കണ്‍ഫ്‌യൂസ്ഡ്‌ ഹ്യൂമണിസ്റ്റ്‌

“നീ ഇവിടെ കഴിയേണ്ടവനല്ല, ഈ കൈ നോക്കിയാല്‍ ഏത്‌ പേരെടുത്ത കൈനോട്ടക്കാരും ഇതേ പറയു, ഏറിയാല്‍ ഒരു വര്‍ഷം അതിനുള്ളില്‍ നീ ഇവിടം വിടും”

“സംശയമുണ്ടെങ്കില്‍ നീ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ്‌ വാങ്ങിയ ആ രാമസ്വാമിയുടെ അടുത്ത്‌ ചെന്ന്‌ ചോദിക്ക്‌”

തന്റെ മുഖത്തെ പരിഹാസം കണ്ടിട്ട്‌ അജയന്‍ അല്‍പം അരിശത്തോടെ പറഞ്ഞു. അവന്‌ ഈ ശാസ്ത്രം വശമുണ്ട്‌ എന്ന അഭിപ്രായക്കാരനാണ്‌ താന്‍,പക്ഷെ നടക്കാത്ത കാര്യം ഇവനല്ല സാക്ഷാല്‍ രാംസ്വാമി പറഞ്ഞാലും തന്റെ മുഖത്തില്ലെങ്കിലും മനസ്സിലെങ്കിലും ഇതേ വികാരമുണ്ടാകുമായിരുന്നു. രാമസ്വാമിക്ക്‌ തന്നെ അറിയില്ല എന്നത്‌ കൊണ്ട്‌ അയാളുടെ കഴിവിനെ താന്‍ പരിഹസിക്കാന്‍ വഴിയില്ല, പക്ഷെ ഇവനാകട്ടെ കഴിഞ്ഞ ആറു വര്‍ഷമായി കോളേജിലും പുറത്തും തന്നെ അടുത്തറിഞ്ഞിട്ട്‌ തന്നോട്‌ തന്നെ ഇങ്ങനെ കയറി തള്ളുന്നത്‌ ഒന്നെങ്കില്‍ അവന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയതായിരിക്കും അല്ലെങ്കില്‍ അവന്‍ തന്നെ ഒന്ന് ഉസ്ത്തുന്നതായിരിക്കും.

“നീ സ്വയം കരകയറാന്‍ നോക്ക്‌, ഇങ്ങനെ ജനങ്ങളുടെ കൈ പിടിച്ച്‌ വാചകമടിച്ചെങ്കിലും രക്ഷപ്പെടുമെന്നാ ഞാന്‍ കരുതിയത്‌, ഈ നിലക്ക്‌ നീ കാലുപിടിച്ചാലും രക്ഷപ്പെടില്ല” അവന്‍ ഉസ്ത്തിയതാണൊ എന്ന ചിന്ത തന്നേയും അല്‍പം അരിശപ്പെടുത്തിയിരുന്നു.

“ഇല്ല മോനെ പീറ്ററെ, നേരാ, ഇത്‌ നോക്ക്‌ നീ” അവന്‍ കൈയ്യെടുത്ത്‌ തനിക്കും കൂടി കാണാന്‍ പാകത്തില്‍ വച്ചിട്ട്‌ പേനയെടുത്ത്‌ ഉള്ളം കൈയ്യിലെ രേഖകളിലൂടെ വരയാന്‍ തുടങ്ങി”

ഇത്‌ കണ്ടില്ലെ ഇതാണ്‌ ഞാന്‍ പറഞ്ഞത്‌” ഒരു മീനിന്റെ ആകൃതിയില്‍ വരകള്‍ക്കിടയില്‍ക്കൂടി പേനയോടിച്ച്‌ അവന്‍ പറഞ്ഞു.

“എന്താ മക്കളെ ഞാമ്പോയപ്പേക്കും ങള്‌ ബടര്‌ന്നൊര്‌ പിടീം വലീം, അജയാ ഈയ്യ്‌ മ്പളെ നസ്രാണിചെക്കനെ ബെറ്‌തെ ബിടടൊ, ഇയ്യ്‌ പെണ്ണ്‍ങ്ങളെ വിട്ട്‌ ഇപ്പം ആണ്‌ങ്ങള കൈയ്യും നോക്കന്തൊടങ്ങ്യൊ”
പിന്നിലത്തെ വാതിലും കടന്ന്‌ വന്ന മജീദ്‌ അടുത്തേക്ക്‌ വന്ന് അജയനെ നോക്കി പറഞ്ഞു.

ഉമ്മറത്ത്‌ ഇരുത്തീട്ട്‌ ഇപ്പോള്‍ വരാം എന്നും പറഞ്ഞ്‌ ഉള്ളിലേക്ക്‌ വലിഞ്ഞിട്ട്‌ ഇപ്പോഴാ വരവ്‌, കുളി കഴിഞ്ഞ്‌ കൈലിയും ബനിയനും മാറ്റി ഡബ്‌ളുടുത്ത്‌, ഷര്‍ട്ടും ഇട്ട്‌ സെന്റും പൂശിയാണ്‌ വരവ്‌.

“ഇവന്‍ വൈകാതെ പറക്കും മജീദെ, നമ്മളൊന്നും പിടിച്ചാലിനി നില്‍ക്കില്ല” അജയന്‍ പറഞ്ഞു.

“പോയൂട്‌ ചങ്ങായ്യേ, അനക്ക്‌ കാറ്റാ.., ഓനല്ലേലെ പിരാന്ത, ഇനിയ്യുംകൂടി ചേര്‍ന്നോനെ കിനാവ്‌ കാണിക്കണ്ട. സമയമ്പോണ്‌, നേരത്തിന്‌ സ്റ്റെല്ലേന്റെ പൊരേലെത്തീല്ലെങ്കില്‌ ഓള്‌വനെ കരിപൂറ്‌ന്നല്ല നിന്നോടത്ത്‌ന്നന്നെ പറത്തിക്കും. ഇയ്യ്‌ ഓന്‍ പറയണത്‌ കേക്കണ്ട പീറ്ററെ, ന്റ കാര്‍ന്നോര്‌ ബര്‌ന്നേനം മുമ്പ്‌ മ്പക്ക്‌ സലം കാല്യാക്കാ.”
“ഇയ്യ്‌ ബര്‌ണ്ടടോ ബലാലെ”

“ഇത്ര നേര്‍ത്തെ വേണോ, ഇവന്‍ പോട്ടെ നമ്മക്ക്‌ രണ്ടടിച്ചിട്ട്‌ അങ്ങെത്താം, അല്ലെങ്കിലും സ്റ്റെല്ലക്ക്‌ ഇവനെത്തിയാല്‍ മതി. ഇങ്ങനാണേല്‍ അവര്‍ക്ക്‌ ഒറ്റക്ക്‌ എന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കേം ചെയ്യാം.”

“ന്താ പീറ്ററെ ന്നാ ഞാളാട്ടെത്തിയാ മത്യോ, ഇയ്യ്‌ പൊയ്‌ക്കൊ, ന്ന്‌ട്ട്‌ ഓളെ രണ്ട്‌ തമാശ്യൊക്കെ പറഞ്ഞ്‌ ചിരിപ്പിച്ചൊ, പിന്നെ ഇബനേ മാതിരി കൈയ്യ്‌മ്മ കേറി പിടിക്കാനൊന്നും പോണ്ട”

“ശരി അധികം വൈകാതങ്ങെത്തണം” താന്‍ പറഞ്ഞു

“ഇബനെ ഞാന്നോക്കാം, ഇയ്യ്‌ ബേജാറാവണ്ട”എന്നും പറഞ്ഞ്‌ മജീത്‌ അകത്തേക്ക്‌ വിളിച്ചു പറഞ്ഞു
“കദീജൂ ഞാള്‌ പോണ്‌, ഇയ്യീ വാതിലാട്ട്‌ ചാരിക്ക”

അജയനും മജീദും ഗേറ്റ്‌ കടന്ന് മറയുന്നത്‌ വരെ ഉമ്മറത്ത്‌ തന്നെ ഇരുന്നു, എഴുന്നേറ്റപ്പോള്‍ കദീജ പുറത്തേക്കെത്തിയിരുന്നു.
“സ്റ്റെല്ലേച്ചീനോട്‌ ന്റന്ന്വേഷണം പറയീ”

“പറയാം” ബീഡിക്കെട്ട്‌ കീശയിലിട്ട്‌ തീപ്പെട്ടിയെ വിരളുകള്‍ക്കുള്ളില്‍ ഇറുക്കി കളിച്ച്‌ താനും ഇറങ്ങി.

മജീദിന്റെ വീടിറങ്ങി വലത്തോട്ടു തിരിഞ്ഞ്‌ അല്‍പം നടന്നാല്‍ നായരുടെ പലചരക്ക്‌ കട. പരീക്ഷക്കാലമായതു കൊണ്ട്‌ കടയില്‍ നായരുടെ മോനും ഉണ്ടാവും, തന്റെ മുന്‍പിലിരുത്തി പഠിപ്പിച്ചാലേ നായര്‍ക്ക്‌ തൃപ്ത്തിയാവു. മാത്രമല്ല മകന്‍ പഠിക്കുന്നത്‌ കേട്ട്‌ തന്റെ ലോകവിവരവും മെച്ചപ്പെടുത്താം. അതുവഴി പോകുമ്പോഴൊക്കെ നായരോട്‌ കുശലം പറയാറുണ്ട്‌, മാത്രമല്ല അപ്പച്ചനുമായിട്ടും നല്ല കൂട്ടയിരുന്നു നായര്‍ക്ക്‌. നായരുടെ കട തുറന്നിട്ടില്ല, പതിവില്ലാത്തതാണ്‌. ഇനി ചരക്ക്‌ വാങ്ങാന്‍ അങ്ങാടിയില്‍ പോയതായിരിക്കും.

കടയുടെ പുറത്തു നിന്നാല്‍ സ്റ്റെല്ലയുടെ ഗേറ്റ്‌ പിടിപിച്ച ബിത്തിയിലെ പരുന്തിന്റെ പ്രാതിമ കാണാം. റോഡരികിലായി വളര്‍ന്നു നിന്നിരുന്ന മരം ഇപ്പോള്‍ വീടു മൊത്തം മറച്ചിരുന്നു. പണ്ട്‌ വീടും സ്റ്റെല്ലയുടെ മുറിയുടെ ജനാലയും കാണാമായിരുന്നു. നായരോട്‌ സല്ലപിച്ച്‌ സ്റ്റെല്ലയെ ദൂരെ മുറിയില്‍ ഇരിക്കുന്നത്‌ കാണാന്‍ വേണ്ടി വീട്ടിലേക്കുള്ള പലചരക്കു വാങ്ങല്‍ കുറേകാലം താന്‍ സ്വയം ഏറ്റെടുത്തിരുന്നു.

ഇന്ന് മരം വളര്‍ന്ന് താഴെയുള്ള കലുങ്ക്‌ പൊട്ടിക്കാന്‍ തക്കവണ്ണം ആയിരിക്കുന്നു. സംരക്ഷണക്കാര്‍ എതിര്‍ത്തിട്ടാണ്‌ അല്ലെങ്കില്‍ ഇന്നും സ്റ്റെല്ലയുടെ മുറിയിലെ ബള്‍ബുകള്‍ തനിക്കു വേണ്ടി മിന്നി കളിക്കുമായിരുന്നു. അതായിരുന്നു അവളുടെ സിഗ്നല്‍. ഏഴുമണിയാകുമ്പോള്‍ അവള്‍ മുറിയിലെത്തും പിന്നെ സിഗ്നല്‍ തരും. സ്റ്റെല്ലയുടെ മുറിയുടെ ജനാലുകള്‍ക്കു തൊട്ടുള്ള മതിലില്‍ തനിക്കും അവള്‍ക്കും മാത്രമറിയാവുന്ന ഇഷ്ടികകൊണ്ടു മറക്കാന്‍ പാകത്തില്‍ ഒരു പൊത്തുണ്ടായിരുന്നു. സിഗ്നല്‍ കണ്ടാല്‍ നായരുടെ പറ്റു പുസ്തകത്തില്‍ കണക്കും എഴുതി സ്റ്റെല്ലയുടെ ജനാല മുന്നിലുള്ള മതില്‍നടുത്ത്‌ പോയി ഇഷ്ടിക നീക്കും എന്നിട്ട്‌ നായരുടെ അടുത്തു നിന്നും വാങ്ങിയ മിഠായിപൊതി ഒരു വടിയില്‍ കെട്ടി ജനലിനുള്ളിലേക്ക്‌ നീട്ടും, അവള്‍ തിരിച്ച്‌ അതേ പൊതിയില്‍ അന്നത്തെ എന്തെങ്കിലും പലഹാരം പൊതിഞ്ഞു കെട്ടും. മിഠായിയിലുള്ള കമ്പമല്ല, പലഹാരത്തിനോടുള്ള ആര്‍ത്തിയുമല്ല, ഒരു രസം, രണ്ടു പേരും ഒരുപോലെ രസിച്ചിരുന്ന ഒരു വിനോദം.

ഇത്‌ ഏഴിലോ എട്ടിലോ പഠിക്കുന്ന കാലത്താണ്‌, പിന്നെ താന്‍ കോളേജിലെക്ക്‌ പോയപ്പോള്‍ മിഠായിയും പലഹാരങ്ങളും എല്ലാം നിന്നു. പുതിയ സുഹൃത്തുക്കളും, ലോകവും, വിദ്ധ്യാര്‍ത്തി രാഷ്ട്രീയവുമായുള്ള പരിചയപ്പെടലും തന്നില്‍ മാറ്റങ്ങളുണ്ടാക്കിയിരിക്കണം. മനസ്സില്‍ മൊട്ടിട്ടിരുന്ന പ്രണയത്തിന്‌ പിന്നീട്‌ പ്രാധാന്യം കുറഞ്ഞിരിക്കണം. കണ്ടു മുട്ടിയ ചില വേളകളില്‍ സ്റ്റെല്ല അത്‌ സൂചിപ്പിച്ചിട്ടുമുണ്ട്‌. പിന്നെ ക്രമേണ ആ കണ്ടുമുട്ടലുകളും കുറഞ്ഞു, ചെറുപ്പത്തിലുണ്ടയിരുന്ന ഇഷ്ടം പാടെ മാഞ്ഞു പോയില്ലെങ്കിലും, രണ്ടു പേരും അതിനെ കുറച്ച്‌ പറയാതായി. അപൂര്‍വ്വം വല്ലപ്പോഴും കാണുമ്പോള്‍ ചിരിക്കും, സംസാരിക്കും അന്വേഷണങ്ങള്‍ കൈമാറും അത്രമാത്രം.

സ്റ്റെല്ലയുടെ അപ്പന്‍ ഗ്രാമീണ്‍ ബാങ്കിലെ ക്ലര്‍ക്കായിട്ട്‌ കഴിഞ്ഞ വര്‍ഷമാണ്‌ പിരിഞ്ഞത്‌. പിരിഞ്ഞപ്പോള്‍ കിട്ടിയ പണത്തില്‍ നിന്നെടുത്ത്‌ സ്റ്റെല്ലയുടെ അനിയന്‍ തോമസ്സിനെ കോയമ്പത്തൂര്‌ എഞ്ജിനീറിംഗ്‌ പാഠിക്കാനയച്ചു. പഠിത്തം കഴിഞ്ഞാല്‍ ഗള്‍ഫിലേക്ക്‌ വിസ തരപ്പെടുത്താം എന്ന് സെല്ലയുടെ ഗള്‍ഫിലുള്ള അമ്മാമന്‍ വാക്കും കൊടുത്തിട്ടുണ്ട്‌. ആയിടക്ക്‌ താനും കോളേജ്‌ കഴിഞ്ഞ്‌ വീട്ടില്‍ കുത്തിയിരിപ്പായി, കൂട്ടിന്‌ അജയനും മജീദുമുണ്ടായിരുന്നു. റിട്ടയര്‍മന്റ്‌ ജീവിതം നയിക്കുന്ന സ്റ്റെല്ലയുടെ അപ്പനായും അടുത്തിടപിഴകാന്‍ തുടങ്ങി, കൂടെ കൂടെ അവിടെ പോയി സംസാരിച്ചിരിക്കും. മതിലിലെ പൊത്തിലുടെ വടി നീട്ടി പണ്ട്‌ പൊതിഞ്ഞു കിട്ടിയിരുന്ന അതേ പലഹാരങ്ങള്‍ കൈ നീട്ടി മുന്‍വാതിലിലൂടെ പ്ലേറ്റില്‍ കിട്ടിത്തുടങ്ങി.

എവിടെയോ നിര്‍ത്തിവച്ചിരുന്ന ആ പ്രണയഗാഥക്ക്‌ അധ്യായങ്ങള്‍ ഒന്നൊന്നായി കൂടി തുടങ്ങി. ബീച്ച്‌, പാര്‍ക്ക്‌, ലൈബ്രറി എന്നീയിടങ്ങളില്‍ പ്രണയത്തിന്റെ പേരില്‍ പലതും ചര്‍ച്ച ചെയ്യപ്പെട്ടു. രാജ്യം, സ്നേഹം, രാജ്യ സ്നേഹം, രാഷ്ട്രീയം, സിനിമ, കവിത, പുസ്തകം, പുരാണം, ബൈബിള്‍, ഖുറാന്‍, ഇതിഹാസം, ലോകമഹായുദ്ധം, മതം, മനുഷ്യന്‍ എന്നിങ്ങനെ നഷ്‌ടപെട്ട ദിനങ്ങള്‍ വീണ്ടെടുക്കാന്‍ തങ്ങള്‍ ഇരുവരും ഇക്കാലമത്രയും കൈവരിച്ച അറിവും അനുഭവങ്ങളും അന്യോന്യം പങ്കു വച്ചു.

മതിലിന്റെ കിളിവാതിലിലൂടെ അപ്പുറത്തു കണ്ടിരുന്ന സ്റ്റെല്ല അവളുടെ ഗ്രാമീണ ചിന്തകളില്‍ നിന്നും വളരെയേറെ വളര്‍ന്നിരുന്നു. അവളുടെ അറിവ്‌ മതിലുകളും, നാടുകളും, മതങ്ങളും കടന്ന് പുതിയ മേഖലകളില്‍ ചെന്നെത്തിയിരിക്കുന്നു. ഏത്‌ വിഷയത്തിലും ഒരെപോലെ താല്‍പര്യം പ്രകടിപ്പിക്കുന്ന അധികം പേരെ താന്‍ കണ്ടിട്ടില്ല. ഇവിടെ താല്‍പര്യം മാത്രമല്ല, പലതിലും വളരെ ഗഹനമായ അറിവും വ്യക്തമായ അഭിപ്രായവുമുണ്ട്‌.

കഴിഞ്ഞ ഞായറാഴ്‌ച്ച ബസ്സ്റ്റോപ്പില്‍ നിന്നും നടന്നു വരുന്ന വഴി അവള്‍ ചോദിച്ചു.
“പീറ്റര്‍ എന്താണ്‌ ഭാവി പരിപാടി”
പലതും ചര്‍ച്ച ചെയ്തെങ്കിലും ഒരിക്കലും ഭാവിയെ പറ്റി സംസാരിച്ചിട്ടില്ല.
സത്യം പറഞ്ഞാല്‍ ഒന്നും ആലോചിച്ചിട്ടുണ്ടായിരുന്നില്ല.

എന്തെങ്കിലും പറയുന്നതിനു മുന്‍പെ അവള്‍ തുടര്‍ന്നു
“ഞാന്‍ വിഷമിപ്പിക്കാന്‍ ചോദിച്ചതല്ല പീറ്ററിന്റെ കുഴപ്പമല്ല ഇത്‌. ഇന്നത്തെ നമ്മുടെ തലമുറയുടെ പ്രശ്നമാണ്‌. ഹൂമണിസ്റ്റുകള്‍ കന്‍ഫൂസ്ഡാകുന്നു. പറയാന്‍ എല്ലാമുണ്ട്‌, പഠിത്തം, ജോലി സാധ്യത, സൊഫ്റ്റ്‌വേറിലും ഇലക്ട്രോണിക്സിലും പുതിയ മാനങ്ങളിലേക്ക്‌ എത്തിപിടിച്ച്‌ ലോകത്തില്‍ വച്ച്‌ തന്നെ ഏറ്റവും അധികം നോളേജ്‌ വര്‍ക്കേര്‍സ്സുള്ള ഇന്ത്യാ മഹാരാജ്യത്തെ പൌരന്‍. എങ്കിലും എന്തോ ഒരു കുറവ്‌, അത്‌ പണത്തിന്റേയും, പവറിന്റേയും എന്നും കരുതി അതു നേടാന്‍ വീണ്ടും മുന്നോട്ടോടുന്നവരാണ്‌ ഒട്ടുമുക്കാലും. അവിടെ പീറ്ററിനെ പോലെ ചിലര്‍ കണ്‍ഫ്‌യൂസ്ഡായി നില്‍കുന്നു, പിന്നീട്‌ ഫേയിലിയര്‍സായി മുദ്രകുത്തപ്പെടാന്‍. പീറ്ററിനെ കണ്‍ഫ്‌യൂസ്ഡാക്കുന്നത്‌ സ്വന്തം മനുഷ്യത്വം തന്നെയാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, അങ്ങിനെ ചിന്തിച്ചാല്‍… അല്ല ചിന്തിച്ചു നോക്കു.”

“ചിന്തിച്ചാല്‍….. ചിന്തിച്ചാല്‍…..

“ഹണീ… ഹണീ….” ഞേട്ടി തിരിഞ്ഞു കണ്ണുകള്‍ തിരുമ്മി നോക്കി.

“ആര്‍ യൂ സ്ലീപ്പിംഗ്‌, ദി സെക്രെട്ടറി ആന്‍ഡ്‌ വൈഫ്‌ ഇസ്‌ റെഡി ലെറ്റ്‌ അസ്‌ ഗോ”

മാര്‍ത്ത, കഴിഞ്ഞ ഇരുപതു വര്‍ഷമായി തന്റെ നിഴലായി ലോകം മുഴുവന്‍ ചുറ്റി തിരിയുന്ന തന്റെ ജിപ്സി വൈഫ്‌. ന്യൂയോര്‍ക്കില്‍ തമ്പടിച്ചിരുന്ന തങ്ങളെ വീട്ടിലേക്ക്‌ ക്ഷണിക്കാന്‍ അവിടത്തെ ഇന്ത്യന്‍ അസ്സോസിയേഷന്‍ സെക്ര്ട്ടറി (സം ക്രീപ്പ്‌) അയാളുടെ ഭാര്യയേയും കൊണ്ട്‌ താഴെ നില്‍പ്പുണ്ടത്രെ. ഇതിലും ഭേദം ഓര്‍മ്മകള്‍ വീര്‍പ്പുമുട്ടിക്കുന്ന അതേ ലോകത്തിലേക്ക്‌ തിരിച്ചു പോകുന്നതായിരിക്കും സ്റ്റെല്ല, അജയന്‍, മജീദ്‌, അപ്പച്ചന്‍, നായര്‍ അങ്ങിനെ എത്ര മുഖങ്ങള്‍.

അജയന്‍, അവനാളു മിടുക്കനാണ്‌, അവന്‍ പറഞ്ഞപോലെ നാടു വിട്ടിട്ട്‌ ഇപ്പോള്‍ വര്‍ഷം ഇരുപത്തഞ്ചായി. മലയാളം പഠിക്കാന്‍ വന്ന മാര്‍ത്തയെന്ന സ്വിറ്റ്‌സര്‍ലാണ്ടുകാരിയെ കണ്ടുമുട്ടുന്നത്‌ തൊട്ട്‌ ഇന്നു വരെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സ്വന്തമെന്നല്ല ഒരു നാട്ടിലും നിന്നിട്ടില്ല.

പഴയ ഓര്‍മ്മകള്‍ എവിടെ നിന്ന് തുടങ്ങിയാലും എന്നും സ്റ്റെല്ലയുടെ ആ വാക്കുകളില്‍ ചെന്നേ നിന്നിട്ടിള്ളു. അതിനു ശേഷം നടന്ന സംഭവങ്ങളില്‍ തനിക്ക്‌ കുറ്റബൊധം ഉണ്ടോ, അതുകൊണ്ട്‌ മനപ്പൂര്‍വം ഒര്‍മ്മിക്കാത്തതാണോ. സ്റ്റെല്ലയുടെ വാക്കുകള്‍ തന്റെ മനസ്സിനെ പല വഴികളിലും സഞ്ചരിപ്പിച്ചു. തന്റെ ഹ്യുമണിസ്റ്റ്‌ ചിന്തകളുടെ പേരില്‍ നാളെ ഈ ലോകത്തില്‍ ഒരു തോല്‍വിയുടെ പ്രതീകമായി കഴിയേണ്ടി വരുന്നതിനെ പറ്റി അലോചിച്ച്‌ വളരെയേറെ ഭയന്നു എന്നതാണ്‌ സത്യം. ആ ഭയം തന്നെ പലതില്‍ നിന്നും അകറ്റി, താന്‍ വളരേ അധികം മനസ്സിനോട്‌ അടുപ്പിച്ച്‌ വച്ച എല്ലാത്തില്‍ നിന്നും താന്‍ അകന്നു, സ്റ്റെല്ലക്കായിരുന്നു ആദ്യം ആ അകല്‍ച്ച മനസ്സിലായത്‌. അതിനെ കുറിച്ച്‌ സംസാരിക്കാന്‍ തന്നെയായിരിക്കണം തന്നെയും കൂട്ടുകാരേയും അന്ന് അത്താഴത്തിന്‌ ക്ഷണിച്ചത്‌. സ്റ്റെല്ലയുടെ വീടിനു മുന്‍പില്‍ ആ ജീവനില്ലാത്ത പരുന്തിന്റെ പ്രതിമക്കു മുന്‍പില്‍ അല്‍പനേരം നിന്നിട്ട്‌, സ്റ്റെല്ല പറഞ്ഞതു പോലെ തന്റെ ഉള്ളിലെ ആ കണ്‍ഫ്‌യൂസ്ഡ്‌ ഹ്യൂമണിസ്റ്റിനേ ആ പ്രതിമയെ പോലെ നിര്‍ജീവമാക്കി തിരിഞ്ഞു നടന്നതാണ്‌.

തന്നില്‍ നിന്നു തന്നെയാണ്‌ അന്ന് താന്‍ തിരിഞ്ഞു നടന്നത്‌, പിന്നെ ട്രേയിനില്‍, കാറില്‍, വിമാനത്തില്‍ അങ്ങനെ നില്‍ക്കാതെ യാത്ര ചെയ്തു. ഒരിക്കലും ചെയ്യരുതെന്ന്‌ കരുതിയ പലതും ചെയ്തു, പല രാജ്യങ്ങളുടെയും “മോസ്റ്റ്‌ വാണ്ടഡ്‌ ലിസ്റ്റില്‍” പേരു വന്നു. കോളേജില്‍ പണ്ടുണ്ടായ ഒരു പോലിസ്‌ കേസുകാരണം പാസ്പ്പോര്‍ട്ട്‌ കിട്ടില്ലെന്നറിയാവുന്നത്‌ കൊണ്ടാണ്‌ അജയന്‍ പറഞ്ഞപ്പോള്‍ പരിഹസിച്ച്‌ തള്ളി കളഞ്ഞത്‌. ഇന്നിതാ പല പേരുകളിലും, രൂപങ്ങളിലും, പല രാജ്യങ്ങളുടെ മുദ്ര കുത്തിയ പസ്പോര്‍ട്ടുകളുടെ ശേഖരം തന്നെയുണ്ട്‌. താനിപ്പോള്‍ പീറ്ററല്ല, കഴിഞ്ഞ അഞ്ചു വര്‍ഷമായി താന്‍ ലണ്ടന്‍ നഗരത്തിലെ അറിയപ്പെടുന്ന വ്യവസായിയാണ്‌ പേര്‌ ലക്ഷ്മണന്‍ നായര്‍. മലയാളി സമാജത്തിനും ഇന്ത്യന്‍ അസ്സോസിയേഷനും വാരിക്കോരി സംഭാവന കൊടുക്കുന്ന ഏറ്റവും അഡ്‌മയര്‍ഡ്‌ ഡോണര്‍.

മനുഷ്യത്ത്വം കൈവെടിയാതെ ജീവിതത്തില്‍ മുന്നേറിയാല്‍ തോല്‍വിയെന്ന് ലോകം മുദ്രകുത്തിയാലും, താന്‍ ഒരു വിജയമായിരിക്കും എന്ന് പറയാനായിരിക്കണം സ്റ്റെല്ല ശ്രമിച്ചത്‌.

“പീറ്ററിനെ കണ്‍ഫ്‌യൂസ്ഡാക്കുന്നത്‌ സ്വന്തം മനുഷ്യത്ത്വം തന്നെയാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ….” എന്ന്‌ ചോദിച്ചപ്പോള്‍ തീര്‍ച്ചയായും സ്റ്റെല്ലയുടെ മനസ്സ്‌ പിന്നീട്‌ പീറ്ററിന്റെ ഇങ്ങനെയൊരു പരിണാമം പ്രതീക്ഷിച്ചിരിക്കില്ല.

ലോകം മുഴുവന്‍ കാണുന്ന വിജയശ്രീലാളിതനായ ലക്ഷ്മണന്‍ നായരുടെ ഉള്ളില്‍ എന്നോ പരാജിതനായ പീറ്റര്‍…

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s