൊ. പറഞ്ഞാല്‍… അതും ഇത്രയും കാലം കഴിഞ്ഞ് ആരെങ്കിലും ചെവി കൊള്ള്വോ. ഇനി അറിഞ്ഞാല്‍ തന്നെ ഭാഗം പോവ്വോന്ന്ള്ള വേവലാതിയായിരിക്കും എല്ലാറ്റിനും. അറിയാതിര്ന്നാല്‍ കണ്ടില്ലെ രാധയേ പോലെ എല്ലാവരും സഹായിക്കും. ഇക്കാലത്ത് ആശ്രിതര്ണ്ടാവണതും ഒരു ഗമയാണ് എല്ലാത്തിനും.” സിംഹം മനസ്സില്‍ താന്‍ ചെയ്യുന്നതിനെ സ്വയം ന്യായീകരിച്ചു.
കുലമഹിമയും സമൂഹത്തിലേ സ്ഥാനവും പിന്നെ അതു വഴി സിദ്ധിച്ച സത്യത്തെ നേരിടാന്‍ കഴിയാത്ത ഒരുതരം ഷണ്ഡത്വവും സിഹത്തിനെ സത്യത്തില്‍ നിന്നും അതിലുപരി പൂര്‍ണ്ണതയില്‍ നിന്നും വളരെ ദൂരെയെത്തിച്ചിരുന്നു
Categories: കഥ
Leave a Reply